/kalakaumudi/media/media_files/2025/12/23/kdndmdn-2025-12-23-13-13-02.jpg)
സോപാന സംഗീതത്തിന്റെ കുലപതി ഞെരളത്ത് രാമപൊതുവാളിന്റെ മകന്‍ ജീവിതവും കാഴ്ചപ്പാടുകളും പറയുന്നു.
സോപാന സംഗീതത്തിന്റെ കുലപതി ഞെരളത്ത് രാമപൊതുവാളിന്റെ ആറാമത്തെ മകന്‍. ജീവിതത്തിന്റെ തുടക്കത്തില്‍ പലവിധ ജോലി ചെയ്ത ഹരിഗോവിന്ദന്‍ പിന്നീട് കൊട്ടിപ്പാടിസ്സേവയിലേക്കു തന്നെ തിരിച്ചുവന്നു. 7500-ല്‍ പരം വേദികളിലൂടെ സോപാനസംഗീതം, ഇടക്ക, കേരള സംഗീതം എന്നിവയെ സംബന്ധിച്ച് കഴിഞ്ഞ 25 വര്‍ഷത്തിലധികമായി കലാപ്രചാരണം നടത്തി, ഈ കലയ്ക്ക് ക്ഷേത്രങ്ങള്‍ക്ക് പുറത്ത് വിപുലമായ അരങ്ങുകളും സാധ്യതകളും സൃഷ്ടിച്ചു. ലണ്ടന്‍ കലാപുരസ്‌കാരം, ഷാര്‍ജ മികച്ച മലയാളി പുരസ്‌കാരം, കേരളസംഗീത നാടക അക്കാദമി അവാര്‍ഡ് എന്നിവയുള്‍പ്പെടെ 18 അവാര്‍ഡുകളും നേടി. വാദ്യം പ്രതിഷ്ഠയായുള്ള ലോകത്തിലെ ആദ്യ ക്ഷേത്രമുള്‍പ്പെടുന്ന ഞെരളത്ത് കലാശ്രമത്തിന്റെ സ്ഥാപകന്‍. സ്വന്തം നിലക്കും സര്‍ക്കാറിന് വേണ്ടിയും 62 വ്യത്യസ്ത കലാസാഹിത്യ ആത്മീയ സംഗമങ്ങളുടെ മുഖ്യ സംഘാടകന്‍. കലോപാസകര്‍ മറ്റു ലഹരികള്‍ക്കു പിറകേ പോവാതെ, ആന്തരിക കലാ ചൈതന്യത്തില്‍ മാത്രം ലഹരിയുള്ളവരാവണം എന്ന് അതിശക്തമായി പ്രചരിപ്പിച്ചു. ചരിത്രത്തിലെ ആദ്യ 'കേരള' സംഗീതോത്സവം പാട്ടോളം എന്ന പേരില്‍ 10 രാവുകളിലായി രണ്ട് വര്‍ഷം തുടര്‍ച്ചയായി ഷൊര്‍ണൂര്‍ ഭാരതപ്പുഴയിലും 4 വര്‍ഷങ്ങള്‍ മുംബൈയിലും നടത്തി. മുംബൈയില്‍ ഇതിനായി പ്രവര്‍ത്തിച്ചത് സുധീര്‍ കല്ലഴി, പ്രസാദ് ഷൊര്‍ണ്ണൂര്‍, ജയശങ്കര്‍ മാടത്തേരി എന്നിവര്‍ ആയിരുന്നു. ഇപ്പോള്‍ പ്രതിഫലേച്ഛയില്ലാതെ കൊട്ടിപ്പാടിസ്സേവ എന്നറിയപ്പെടുന്ന കേരളീയ പാട്ടവതരണരീതിയെ പിന്‍പറ്റി പുത്തന്‍ തലമുറയെ കേരള സംഗീതത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുള്ള പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകുകയാണ്.
