CSMT-യിൽ 'അമ്മ' തീർത്ത പൂക്കളവിസ്മയം പത്താം വർഷത്തിലും ചരിത്രം

സെപ്റ്റംബർ 4 മുതൽ 6 വരെ ലക്ഷക്കണക്കിന് ആളുകൾക്ക് ദൃശ്യവിരുന്നൊരുക്കിയ പൂക്കളം, മുംബൈ നഗരത്തിന്റെ ഓണാഘോഷ സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകിയ ഒരു ദശാബ്ദത്തിന്റെ പ്രതീകം കൂടിയായി മാറി

author-image
Honey V G
New Update
ndnddnn

മുംബൈയുടെ ഓണാഘോഷങ്ങൾക്ക് ജനകീയമുഖം നൽകിയ ദശാബ്ദം

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലെ (CSMT) ജനസഞ്ചയത്തിന് നടുവിൽ ഓൾ മുംബൈ മലയാളി അസോസിയേഷൻ ('അമ്മ') ഒരുക്കിയ വർണ്ണപ്പൂക്കളം, പത്താം വാർഷികത്തിലും ചരിത്രവിജയം ആവർത്തിച്ചു.

CSMT റെയിൽവേ സ്റ്റേഷനിൽ 2008-ലെ മുംബൈ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവർപ്പിച്ച് 'മനുഷ്യ സമാധാനം' എന്ന പ്രമേയത്തിൽ ഒരുക്കിയ ഈ കലാസൃഷ്ടി, തിരുവോണ നാളിൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ കാണുകയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്ത പൂക്കളം എന്ന ഖ്യാതി നിലനിർത്തി.

സെപ്റ്റംബർ 4 മുതൽ 6 വരെ ലക്ഷക്കണക്കിന് ആളുകൾക്ക് ദൃശ്യവിരുന്നൊരുക്കിയ പൂക്കളം, മുംബൈ നഗരത്തിന്റെ ഓണാഘോഷ സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകിയ ഒരു ദശാബ്ദത്തിന്റെ പ്രതീകം കൂടിയായി മാറി.

മലയാളികളുടെ മാത്രം ആഘോഷം എന്നതിലുപരി, മുംബൈയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ ഭാഗമായി ഓണത്തെ പ്രതിഷ്ഠിക്കാൻ CSMT-യിലെ ഈ ജനകീയ പൂക്കളത്തിന് സാധിച്ചുവെന്ന് സംഘാടകർ അവകാശപ്പെട്ടു.

 "ഈ ജനകീയ പൂക്കളത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇന്ന് നിരവധി ഓഫീസുകളിലും പാർപ്പിട സമുച്ചയങ്ങളിലും അന്യഭാഷാ സുഹൃത്തുക്കൾ പോലും ഓണം ആഘോഷിക്കുന്നു.അവർ കൂട്ടമായി ഇവിടെയെത്തി ചിത്രങ്ങളെടുക്കുന്നത് കാണുമ്പോൾ, ഈ ദൗത്യം എത്രത്തോളം വിജയകരമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു," എന്ന് 'അമ്മ' പ്രസിഡൻ്റും മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവുമായ ജോജോ തോമസ് പറഞ്ഞു.

ഗണപതി ആഘോഷങ്ങളുടെ തിരക്കിനിടയിലും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്, നൂറുകണക്കിന് പ്രവർത്തകർ ഉത്രാടം രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞാണ് 589 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ദൗത്യം പൂർത്തിയാക്കിയത്.

പൂക്കളത്തിന്റെ ജനകീയത

 റെയിൽവേയുടെ കണക്കുകൾ ദിവസവും 52 ലക്ഷത്തോളം യാത്രക്കാർ എത്തിച്ചേരുന്ന CSMT സ്റ്റേഷനിൽ, കഴിഞ്ഞ രണ്ടു ദിവസമായി 20 ലക്ഷത്തിലധികം പേർ പൂക്കളം കണ്ടതായി 'അമ്മ' ഭാരവാഹികൾ പറഞ്ഞു.

