/kalakaumudi/media/media_files/2025/07/23/chorkktnnnn-2025-07-23-21-17-37.jpg)
മുംബൈ:കോവിഡ് ആരംഭിച്ച ശേഷമുള്ള ആദ്യ ലോക്ഡൗൺ സമയത്താണ് ദേവന ശ്രിയ എന്ന കൊച്ചു ഗായികയെ മലയാളികൾ ആദ്യം കാണാനിടയായത്.
വീടിന് പുറത്ത് കളിക്കുകയായിരുന്ന ദേവന ശ്രീയ അന്ന് വെറുതെ ഇരുന്ന് ഒരു പാട്ട് പാടിയിരുന്നു.പവിത്രം എന്ന ചിത്രത്തിലെ 'ശ്രീരാഗമോ തേടുന്നു നീ വീണ തൻ പൊൻ തന്തിയിൽ "എന്ന ഗാനം.അമ്മ ശാരി തന്റെ മൊബൈൽ ഫോണിൽ അതിൻെറ വീഡിയോയെടുത്ത് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.ഇത് ആദ്യം കണ്ട സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ഏറ്റെടുത്തു.പിന്നീട് കേരളം മുഴുവനും വൈറലായി ആ വീഡിയോ.പിന്നീട് മലയാളത്തിലുള്ള ഒരു സ്വകാര്യ ചാനലിന്‍റെ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് തിളങ്ങിയതോടെയാണ് ദേവന ശ്രിയ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
നാനാ ഭാഗത്ത് നിന്നും ഒരുപാട് അഭിനന്ദനങ്ങൾ ലഭിച്ച ആ റിയാലിറ്റി ഷോയിൽ അന്ന് വിധി കർത്താക്കളായ എം ജി ശ്രീകുമാർ,ദീപക് ദേവ്,മധു ബാലകൃഷ്ണൻ, അനുരാധ ശ്രീരാം, എന്നിവരോടൊപ്പം പാടാൻ അവസരം ലഭിച്ചത് വലിയ മുതൽ കൂട്ടായി മാറുകയായിരുന്നു.
മലയാളത്തിലെ റിയാലിറ്റി ഷോ യ്ക്കായി പാടിയ വരമഞ്ഞൾ ആടിയ, പ്രണയമണി തൂവൽ, ജൂണിലെ നിലാമഴയിൽ, നിലാവേ മായുമോ, ചക്രവർത്തിനി നിനക്ക് ഞാൻ,എന്നീ ഗാനങ്ങളൊക്കെ മലയാളികൾ മുഴുവൻ ഏറ്റെടുത്തു.സ്വകാര്യ ചാനലിലെ ഈ റിയാലിറ്റി ഷോയിൽ "നൈറ്റിംഗേൾ ഓഫ് ടോപ്പ് സിംഗർ" ആയി തെരഞ്ഞെടുക്കപ്പെട്ടത് വലിയൊരു വഴിത്തിരിവായി.
റിയാലിറ്റി ഷോകളിൽ പാട്ടുകൾ പാടി തിളങ്ങി നിൽക്കുന്ന ദേവന ശ്രിയ കേരളത്തിലും പുറത്തുമായി ഇതുവരെ 300 ലധികം വേദികളിൽ പാടിയതായി അമ്മ ശാരി സാക്ഷ്യപെടുത്തുന്നു. സംഗീത ആസ്വാദകയായ അമ്മ ശാരി തന്നെയാണ് ദേവനയെ പാട്ടിന്റെ വഴിയിലേക്ക് നയിച്ചത്. പ്രോൽസാഹനമായി തൊഴിൽവകുപ്പിൽ ജോലിചെയ്യുന്ന അച്ഛൻ സുരേഷും ഒപ്പം നിന്നു.ഇരുവരുടെയും ഏക മകളായ ഈ കൊച്ചുഗായിക വടക്കുമ്പാട് എച്ച്.എസ്. എസിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഇപ്പോൾ.
