/kalakaumudi/media/media_files/2025/08/16/ksksksksm-2025-08-16-14-40-32.jpg)
താനെ:ഇന്നലെ ഉച്ചയ്ക്ക് 1:30 നാണ് മുംബൈയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ എറണാകുളം സ്വദേശിയായ ജയ് വർഗീസ്(61)ഹൃദയാഘാതം മൂലം അന്തരിച്ചത്.
12202 LTTഗരീബ് രഥ് ട്രെയിനിൽ താനെയിലേക്കുളള ഭാര്യയു മൊന്നിച്ചുള്ള യാത്രക്കിടയിൽ രത്നഗിരിക്കും ചിപ്ളൂണിനും ഇടയിൽ വെച്ച് രാവിലെ 8.40 തോടെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു.ഇതിനെ തുടർന്ന് സഹയാത്രികരിലൊരാൾ പൻവേൽ KCS പ്രതിനിധി അനിൽ കുമാർ പിളളയെ വിവരം അറിയിച്ചിരുന്നു. തുടർന്ന് 'കൊങ്കൺ യാത്രാവേദി' അംഗങ്ങൾ Rail Madad പോർട്ടൽ വഴി Medical help Request-നൽകിയതനുസരിച്ച് TTE ഉടനെ രോഗിയെ സന്ദര്‍ശിച്ച് അടുത്ത സ്റ്റേഷനിൽ ഇറക്കി ചികിത്സ നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നു.എന്നാൽ ജയ് താനെയിൽ ഇറങ്ങിയ ശേഷം ചികിൽസ തേടാമെന്നുള്ള തീരുമാനത്തിലായിരുന്നു.
പക്ഷെ പൻവേൽ സ്റ്റേഷനിൽ എത്തുന്നതിന് മുൻപേ മരണത്തിന് കീഴടങ്ങിയ ജയ് വർഗീസ് കുറച്ച് കാലം മുമ്പ് വരെ ഡോംബിവ്‌ലിയിൽ സ്ഥിര താമസക്കാരനായിരുന്നു.
വിവരം അറിഞ്ഞെത്തിയ സാമൂഹ്യ പ്രവർത്തകൻ സാമൂവൽ ജോർജ്,കെ സി എസ് ഭാരവാഹികളായ മുരളി നായർ,അനിൽ കുമാർ പിളള എന്നിവർ ലീഗൽ മെഡിക്കൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാൻ കുടുംബത്തെ സഹായിച്ചു.
മൃതദേഹം ആഗസ്റ്റ് 17 ഞായറാഴ്ച്ച രാവിലെ 5 മണിക്ക് വിമാന മാർഗം കൊച്ചിയിലെത്തിക്കുമെന്നും വിദേശത്തുള്ള മൂത്ത മകൻ നാളെ വൈകിട്ട് എത്തുമെന്നും ബന്ധുക്കൾ പറഞ്ഞു.സംസ്ക്കാരം പിന്നിട്.
അതേസമയം ഇത്തരം സന്ദർഭങ്ങളിൽ സമയം പാഴാക്കരുതെന്നും ഡോക്ടർമാരുടെ ഉപദേശം സ്വീകരിക്കണമെന്നും ഡോക്ടർ ശരത് കുമാർ പ്രതികരിച്ചു.
"ഹൃദയാഘാതമാണോ അതോ സാധാരണ നെഞ്ചുവേദനയാണോ എന്നത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. ശരിയായ അവബോധത്തിന്റെ അഭാവം പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നുണ്ട്.സ്വയം തീരുമാനങ്ങൾ എടുക്കുന്നതിനു പകരം എല്ലായ്പ്പോഴും ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക തന്നെ വേണം.നിസാരമായി കാണരുത്.സമയം വളരെ പ്രധാനമാണ്. കൃത്യ സമയത്ത് എത്തിയാൽ ജീവൻ രക്ഷിക്കാൻ കഴിയും". അദ്ദേഹം പറഞ്ഞു.