/kalakaumudi/media/media_files/2025/08/30/hdjdjdn-2025-08-30-07-33-53.jpg)
മുംബൈ:കേരളത്തിന് പുറത്തുള്ള ഏറ്റവും പഴക്കം ചെന്ന മലയാളി സംഘടനകളിൽ ഒന്നാണ് ദാദർ നായർ സമാജം.ഒരു നൂറ്റാണ്ട് പിന്നിട്ട ഈ മലയാളി കൂട്ടായ്മയുടേ ആഘോഷങ്ങൾക്ക് വേദിയാവുകയാണ് മുളുണ്ട് കാളിദാസ് ഓഡിറ്റോറിയം.ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ മുളുണ്ട് ഒരുങ്ങി കഴിഞ്ഞു.
ഇന്ന് വൈകുന്നേരം 3.00 മുതൽ രാത്രി 10.00 വരെ ശതാബ്‌ദി ആഘോഷങ്ങൾ നടക്കും.
കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കേരള സർക്കാർ മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ IAS, മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനും ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി തുടങ്ങിയവർ സാംസ്കാരിക സമ്മേളനത്തിൽ സന്നിഹിതരായിരിക്കും. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.
1920-കളിൽ അന്നത്തെ ബോംബെയിലെത്തിയ യുവാക്കളാണ് 1923-ൽ മാഹിമിൽ നായർ സമാജത്തിന് രൂപം നൽകിയത്. അക്കാലത്ത് യുവാക്കളുടെ വാസസ്ഥലമായിരുന്നു അത്. അതാണ് പിന്നീട് ദാദറിലേക്കു മാറിയതും വലിയ പ്രസ്ഥാനമായതും. കുഞ്ഞപ്പൻ നായരാണ് സമാജത്തിന് തുടക്കം കുറിച്ചത്.
സാമൂഹികസേവനം, കേരളകലകൾ, ആയുർവേദ പ്രചാരണ ദേശീയ ഏകീകരണം എന്നീ ലക്ഷ്യങ്ങളിൽ സജീവമായ പ്രവർത്തനങ്ങൾക്കു വേദിയായി. മുംബൈയിൽ മലയാളികൾക്കു സാമൂഹികവും സാമ്പത്തികവുമായ പിന്തുണാ സംവിധാനം ഇല്ലാതിരുന്ന സമയത്ത് ജോലി ലഭിക്കാനും വിദ്യാഭ്യാസം നേടാനുമുള്ള സഹായം, വിവാഹസഹായം, വൈദ്യസഹായം എന്നിവ നായർ സമാജം നൽകിയിരുന്നെന്നു ജനറൽ സെക്രട്ടറി ഉണ്ണി മേനോനും പ്രസിഡൻ്റ് പി.പി. സുരേഷും പറഞ്ഞു.
പുരുഷന്മാർക്കായുള്ള കമ്യൂണിറ്റി ഹോസ്റ്റൽ, ആയുർവേദ ക്ലിനിക്, കമ്യൂണിറ്റി ഹാൾ എന്നിവയാണ് സമാജം കെട്ടിടത്തിലുള്ളത്. സമാജം ഹോസ്റ്റലിൽ താമസിച്ചിരുന്ന ഒട്ടേറെ പേർ പിന്നീട് പ്രൊഫഷണൽ രംഗത്തും വ്യവസായ-കലാമേഖലയിലും ഉയരങ്ങളിലെത്തിയിട്ടുണ്ട്.