ചങ്ങരോത്ത് ഗവ. എൽ.പി സ്കൂ ളിൽ എത്തിയപ്പോൾ കലോത്സവങ്ങളിൽ പാട്ടുപാടി സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നതായി അമ്മ ശാരി ഓർത്തെടുത്തു. മാപ്പിളപ്പാട്ട്, പദ്യംചൊല്ലൽ, ലളിതഗാനം എന്നിവയെല്ലാ മായിരുന്നു ഇഷ്ട ഇനങ്ങൾ.സബ്ജില്ലാതലത്തിൽ സമ്മാനങ്ങൾ ലഭിച്ചതോടെ പേരാമ്പ്ര അക്കാദമി ഓഫ് ആർട്‌സിൽ ചേർന്ന് സംഗീതാധ്യാപിക നീമ ടീച്ചറുടെ ശിക്ഷണത്തിൽ പാട്ട് ശാസ്ത്രീയമായി പഠിച്ചുതുടങ്ങി. അങ്ങനെയിരിക്കെയാണ് സംഗീതപരിപാടിക്കായി ഓഡിഷനിൽ പങ്കെടുത്തത്.തിരഞ്ഞെടു ക്കപ്പെട്ടപ്പോൾ ആദ്യം അത്ഭുതം തോന്നി.പിന്നെ രണ്ടുവർഷമായി എത്രയോ നല്ലഗാനങ്ങൾ ദേവനശ്രീയയുടെ ശബ്ദത്തിൽ ലോകം കേട്ടു.കുടുംബത്തിൻറെയും നാടിൻ്റെ യുമെല്ലാം പ്രോത്സാഹനമാണ് ഗാനരംഗത്ത് ഈ മിടുക്കിയെ ഇന്ന് മുന്നോട്ട് നയിക്കുന്നത്.
എന്നാൽ കഴിഞ്ഞ വർഷം ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ച ഹിന്ദി റിയാലിറ്റി ഷോയിൽ ഗ്രാൻഡ് ഫിനാലെയിൽ റണ്ണർ അപ് ആയതോടെയാണ് ദേവന ശ്രിയ കേരളത്തിന് പുറത്തുള്ള സംഗീത പ്രേമികളുടെകൂടി ഇഷ്ട്ട ഗായികയായി മാറിയത്. 'കുഞ്ഞു' എന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന ദേവന ശ്രിയയിൽ സംഗീതത്തിന്റെ അഭിരുചിയുണ്ടെന്ന് രണ്ട് വയസ്സിൽ തന്നെ തനിക്ക് ബോധ്യപെട്ടതായി അമ്മ ശാരി പറയുന്നു.റിയാലിറ്റി ഷോയിൽ പങ്കെടുക്കുമ്പോൾ ഹിന്ദി പാട്ടുകളുടെ വരികൾ ഗൂഗിളിൽ നിന്നും പരിഭാഷപെടുത്തി അർത്ഥം മനസ്സിലാക്കിയാണ് ഗാനങ്ങൾ ആലപിച്ചിരുന്നത്. 'അങ്ങിനെ ചെയ്താൽ വരികൾ മനസിലേക്ക് വളരെ പെട്ടെന്ന് ആഴ്ന്നിറങ്ങുമെന്നും അത് വളരെ പ്രയോജനപെട്ടതായും ' ഈ കൊച്ചു കലാകാരി അഭിപ്രായപെട്ടപ്പോൾ ഒരുപാട് ആശ്ചര്യമാണ് തോന്നിയത്.
പാട്ട് കഴിഞ്ഞാൽ ചിത്ര രചനയിലും ഡാൻസിലുമാണ് തന്റെ അഭിരുചി എന്ന് പറയുന്ന ദേവനക്ക് ജീവിതത്തിലെ ഏറ്റവും വലിയൊരാഗ്രഹമാണ് പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാനെ നേരിട്ടു കാണണമെന്നുള്ളത്.അതെന്നെങ്കിലും സാധിക്കുമെന്ന് വിശ്വസിക്കുന്നതായും ദേവന പറഞ്ഞു.'അത് എങ്ങനെയാ അവിടേക്ക് എത്തിപെടുക എന്നറിയില്ല,പക്ഷെ ആ ഒരു ഇതിഹാസത്തെ കാണാൻ അതിയായി ആഗ്രഹിക്കുന്നു '. ദേവന ശ്രിയ പറയുന്നു.
മെലഡി ഗാനങ്ങൾ ആണ് കൂടുതൽ ഇഷ്ട്ടപെടുന്ന ദേവന ശ്രിയ പക്ഷെ എല്ലാ തരത്തിലുള്ള പാട്ടുകളും പാടാറുണ്ട്. സംഗീതത്തിൽ ആദ്യ ഗുരു നീമ ടീച്ചർ ആയിരുന്നു വെങ്കിൽ ഇപ്പോൾ സംഗീതം അഭ്യസിക്കുന്നത് സന്തോഷ് പാലേരിയുടെ കീഴിലാണ്.
