/kalakaumudi/media/media_files/2025/06/28/aoqowodkvkgk-2025-06-28-15-04-13.jpg)
മുംബൈ:ഫെയ്മ മഹാരാഷ്ട്രയുടെ ഉപസമിതിയായ സർഗ്ഗവേദിയുടെ ആഭിമുഖ്യത്തിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ നിന്നുമുള്ള മലയാളികളുടെ സാഹിത്യ രചനകൾ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി എഴുത്തുകാർക്കും ആസ്വാദകർക്കും വേണ്ടി പ്രശസ്ത യുവ കവി കാശിനാഥനുമായുള്ള സംവാദം ജൂൺ 27 വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഓൺലൈനിൽ നടന്നു.
ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി സെക്രട്ടറി രാധാകൃഷ്ണപിള്ള സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മോഹൻ മൂസത്, അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിങ്ങ് പ്രസിഡന്റ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അശോകൻ പി.പി., ട്രഷറർ അനു ബി നായർ എന്നിവർ ആശംസ പ്രസംഗവും, കവിയും സാഹിത്യകാരനുമായ മുല്ലനേഴി ദിവാകരൻ നമ്പൂതിരി യുവകവി കാശിനാഥനെ പരിചയപ്പെടുത്തി.
"ധാരാളം വായിക്കണം അപ്പോൾ നമുക്ക് എഴുതാനുള്ള അറിവും ഊർജ്ജവും കിട്ടും. എഴുത്തുകളിൽ ഉൾകാമ്പ് നിറച്ച് എഴുത്തുക്കാരൻ്റെ സംതൃപ്തിക്ക് അനുസരിച്ചു വേണം എഴുതാൻ പക്ഷെ ആരെയും നോവിക്കരുത്. കവിത എഴുതാൻ അനായാസമാണ് ഉദാഹരണത്തിന് മേഘം, മഴ, പൂവ് അങ്ങനെ എന്തിനെ കുറിച്ചും കവിതയെഴുതാൻ സാധിയ്ക്കും പക്ഷെ ആ സ്വാതന്ത്ര്യം കഥ എഴുതുമ്പോൾ കിട്ടില്ല. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു മുന്നോട്ടുപോകണം. പദ്യവും, ഗദ്യവും ഒരുപോലെ ആസ്വദിക്കണം” സംവാദം ഉൽഘാടനം ചെയ്തുകൊണ്ട് യുവകവി കാശിനാഥൻ പറഞ്ഞു.
എല്ലാ അംഗങ്ങളും പങ്കെടുത്ത സംവാദം രാത്രി 10 മണി വരെ നീണ്ടു.തുടർന്ന് സാഹിത്യകാരനായ ദിവാകരൻ ചെഞ്ചേരി ചർച്ച സംയോജനം നടത്തി.
ഫെയ്മ മഹാരാഷ്ട്ര വനിതാവേദി സെക്രട്ടറി സുമി ജെൻട്രി നന്ദി പ്രകാശനവും ചെയ്ത പരിപാടിയുടെ അവതരണം ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി കോർ അംഗമായ രോഷ്നി അനിൽകുമാറാണ് നിർവഹിച്ചത്. 10.10 നു പരിപാടികൾക്ക് സമാപനം കുറിച്ചു.