/filters:format(webp)/kalakaumudi/media/media_files/2025/12/23/fhnmmm-2025-12-23-13-32-41.jpg)
സോപാന സംഗീതത്തെ ജനകീയമാക്കി
സോപാന സംഗീതം ക്ഷേത്രനടയില്‍ നില്‍ക്കുന്ന തൊഴുത് നില്‍ക്കുന്ന ഭക്തര്‍ക്ക് ശ്രദ്ധ മറ്റ് വിഷയങ്ങളിലേക്ക് പോകാതിരിക്കാന്‍ 'പ്രത്യേകിച്ചും ക്ഷേത്ര നട തുറക്കുന്നത് വരെയുള്ള അഞ്ചോ പത്തോ മിനിട്ട് ഭഗവത് ചിന്തയില്‍ മാത്രം നില നിര്‍ത്തുന്നതിനു വേണ്ടി രൂപ കല്പന ചെയ്ത ഒരു പെര്‍ഫോമന്‍സ്' ആണ് സോപാന സംഗീതം. അതിനെ, വാസ്തവത്തില്‍ ഒരു കലയായിട്ട് പോലും അംഗീകരിക്കാത്ത കാലമായിരുന്നു അന്നത്തേത്. ഈ കലയ്ക്ക് സമൂഹത്തില്‍ ഒരു സ്ഥാനം നേടി കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കാരണം എന്റെ അച്ഛന് ആ കാലയളവില്‍ നേരിട്ട ചില ദുരനുഭവങ്ങള്‍ക്ക് ഞാന്‍ സാക്ഷിയായിരുന്നു. ഈ കലയെ പുറത്ത് എത്തിക്കാന്‍ ഏറെക്കുറെ കഴിഞ്ഞു എന്നു ഞാന്‍ കരുതുന്നു. ഇതിനെ ജനകീയവത്കരിക്കുന്ന കാലഘട്ടങ്ങളില്‍ സമൂഹത്തിലുള്ള പുരോഗമന നാട്യക്കാര്‍ ഉള്‍പ്പെടെ, ഇയാള്‍ പരമ്പരാഗത കലയ്ക്ക്, പവിത്രമായ ക്ഷേത്ര ദേവ സംഗീതത്തിന് ദോഷമുണ്ടാക്കുന്നു എന്ന രീതിയിലാണ് എന്നെ വിമര്‍ശിച്ചത്. എന്നാല്‍ അവരുടെ പിന്തുണക്കാരും മക്കളും പേരക്കുട്ടികളുമൊക്കെയാണ് ഇന്ന് യൂട്യൂബിലും റോഡിലും കാട്ടിലും ഒക്കെ പാടുന്നത്. അവരൊന്നും അമ്പല നടയില്‍ പാടിയിട്ടല്ല പ്രസിദ്ധരായത്.
/filters:format(webp)/kalakaumudi/media/media_files/2025/12/23/fhnmm-2025-12-23-13-33-10.jpg)
ജാതി മത വ്യത്യാസമില്ലാതെ
എന്റെ പ്രധാന ലക്ഷ്യം ജാതി, മതം, ലിംഗം, ദേശം ഒന്നുമല്ല. ഈ കലാരൂപം കൈകാര്യം ചെയ്യാന്‍ തയ്യാറുള്ള എല്ലാ മനുഷ്യര്‍ക്കും ഇതിലേക്ക് വരാനുള്ള അവസരം ഒരുക്കുക എന്നതായിരുന്നു. അതില്‍ വിജയിച്ചു. അതിന് വേണ്ടി ഞാന്‍ സോപാന സംഗീത ഉത്സവങ്ങള്‍ നടത്തി. അങ്ങനെ ഇസ്ലാം മത വിശ്വാസിയായ ജൗഷല്‍ ബാബു ഇടയ്ക്ക കൊട്ടി പാടുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിച്ചു. അച്ഛന്റെ ഇടയ്ക്ക പ്രതിഷ്ഠിച്ച ഞെരളത് കലാശ്രമത്തിന്റെ ഉദ്ഘാടന ദിവസം അദ്ദേഹത്തെ കൊണ്ടാണ് ആദ്യമായി ആ സോപാനത്തില്‍ നിന്ന് പാടിച്ചത്. പിന്നീട് പെണ്‍കുട്ടികളെ കൊണ്ട് പാടിച്ചു. എല്ലാത്തിന്റെയും അതിരുകള്‍ ലംഘിക്കാന്‍ ഞാന്‍ തന്നെ അവസരങ്ങള്‍ ഉണ്ടാക്കി. വന്ദേ മാതരം', 'ദൈവദശകം', 'റമളാന്‍ ഗീതം' തുടങ്ങിയ പ്രസിദ്ധ കൃതികള്‍ സോപാനശൈലിയില്‍ അവതരിപ്പിക്കാന്‍ ഭാഗ്യമുണ്ടായി. ഇടയ്ക്ക കൊട്ടി കൊണ്ട് ഏത് സാഹിത്യവും പാടാം. ഏത് പാട്ടും പാടാം. മണ്ണിനെ കുറിച്ചും മഴയെ കുറിച്ചും പുല്ലിനെ കുറിച്ചും പുഴയെ കുറിച്ചും ഒക്കെ പാടാം എന്ന ഒരു ബോധ്യത്തില്‍ ആയിരുന്നു ഇത്.