'മുംബൈയിൽ നടന്ന റിയാലിറ്റി ഷോയിൽ വരുമ്പോൾ ഹിന്ദി ഒട്ടും അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ ആദ്യ ആഴ്ച വളരെ ബുദ്ധിമുട്ട് അനുഭവപെട്ടു.പക്ഷെ അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നോട്ട് പോയത് കൊണ്ട് ഹിന്ദി വളരെ പെട്ടെന്ന് പഠിക്കാൻ സാധിച്ചു'. അമ്മ ശാരി പറഞ്ഞു. ഹിന്ദിയിലെ റിയാലിറ്റി ഷോയിൽ ക്യാപ്റ്റൻ ഡാനിഷ്, നേഹ കക്കർ,അങ്ങിനെ ഓരോരുത്തരും ഒരുപാട് സഹായിച്ചതായി ദേവന ഇന്ന് സ്നേഹത്തോടെ ഓർക്കുന്നു.വലിയ ഇതിഹാസ ഗായകരുടെ മുന്നിൽ പാടാനും അവരോടൊപ്പം ആ സ്റ്റേജിൽ പാടാനും കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായും കരുതുന്നു.
ഉദിത് നാരായണൻ കുമാർ സാനു, മലയാളത്തിൽ കെ എസ് ചിത്ര, സുജാത എല്ലാവരുടെ ഭാഗത്തു നിന്നും ഒരുപാട് സഹകരണം ഉണ്ടായിട്ടുണ്ട്. ഹിന്ദി റിയാലിറ്റി ഷോയിൽ സന്തോഷ് ആനന്ദ് എഴുതിയ 'ഏക് പ്യാർ ക നഗ്മാ ഹെ' എന്ന ഗാനം അദ്ദേഹത്തിന്റെ മുന്നിൽ പാടാൻ അവസരം ലഭിച്ചതാണ് മറക്കാനാവാത്ത ഒരു അനുഭവം. ഗാനത്തിന്‍റെ ഭാവവും അന്തസത്തെയും കൃത്യമായി ഉൾക്കൊണ്ട് പൂർണ നീതിയോടെയാണ് ദേവന ശ്രിയയുടെ വേദിയിലുള്ള പ്രകടനം.ശബ്‌ദ മാധുര്യത്തിൽ മതിമറന്നാണ് വിധികർത്താക്കളിൽ ഒരാളായ നേഹ കക്കർ ചോട്ടി'ലതാ ജി' എന്ന് പോലും അന്ന് വിശേഷിപ്പിച്ചത്.
ദേവിയെന്ന പേരിൽ ഹിന്ദി റിയാലിറ്റി ഷോയിൽ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്നു ഈ കൊച്ചു മിടുക്കി. 'തെരെ മേരെ ബീച്ച് മേ' എന്ന ഹിന്ദി ഗാനം പാടിയതോടെ റിയാലിറ്റി ഷോ സീസണിൽ തന്നെ ഒരു താരമായി ദേവന ശ്രിയ മാറുകയായിരുന്നു.ആ ഗാനം ആലപിക്കുന്നത് കേട്ട വിധികർത്താക്കളും പ്രേക്ഷകരും അക്ഷരാർഥത്തിൽ പ്രകടനം കണ്ട് ഞെട്ടി.ശേഷം മേരെ നൈന,ഹം ദിൽ ദേ ചുക്കെ സനം,ദിൽ ദീവാന,ഗാനങ്ങളൊക്കെയും ജനപ്രീതി വർധിപ്പിച്ചു.ഇതുവരെയുള്ള സംഗീത യാത്രയിൽ പല ഘട്ടങ്ങളിലായി അംഗീകാരം ലഭിച്ചിട്ടുണ്ട്.പക്ഷെ കഴിഞ്ഞ വർഷം ഹൈദരാബാദിൽ വെച്ച് ലഭിച്ച 'ഇന്റർനാഷണൽ ലയൻസ് ക്ലബ്ബിന്റെ എക്‌സലൻസ് മ്യൂസിക് അവാർഡ്' വലിയ നേട്ടമായി കരുതുന്നു.
അതേസമയം മലയാളം ആൽബങ്ങൾക്ക് വേണ്ടി പാടിയിട്ടുള്ള ദേവനയെ തേടി പുതിയ ചില സിനിമകളിലും ആൽബങ്ങളിലും പാടാൻ അവസരം വന്നിട്ടുണ്ട്.
ഒരു കാര്യം ഉറപ്പാണ്,വലുതാകുമ്പോൾ വലിയൊരു സംഗീതജ്ഞ ആവുക എന്നുള്ളതാണ് തന്‍റെ ലക്ഷ്യമെന്ന് അടിവരയിട്ട് പറയുന്ന ദേവന ശ്രിയയെ കാത്തിരിക്കുന്നത് ഒരു വലിയ ലോകമാണ്.ഒപ്പം ഒരുപാട് നേട്ടങ്ങളും.