/kalakaumudi/media/media_files/2026/02/03/nfnnfnn-2026-02-03-08-55-54.jpg)
മുംബൈ : മുംബൈ നഗരത്തെ കൂടുതൽ വൃത്തിയുള്ളതാക്കുന്നതിനായി ബ്രിഹദ് മുംബൈ നഗരസഭ (ബി.എം.സി) പുതിയ ശുചിത്വ 'ബൈ-ലോ' ചട്ടങ്ങൾ നടപ്പാക്കി.
പൊതുസ്ഥലങ്ങളിൽ അശുചിത്വം സൃഷ്ടിക്കുന്ന വിവിധ പ്രവൃത്തികൾക്ക് ഇനി മുതൽ ഉയർന്ന പിഴ ഈടാക്കുമെന്ന് നഗരസഭ അറിയിച്ചു.
പുതിയ ചട്ടങ്ങൾ പ്രകാരം, പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്താൽ 250 രൂപ പിഴ ചുമത്തും. റോഡുകളിലും ഫുട്പാത്തുകളിലും മാലിന്യം തള്ളുന്നവർക്ക് 500 രൂപ വരെ പിഴ നൽകേണ്ടിവരും.
വീടുകളിലും കടകളിലും നിന്നുള്ള മാലിന്യം വേർതിരിച്ച് നൽകാതെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്ക് 200 രൂപ പിഴ ഈടാക്കും. കൂടാതെ, പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ കഴുകുക, അനധികൃതമായി പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുക തുടങ്ങിയവയ്ക്കും പിഴ നിശ്ചയിച്ചിട്ടുണ്ട്.
നിർമാണ പ്രവർത്തനങ്ങളിൽ നിന്നുള്ള മാലിന്യം റോഡിലോ തുറസ്സായ സ്ഥലങ്ങളിലോ തള്ളിയാൽ കർശന നടപടി സ്വീകരിക്കും.
ഇത്തരത്തിലുള്ള കുറ്റങ്ങൾക്ക് ഒരു വാഹനത്തിന് വരെ 25,000 രൂപ വരെ പിഴ ഈടാക്കാനാണ് നഗരസഭയുടെ തീരുമാനം. പുതിയ ബൈ-ലോ പ്രകാരം മൊത്തം 21 തരത്തിലുള്ള കുറ്റങ്ങൾക്കാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.
വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, നിർമാണ മേഖല, പൊതുസ്ഥലങ്ങൾ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരും. നഗരത്തെ കൂടുതൽ ശുചിത്വവും ആരോഗ്യകരവുമായതാക്കുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് ബി.എം.സി അധികൃതർ അറിയിച്ചു.
നിയമലംഘനങ്ങൾ കണ്ടെത്താൻ ശക്തമായ പരിശോധനകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