/filters:format(webp)/kalakaumudi/media/media_files/2025/12/23/jhvnnnm-2025-12-23-14-01-19.jpg)
അക്കാലത്ത് ചില പാരമ്പര്യവാദികള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നുവെങ്കിലും കലാരൂപത്തെ ഇത്രയൊക്കെ സാധ്യതകളോടെ ഉപയോഗപ്പെടുത്താന്‍ ഇയാള്‍ തയ്യാറാകുന്നല്ലോ എന്ന് കരുതി യഥാര്‍ത്ഥ ഇടത് പുരോഗമന വാദികള്‍ എന്നെ വലിയ രീതിയില്‍ സ്വീകരിച്ചു എന്നുള്ളത് യാഥാര്‍ഥ്യമാണ്. ഭീഷണികള്‍ വന്നിട്ടില്ലെങ്കിലും പല സ്ഥലങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് കുഴപ്പമില്ല. നമ്മള്‍ എല്ലാ കാലത്തും ഇടയ്ക്ക കൊട്ടി പാടാം എന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. സമൂഹത്തില്‍ എന്ത് ജോലിയെടുക്കാനും ഞാന്‍ തയ്യാറാണ്. അത് ചെയ്തിട്ടുമുണ്ട്. ഏതെങ്കിലും ക്ഷേത്രത്തിലെ വിഗ്രഹത്തെ സ്തുതിച്ച് പാടുന്ന മനുഷ്യരുടെ പാട്ടാണ് പാട്ട്, അതാണ് സോപാന സംഗീതം എന്ന് വിശ്വസിക്കുന്നവര്‍ ആണ് സോപാന സംഗീത ആസ്വാദകര്‍. ഞാന്‍ ഇത്രയൊക്കെ ഇതിനെ ജനകീയ വല്‍ക്കരിച്ചെങ്കിലും ഒരാള്‍ പോലും പോലും ക്ഷേത്ര വിഗ്രഹങ്ങളെ സ്തുതിക്കാത്ത ഒരു കൃതി പാടുന്നതിന് ചങ്കൂറ്റം കാണിച്ചു കൊണ്ട് മുന്നോട്ട് വന്നിട്ടില്ല. അതില്‍ എനിക്ക് വലിയ നിരാശയുണ്ട്. എങ്കിലും ഇടയ്ക്ക കൊട്ടി പാടുന്നതില്‍ കുറെയേറെപേര്‍ മുന്നോട്ട് വന്നിട്ടുണ്ട്. വൈകാതെ തന്നെ ഞാന്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള ആളുകളും മുന്നോട്ട് വരും.
