/kalakaumudi/media/media_files/2025/09/01/nsnsnsn-2025-09-01-14-44-29.jpg)
മുംബൈ:കേരളത്തിന് പുറത്തുള്ള ഏറ്റവും പഴക്കം ചെന്ന മലയാളി സംഘടനകളിൽ ഒന്നായ ദാദർ നായർ സമാജത്തിന്റെ ശതാബ്‌ദി ആഘോഷം പ്രൗഡ ഗംഭീരമായി.
ഒരു നൂറ്റാണ്ട് പിന്നിട്ട ഈ മലയാളി കൂട്ടായ്മയുടേ ആഘോഷങ്ങൾക്ക് മുളുണ്ട് കാളിദാസ് ഓഡിറ്റോറിയമാണ് വേദിയായത്. ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ മുംബൈയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രവർത്തകരും എത്തിയിരുന്നു.
ആഗസ്റ്റ് 30 വൈകുന്നേരം 3.00 മുതൽ രാത്രി 10.00 വരെയായിരുന്നു ശതാബ്‌ദി ആഘോഷങ്ങൾ നടന്നത്. കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കേരള സർക്കാർ മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ IAS, മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനും ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി തുടങ്ങിയവർ സാംസ്കാരിക സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
അതേസമയം എന്തിനെയും അതിജീവിക്കാനുള്ള മലയാളിയുടെ കഴിവിനെ കുറിച്ച് കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രശംസിച്ചു. "100 വർഷങ്ങൾക്ക് മുമ്പ് മലയാളി തൊഴിൽ അവസരങ്ങൾ തേടിയാണ് മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറിയത്.കേരളം അന്ന് പിന്നോക്ക അവസ്ഥയിലായിരുന്നു.പക്ഷെ നമ്മൾ മലയാളികൾക്ക് എന്തിനെയും അതിജീവിക്കാനുള്ള ശക്തിയുണ്ടെന്നും,അതൊരു വലിയ പ്രത്യേകതയാണെന്നും."അദ്ദേഹം പറഞ്ഞു.
മലയാളികളുടെ കുടിയറ്റത്തെ കുറിച്ചും മുംബൈയിൽ ദാദർ നായർ സമാജം ചെയ്തു വന്ന നല്ല പ്രവർത്തനങ്ങളെ കുറിച്ചും മൂവരും വേദിയിൽ പ്രശംസിച്ചു.
സച്ചിൻ മേനോന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമാജം പ്രസിഡന്റ് പി പി സുരേഷ്, സെക്രട്ടറി ഉണ്ണി മേനോൻ, ട്രഷറർ എൻ വി പ്രഭാകരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. മുപ്പത് വർഷം സംഘടനയുടെ ചെയർമാനായി തുടരാൻ കഴിഞ്ഞതിൽ അഭിമാനം പങ്ക് വച്ച സച്ചിൻ മേനോൻ സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിലേക്ക് യുവാക്കൾ കടന്നു വരണമെന്ന് ആവശ്യപ്പെട്ടു.
ഭാഷയും സംസ്കാരവും നഗരത്തിൽ സംരക്ഷിക്കപ്പെടണമെന്നും ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുത്തവർക്കാണ് വിജയം വെട്ടിപ്പിടിക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും സച്ചിൻ മേനോൻ ഓർമിപ്പിച്ചു.
1920-കളിൽ അന്നത്തെ ബോംബെയിലെത്തിയ യുവാക്കളാണ് 1923-ൽ മാഹിമിൽ നായർ സമാജത്തിന് രൂപം നൽകിയത്. അക്കാലത്ത് യുവാക്കളുടെ വാസസ്ഥലമായിരുന്നു അത്. അതാണ് പിന്നീട് ദാദറിലേക്കു മാറിയതും വലിയ പ്രസ്ഥാനമായതും. കുഞ്ഞപ്പൻ നായരാണ് സമാജത്തിന് തുടക്കം കുറിച്ചത്.
സാംസ്കാരിക സമ്മേളനത്തിനു ശേഷം വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ഗുരു ലക്ഷ്മി സിബി സത്യൻ & സംഘം (ഖാർഘർ നായർ സമാജം) അവതരിപ്പിച്ച മഹാകാളി കീര്ത്തനം, ഗുരു ഡോ. ചിത്ര വിശ്വനാഥൻ & സംഘം (അഭിനയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് & ഫൈൻ ആർട്സ്, വസായ്) അവതരിപ്പിച്ച ശിവശക്തി. നായർ വെൽഫെയർ അസോസിയേഷൻ, ഡോംബിവ്‌ലി അവതരിപ്പിച്ച അദ്വൈത നൃത്ത്യം, അരവിന്ദ് നായർ, ഋതുരാജ്, നന്ദ ജി ദേവൻ, ബാലറാം, മേഘ്ന സുമേഷ്, അനുഷ്ക ശ്രീനിവാസൻ, ശ്യാമളി, ലിതി എന്നിവർ ചേർന്നൊരുക്കിയ ഗാനാഞ്ജലി കൂടാതെ പ്രശസ്ത നർത്തകി ഉത്തര ശരത്തും സംഘവും അവതരിപ്പിച്ച നൃത്താഞ്ജലിയും ശതാബ്‌ദി ആഘോഷത്തിന് മാറ്റ് കൂട്ടി.ചലച്ചിത്ര നടി ആശാ ശരത്തിന്റെ മകളും കലാമണ്ഡലം സുമതിയുടെ കൊച്ചുമകളുമാണ് ഉത്തര.ചടങ്ങിൽ പ്രസിഡന്റ് സുരേഷ് കുമാർ സ്വാഗതം പറഞ്ഞപ്പോൾ സെക്രട്ടറി ഉണ്ണി മേനോൻ നന്ദി പ്രകാശിപ്പിച്ചു.ശതാബ്‌ദി ആഘോഷത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ഗിരീഷ് നായരും പ്രസാദ് ഷൊർണൂർ അവതാരകനുമായിരുന്നു.