/kalakaumudi/media/media_files/2026/01/24/fhbhhh-2026-01-24-17-39-31.jpg)
നവിമുംബയ്: ഗുരുദേവഗിരി തീർത്ഥാടന രജത ജൂബിലിയാഘോഷത്തോടനുബന്ധിച്ച്, ആഘോഷത്തിൻ്റെ രണ്ടാം ദിനമായ 31ന് ശനിയാഴ്ച പ്രതിഷ്ഠാ വാർഷിക ദിനത്തിൽ ഗുരുവിന്റെ ചൈതന്യമുള്ള ഗുരുദേവഗിരിയിൽ വച്ച് അമേരിക്കൻ പൗരന്മാരായ ബ്രൂസ് റെയ് റുസെൽ, അഡ്രിയെന്നെ ഗ്രേഡി സ്മിത്ത് എന്നിവർ ശിവഗിരി മഠത്തിലെ സന്യാസിമാരിൽ നിന്ന് സന്യാസദീക്ഷ സ്വീകരിക്കും.
പുലർച്ചെ 3.30 മുതൽ 8.30 വരെയാണ് ചടങ്ങ്. ആദ്യമായാണ് ഇത്തരമൊരു കർമത്തിന് ഗുരുദേവഗിരി വേദിയാവുന്നത്.
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ സജീവപ്രവർത്തകരായ ഇവർ ഗുരുദേവ ദർശനവും കൃതികളും പഠിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നു. മനുഷ്യരാശിയുടെ മോചനമന്ത്രമായ ഗുരുദേവ ദർശനം പാശ്ചാത്യനാടുകളിൽ പ്രചരിപ്പിക്കുന്നതിൽ ഇവർ നിതാന്ത ജാഗ്രത പുലർത്തിവരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തുടക്കമെന്ന നിലയിൽ അവരുടെ ആഗ്രഹപ്രകാരം സന്യാസദീക്ഷ നൽകുന്നത്തിനായി ശ്രീനാരായണ മന്ദിരസമിതി സൗകര്യം ഒരുക്കുന്നത് എന്ന് സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ പറഞ്ഞു.
ഗുരുദേവന്റേതായി ലോകത്താകെ അവശേഷിക്കുന്ന തിരുശേഷിപ്പായ ദിവ്യ ദന്തങ്ങൾ ദർശിക്കാൻ ഫെബ്രുവരി ഒന്നിന് ഞായറാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 4 വരെ അവസരമൊരുക്കും.
സമിതിയുടെ ഗുരുദേവഗിരി ക്ഷേത്ര സമുച്ചയത്തിൽ പ്രത്യേകം നിർമിച്ച ക്ഷേത്രത്തിലാണ് ദിവ്യദന്തങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.
വർഷത്തിലൊരിക്കൽ മാത്രം ക്ഷേത്രം തുറന്നു ഈ ഭൗതിക തിരുശേഷിപ്പ് പുറത്തെടുത്ത് ഭക്തർക്ക് ദർശനത്തിനായി വയ്ക്കാറുണ്ട്.
ശിവഗിരിയിൽ നിന്നുള്ള സന്യാസിമാർ എത്തിയാണ് ഈ കർമ്മം നിർവഹിക്കുന്നത്.
ഗുരുദേവന്റെ ദന്തഡോക്ടർ ആയിരുന്ന ഡോക്ടർ ജിയോപാൽ സൂക്ഷിച്ചിരുന്ന ഈ ദന്തങ്ങൾ അദ്ദേഹത്തിന്റെ മകന്റെ സുഹൃത്തായ ആലുംമൂട്ടിൽ ശിവദാസൻ മാധവൻ ചാന്നാർ ആണ് മുംബൈ ശ്രീനാരായണമന്ദിര സമിതിയെ ഏല്പിച്ചത്.
ആയിരക്കണക്കിന് ഗുരുദേവഭക്തരെ സാക്ഷിയാക്കി 2004 ജനുവരി 11ന് ഗുരുദേവഗിരിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് ദന്തങ്ങൾ ശ്രീനാരായണമന്ദിര സമിതിക്ക് വേണ്ടി അന്തരിച്ച മുൻ ടാറ്റാ സൺസ് ഡയറക്ടർ ആർ. കെ കൃഷ്ണകുമാർ ആലുംമൂട്ടിൽ ശിവദാസൻ മാധവനിൽ നിന്ന് ഏറ്റുവാങ്ങി ഡോക്ടർ കെ കെ ദാമോദരനെ ഏൽപ്പിച്ചത്.
മുംബൈയിലെയും മഹാരാഷ്ട്രയിൽ നിന്നുള്ളവരെയും കൂടാതെ കേരളത്തിൽ നിന്നും രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമായി നിരവധി ഭക്തർ ഈ തിരുശേഷിപ്പ് ദർശിക്കുന്നതിനായി എത്താറുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