/filters:format(webp)/kalakaumudi/media/media_files/2025/12/23/hfhnmm-2025-12-23-13-34-00.jpg)
ജീവിതത്തിൽ മറക്കാനാകാത്ത ഒരു അനുഭവം
ഒരിക്കല്‍ അച്ഛന്‍ ഇടയ്ക്ക കൊട്ടി പാടുന്ന സമയത്ത്, നടയടച്ച് തുറന്നിട്ടും അച്ഛന്‍ പാട്ട് നിര്‍ത്തുന്നില്ല. തിരുമേനിക്ക് ദക്ഷിണ കൊടുക്കേണ്ടവരെല്ലാം ആ പൈസ അച്ഛന്റെ കാല്‍ക്കല്‍ കൊണ്ട് വച്ചു. ഇതോടെ തിരുമേനി ദേഷ്യപ്പെടുകയും ചെയ്യുന്നു. അച്ഛന്‍ ആ സമയത്ത് പാട്ട് നിര്‍ത്തി കണ്ണ് തുറന്ന് 'നാരായണ നാരായണ ഞാന്‍ അറിഞ്ഞില്ലല്ലോ നാരായണ ' എന്ന് പറയുന്നത് ഞാന്‍ കേട്ടു. തിരുമേനിക്ക് കിട്ടുന്ന ദക്ഷിണ ഞാന്‍ ബോധപൂര്‍വം വാങ്ങിയതല്ല എന്ന് ബോധ്യപ്പെടുത്തി അദ്ദേഹം എവിടെയോ മാഞ്ഞു, മറഞ്ഞു പോകുന്നു. അതാണ് എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു അനുഭവം.
/filters:format(webp)/kalakaumudi/media/media_files/2025/12/23/cjkkmmm-2025-12-23-13-34-23.jpg)
നിശിതമായി വിമര്‍ശിക്കും
എല്ലാവരെയും വിമര്‍ശിക്കാറുണ്ട്. നഷ്ടങ്ങളും ഉണ്ടാകാറുണ്ട്. ഗുരുവായൂരില്‍ രണ്ടാം ക്ഷേത്ര പ്രവേശന വിളംബരം നടക്കുന്ന സമയത്ത് ഡിവൈഎഫ്‌ഐ നടത്തിയ പരിപാടിയില്‍ വെച്ച് ഞാന്‍ പറഞ്ഞത്, ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ വേണ്ടിയല്ല ഡിവൈഎഫഐ പ്രവര്‍ത്തിക്കേണ്ടത് എന്നാണ്. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അപ്പോള്‍ അവര്‍ എന്നെ ഒഴിവാക്കും. ആ ഒഴിവാക്കലുകള്‍ എനിക്ക് നഷ്ടമായി തോന്നിയിട്ടില്ല.
/filters:format(webp)/kalakaumudi/media/media_files/2025/12/23/kicfhmmm-2025-12-23-13-35-25.jpg)
എന്റെ അച്ഛന്‍
കലാകാരന്‍ മാത്രമല്ല, മഹത്വമുള്ള കലാകാരനായിരുന്നു. ഒരു സാധാരണ മനുഷ്യന്‍. മദ്യപിക്കാതെ ഇന്റേണല്‍ സ്പിരിറ്റ് കൊണ്ട്, അതായത് കല എന്ന ലഹരി കൊണ്ട് അവധൂത ഭാവങ്ങളില്‍ ജീവിച്ച നിസ്വനായ കലാകാന്‍. അദ്ദേഹം ആരെയും ബോധ്യപ്പെടുത്താന്‍ വേണ്ടി ജീവിച്ചില്ല.
/filters:format(webp)/kalakaumudi/media/media_files/2025/12/23/krjememem-2025-12-23-14-00-09.jpg)
അദ്ദേഹത്തിന്റെ സന്തോഷത്തിനു വേണ്ടി ഒരാളിലും സന്താപം ഉണ്ടാക്കിയിട്ടില്ല. ഒരു പാട്ടുകാരനെന്നോ കലാകാരനെന്നോ ഉള്ള ബോധ്യത്തില്‍ അല്ലായിരുന്നു ജീവിതം. 'ചെമ്പൈ ശിഷ്യന്‍ ഞെരളത്ത് രാമ പൊതുവാള്‍ ഭജനം ചെയ്യുന്നു' ഇത്രയും മാത്രമേ അദ്ദേഹത്തിന് അദ്ദേഹത്തിന്റെ കര്‍മ്മത്തെ കുറിച്ച് ബോധ്യം ഉണ്ടായിരുന്നുള്ളൂ.
