മലയാളം മിഷൻ ഗൃഹസന്ദർശന മാസാചരണത്തിന് മികച്ച പ്രതികരണം

പുതിയ പഠിതാക്കളെ കണ്ടെത്തി അവര്‍ക്കു കൂടി മാതൃഭാഷ പകര്‍ന്നു നല്‍കാനും മഹാമാരി കാലത്തും മറ്റുമായി മലയാളം മിഷന്‍ ക്ലാസ്സുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും പ്രവര്‍ത്തകരെയും വീണ്ടും മലയാളം മിഷന്‍ കുടുംബത്തിലേക്ക് ക്ഷണിച്ച് അവരെ കൂടെ ചേര്‍ത്ത് നിര്‍ത്തുന്നതിനുമാണ് ഈ ഗൃഹസന്ദര്‍ശനമാസാചരണത്തിലൂടെ ശ്രമിക്കുന്നത്

author-image
Honey V G
New Update
nsnsnsn

മുംബൈ:മലയാളം മിഷൻ മുംബൈ ചാപ്റ്റർ അതിന്‍റെ പന്ത്രണ്ട് മേഖലകളിലുമായി ജൂലൈ ഒന്നു മുതൽ നടത്തി വരുന്ന ഗൃഹസന്ദർശന മാസാചരണത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

പുതിയ പഠിതാക്കളെ കണ്ടെത്തി അവര്‍ക്കു കൂടി മാതൃഭാഷ പകര്‍ന്നു നല്‍കാനും മഹാമാരി കാലത്തും മറ്റുമായി മലയാളം മിഷന്‍ ക്ലാസ്സുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും പ്രവര്‍ത്തകരെയും വീണ്ടും മലയാളം മിഷന്‍ കുടുംബത്തിലേക്ക് ക്ഷണിച്ച് അവരെ കൂടെ ചേര്‍ത്ത് നിര്‍ത്തുന്നതിനുമാണ് ഈ ഗൃഹസന്ദര്‍ശനമാസാചരണത്തിലൂടെ ശ്രമിക്കുന്നത്.

മുംബൈ,നവി മുംബൈ, താന, പാല്‍ഘര്‍, റായിഗഡ്, നാസിക്, കൊങ്കൺ എന്നീ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന നൂറിൽ പരം മലയാള മിഷൻ പഠന കേന്ദ്ര കമ്മറ്റികൾ, അതാത് പ്രദേശത്തെ മേഖല കമ്മറ്റികൾ, മലയാളം മിഷന്‍ അദ്ധ്യാപകര്‍, മലയാളി സമാജങ്ങൾ, മറ്റ് മലയാളി സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ഗൃഹസന്ദർശന മാസാചരണം നടന്നു വരുന്നത്.

കൂടുതൽ കുട്ടികളെ മലയാളം മിഷൻ ക്ലാസുകളിൽ എത്തിക്കുന്നതിനും പുതിയ ക്ലാസുകൾ തുടങ്ങുന്നതിനും ഗൃഹസന്ദർശന മാസാചരണം കൊണ്ട് കഴിയുന്നുണ്ട്. കൂടുതൽ ക്ലാസുകൾ തുടങ്ങുന്നതിറെ ഭാഗമായി മലയാളം മിഷന്‍ കുടുംബത്തിലേക്ക് എത്തിയ പുതിയ അധ്യാപകർക്ക് ഈ മാസം 26, 27 തിയതികളിലായി ചെമ്പൂർ ആദർശ വിദ്യാലയത്തിൽ വെച്ച് വിദഗ്ധപരിശീലനം നൽകി കഴിഞ്ഞു.

ജൂലായ് 31 വരെയാണ് ഗൃഹസന്ദർശന മാസാചരണം നടത്താന്‍ തീരുമാനിച്ചിരുന്നത്. എങ്കിലും പ്രവർത്തകരുടെയും മലയാളി സംഘടനകളുടെയും അഭ്യര്‍ത്ഥന പ്രകാരം ഗൃഹസന്ദർശനം പ്രവേശനോത്സവം നടക്കുന്ന ആഗസ്റ്റ് പത്ത് വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കയാണ്‌.

ആഗസ്റ്റ് മാസം പത്തിന് നടക്കുന്ന പ്രവേശനോത്സവത്തിനുള്ള തയ്യാറെടുപ്പുകൾ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്നു. പ്രവേശനോത്സവം പന്ത്രണ്ട് മേഖലകളിലും പഠന കേന്ദ്രങ്ങളിലുമായി രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കും. പുതിയ മലയാളം മിഷൻ ക്ലാസുകൾ തുടങ്ങുന്നതി്ന് താൽപര്യമുള്ള സംഘടനകൾ മലയാളം മിഷൻ മുംബൈ ചാപ്റ്ററുമായി ബന്ധപ്പെടേണ്ടതാണെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു.