/kalakaumudi/media/media_files/2026/01/10/mdndndn-2026-01-10-11-37-15.jpg)
മുംബൈ : മുംബൈയിലെ കൊളാബ–ഫോർട്ട്–മനീഷ് മാർക്കറ്റ്–ചർച്ച്ഗേറ്റ് മേഖല ഉൾപ്പെടുന്ന വാർഡ് 225-ൽ ആം ആദ്മി പാർട്ടിയുടെ (AAP) സ്ഥാനാർത്ഥിയായി ദീപക് സിലാൻ ജനവിധി തേടുന്നു.
യുവത്വവും സാമൂഹിക പ്രവർത്തന പരിചയവും ഒരുമിക്കുന്ന സ്ഥാനാർത്ഥിയായി ദീപക് സിലാൻ ഇതിനകം തന്നെ പ്രദേശത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു.
വസ്ത്ര വ്യാപാരവും ഇന്റീരിയർ ഡിസൈൻ രംഗവും കൈകാര്യം ചെയ്യുന്ന ദീപക് സിലാൻ, രാഷ്ട്രീയത്തിന് പുറമേ സാമൂഹ്യ സേവന രംഗത്തും സജീവ സാന്നിധ്യമാണ്. സമൂഹത്തിന്റെ നന്മ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്.
നഗരവികസനത്തിനൊപ്പം സാധാരണക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കാണണമെന്നതാണ് അദ്ദേഹത്തിന്റെ മുഖ്യ അജണ്ട.
സാമൂഹ്യ പ്രവർത്തകനും മലയാളിയുമായ രാജൻ സിലാൻ ആണ് പിതാവ്. മഹാരാഷ്ട്ര സ്വദേശിനിയായ നിഷാ പാട്ടിൽ മാതാവ്.
ആർമി സ്കൂളിലും സെന്റ് ജോസഫ് ഹൈസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം നേടിയ ദീപക്, എൽഫിൻസ്റ്റൺ കോളേജിൽ നിന്നാണ് ബിരുദം പൂർത്തിയാക്കിയത്.
സാമൂഹി വിഷയങ്ങളിൽ തുറന്ന നിലപാടുകളുമായി മുന്നോട്ടുവരുന്ന ദീപക് സിലാൻ മൃഗസ്നേഹിയായും അറിയപ്പെടുന്നു. തെരുവുമൃഗങ്ങളുടെ സംരക്ഷണം, പരിസ്ഥിതി ബോധവൽക്കരണം, യുവജന പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ അദ്ദേഹം നേരത്തെ തന്നെ ഇടപെട്ടിട്ടുണ്ട്.
രാഷ്ട്രീയമെന്നത് അധികാരമല്ല, സേവനമാകണം എന്ന ആശയമാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പിന്നിൽ. യുവത്വത്തിന് പ്രതീക്ഷയാകുന്ന മുഖങ്ങളെയാണ് തങ്ങൾക്ക് വേണ്ടതെന്ന സന്ദേശവുമായി ആം ആദ്മി പാർട്ടി രംഗത്തിറക്കിയ ദീപക് സിലാൻ, കൊളാബയിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.
വികസനവും സുതാര്യതയും ഉത്തരവാദിത്തവും മുന്നിൽവെക്കുന്ന ഈ യുവ സ്ഥാനാർത്ഥി, വാർഡ് 225-ൽ മാറ്റത്തിന്റെ ശബ്ദമാകുമോ എന്നത് ഇനി വോട്ടർമാരുടെ തീരുമാനമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
