/kalakaumudi/media/media_files/2025/12/22/haji-2025-12-22-10-21-39.jpg)
മുംബൈ: ശൈശവ വിവാഹം, ലൈംഗിക ചൂഷണം, സ്വത്ത് തട്ടിയെടുക്കല്‍ എന്നിവ നേരിട്ടെന്നും നീതി ഉറപ്പാക്കണമെന്നും അധോലോക കുറ്റവാളി ഹാജി മസ്താന്റെ മകള്‍ ഹസീന്‍ മസ്താന്‍ മിര്‍സ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്ന ഹസീന്‍ ഇന്നലെ മാധ്യമങ്ങളോടും അത് ആവര്‍ത്തിച്ചു.
പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ്, 1996ല്‍ അമ്മാവന്റെ മകനുമായി വിവാഹം നടത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ച അയാള്‍ തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു കൊല്ലാന്‍ ശ്രമിച്ചെന്നും അവര്‍ ആരോപിച്ചു. മറ്റു പലരെയും വിവാഹം ചെയ്തതിനു ശേഷമായിരുന്നു തന്നെ വിവാഹം ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.
അതേസമയം, ഈ സംഭവങ്ങളുമായി തന്റെ പിതാവിനു ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ മരണശേഷമാണു ഇതെല്ലാം നടന്നതെന്നും ഹസീന്‍ പറയുന്നത്.
''കരുതലും സുരക്ഷയും ആവശ്യമായിരുന്ന കുട്ടിക്കാലത്തു കുടുംബത്തില്‍ ഒറ്റപ്പെട്ട നിലയിലായിരുന്നു. ഒട്ടേറെ പീഡനങ്ങള്‍ അക്കാലത്തു സഹിക്കേണ്ടിവന്നു. പിതാവ് മരിച്ചതു പോലും 2 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ അറിഞ്ഞത്. ജീവിതം മടുത്തു പലപ്പോഴും ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. രാജ്യത്തു മുത്തലാഖ് നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രി നടത്തിയ നീക്കങ്ങള്‍ പ്രശംസനീയമാണ്. എനിക്കും നീതി വേണം. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും എന്നെ സഹായിക്കണം. രാജ്യത്തെ നിയമങ്ങള്‍ ശക്തമാണെങ്കില്‍ സ്ത്രീകള്‍ക്കെതിരെ ക്രൂരമായി പെരുമാറാന്‍ ഒരാളും തയാറാകില്ല'' ഹസീന്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