ഒരു മിനിറ്റിൽ 680-ലധികം പേർ പൂക്കളം കണ്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2018-ൽ 26 ലക്ഷം പേർ പൂക്കളം കണ്ടതായി റെയിൽവേ അധികൃതർ പറഞ്ഞിരുന്നതായും അവർ കൂട്ടിച്ചേർത്തു. 'അമ്മ' പ്രസിഡന്റ് ജോജോ തോമസിന്റെ നേതൃത്വത്തിൽ, ചിത്രകാരനായ പ്രശാന്ത് ആലപ്പി രൂപകൽപ്പന ചെയ്ത ഈ ബൃഹദ്ദൗത്യത്തിന് പിന്നിൽ സംഘടനയുടെ ഭാരവാഹികളും പ്രവർത്തകരുമായ ജോയി നെല്ലൻ, നിമ്മി മാത്യു, ജിനേഷ്, സച്ചിൻ, ടിറ്റി തോമസ്, രാധ അയ്യർ, ഡൊമിനിക് പത്രോസ്, ഡെന്നി ജോർജ്, ഷിബു വർഗീസ്, സെബാസ്റ്റ്യൻ ജേക്കബ്, അൻസു മോൾ, മെർലിൻ, അനിൽ കുമാർ, ജിൻറ്റോ, മൊയ്തുട്ടി, വിജയകുമാർ, സതി, ഇവോൺ സുറാവു, ജയശ്രീ മേശ്രാം, ഭാരതി മാരു, അസുന്ത, വനിത തുടങ്ങിയവർ പൂക്കള നിർമിതിയിൽ പങ്കാളികളായി.

ndndnd

പൂക്കളമിടുന്നതിൽ പങ്കാളിയായവർക്ക് ഭക്ഷണവും വെള്ളവും, തിരുവോണ ദിവസം അവിടെ എത്തി സഹകരിച്ചവർക്ക് ഓണസദ്യയും നൽകിയത് അക്ബർ ട്രാവൽസിന്റെ ബെൻസി ഹോട്ടലായിരുന്നു.

ndndndn

അന്യഭാഷാ റെയിൽവേ ജീവനക്കാർക്കും പൂക്കളം കാണുവാൻ അതിഥികളായി എത്തിയവർക്കും ഇലയിൽ ഓണസദ്യ കഴിച്ചത് വേറിട്ട അനുഭവമായി മാറി. 

പൂക്കളത്തിനു ചുറ്റും സെൽഫി എടുക്കുവാൻ തിക്കും തിരക്കുമായിരുന്നതുകൊണ്ട്, പൂക്കളം നീക്കം ചെയ്യുന്നതിനെ കാഴ്ചക്കാർ ചോദ്യം ചെയ്യുകവരെ ഉണ്ടായി. പൂക്കളം ജനപ്രിയമായതിന്റെ സൂചനയാണിതെന്ന് സംഘാടകർ പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥർ, സാമൂഹ്യ, രാഷ്ട്രീയ, വ്യാവസായിക രംഗങ്ങളിലെ പ്രമുഖർ പൂക്കളം കാണുവാനും ആശംസ അർപ്പിക്കാനുംവേണ്ടി ഇത്തവണ എത്തിച്ചേർന്നിരുന്നതായി ജോജോ തോമസ് പറഞ്ഞു.

കാണികളുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്ത് ആർ.പി.എഫ്. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ശനിയാഴ്ച രാത്രിയോടെ പൂക്കളം നീക്കം ചെയ്യുന്ന രാത്രി 11 മണിക്കും സെൽഫി എടുത്തും ആൾക്കൂട്ടം അതിനു ചുറ്റും നിൽക്കുന്നുണ്ടായിരുന്നു. അങ്ങനെ മുംബൈയുടെ ഹൃദയത്തിൽ അത് വർണ്ണോജ്വലമായ ഓർമ്മകൾ ബാക്കിവെച്ചു.