/filters:format(webp)/kalakaumudi/media/media_files/2025/12/23/jfjkkkm-2025-12-23-13-36-13.jpg)
ഇടപെടലുകള്‍
കൃഷിയും അതുമായി ബന്ധപ്പെട്ട സംസ്‌കൃതിയും നിലനിര്‍ത്തിയാള്‍ മാത്രമേ ലോകത്തിന് നിലനില്‍പ്പുള്ളൂ. മറ്റെന്ത് നിലനിന്നിട്ടും കാര്യമില്ല. ഒരു സമൂഹത്തില്‍ കര്‍ഷകനും കാലോപാസകരും അധഃപതിച്ചിട്ടുണ്ടെങ്കില്‍ ആ സമൂഹം പൂര്‍ണ്ണമായും അധഃപതിച്ചു എന്ന് നമുക്ക് മനസിലാക്കാം.
/filters:format(webp)/kalakaumudi/media/media_files/2025/12/23/jjrmdmdm-2025-12-23-13-53-56.jpg)
ഭാവി പദ്ധതികള്‍
ഇടയ്ക്ക കൊട്ടി പാടുന്നവര്‍ക്ക് നിലയും വിലയും ഉണ്ടാക്കുക, അവര്‍ക്ക് സിനിമാ താരങ്ങള്‍ക്ക് തുല്യമായ സ്വീകരണം ഉണ്ടാകുന്ന ഒരു കാലം സൃഷ്ടിചെടുക്കുക എന്നത് സാധിച്ചെടുത്തു. ഇനി വേറെ ലക്ഷ്യങ്ങള്‍ ഒന്നുമില്ല. ഭാവിയില്‍ തെരുവ് നായ്ക്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.
തിരിഞ്ഞു നോക്കുമ്പോള്‍
വളരെ സന്തുഷ്ടനാണ്. ആഗ്രഹിച്ച കാര്യങ്ങളെല്ലാം വളരെ നേരത്തെ ചെയ്ത് തീര്‍ക്കാന്‍ സാധിച്ചു. ആഗ്രഹിച്ച വിവാഹം നടന്നു. ഒരു മകള്‍. അച്ഛന്റെ ഇടയ്ക്ക പ്രതിഷ്ഠിച്ച ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ സാധിച്ചു. അവിടെ ജാതി മത ലിംഗ വ്യത്യാസമില്ലാതെ ആര്‍ക്കും വന്ന് പാടാന്‍ കഴിയുന്ന സോപാനമുള്ള ക്ഷേത്രം. നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സംവിധാനം സൃഷ്ടിച്ചുകൊണ്ടുള്ള സമരങ്ങളും വിപ്ലവങ്ങളുമാണ് ഞാന്‍ രൂപപ്പെടുത്തിയത്. ഇപ്പോഴുള്ള സൗഭാഗ്യങ്ങളൊന്നും തന്നെ മുമ്പുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇതെല്ലാം ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെട്ടാലും എനിക്ക് ഒരു സങ്കടവുമില്ല. കാരണം ഏത് ജോലിയെടുക്കാനും ഞാന്‍ തയ്യാറാണ്. പുരസ്‌കാരങ്ങള്‍ നേടി. നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അനേകം പേരുടെ സ്‌നേഹം ലഭിക്കുന്നു. പൂര്‍ണ്ണ സന്തോഷവാനാണ്. അങ്ങാടിപ്പുറം സെന്റ് മേരിസ് കോളേജില്‍ ജോലി ചെയ്യുന്ന മായ ആണ് ഭാര്യ. ശ്രീലക്ഷ്മി മകള്‍.
/filters:format(webp)/kalakaumudi/media/media_files/2025/12/23/menemmem-2025-12-23-13-54-50.jpg)
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
