/kalakaumudi/media/media_files/2025/08/25/jdjdjdn-2025-08-25-07-52-45.jpg)
മുംബൈ:ഏതുനാട്ടിലിരുന്നും മലയാളി, സ്വന്തം നാടിന്റെ നന്മകളെ ചേര്‍ത്തുപിടിക്കും. കൂട്ടായ്മകള്‍ രൂപപ്പെടുത്തും. അതിലൂടെ നാടിനെ അറിയും. മലയാളികള്‍ ഉളളിടത്തെല്ലാം കൂട്ടായ്മകളുമുണ്ട്. കേരളത്തിന് പുറത്തുള്ള ഏറ്റവും പഴക്കം ചെന്ന മലയാളി സംഘടനകളിൽ ഒന്നാണ് ദാദർ നായർ സമാജം.ഈ മലയാളി കൂട്ടായ്മ ഒരു നൂറ്റാണ്ട് പിന്നിടുകയാണ്.മുംബൈയിലെ ദാദര്‍ നായര്‍ സമാജം,നൂറും കടന്ന് നൂറ്റി രണ്ടാം വയസ്സിലേക്ക് കടക്കുന്നു.ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മലയാളി സംഘടനകളിലൊന്നാണിത്.
നൂറു വർഷങ്ങളുടെ മഹിമയുമായി “A Century of Purpose, A Legacy of Service” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് ശതാബ്ദി ആഘോഷം. ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ മുളുണ്ട് മഹാകവി കാളിദാസ് നാട്യമന്ദിറിൽ വേദിയൊരുങ്ങുകയാണ്. ആഗസ്റ്റ് 30 ശനിയാഴ്ച വൈകുന്നേരം 3.00 മുതൽ രാത്രി 10.00 വരെയാണ് ശതാബ്ദി ആഘോഷങ്ങൾ.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കേരള സർക്കാർ മുൻ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാർ IAS, മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനും ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി തുടങ്ങിയവർ സാംസ്‌കാരിക സമ്മേളനത്തിൽ സന്നിഹിതരായിരിക്കും.
തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. ഗുരു ലക്ഷ്മി സിബി സത്യൻ & സംഘം (ഖാർഘർ നായർ സമാജം) അവതരിപ്പിക്കുന്ന മഹാകാളി കീര്ത്തനം, ഗുരു ഡോ. ചിത്ര വിശ്വനാഥൻ & സംഘം (അഭിനയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് & ഫൈൻ ആർട്സ്, വസായ്) അവതരിപ്പിക്കുന്ന ശിവശക്തി. നായർ വെൽഫെയർ അസോസിയേഷൻ, ഡോംബിവ്‌ലി കാഴ്ച വയ്ക്കുന്ന അദ്വൈത നൃത്ത്യം, അരവിന്ദ് നായർ, ഋതുരാജ്, നന്ദ ജി ദേവൻ, ബാലറാം, മേഘ്ന സുമേഷ്, അനുഷ്ക ശ്രീനിവാസൻ, ശ്യാമളി, ലിതി എന്നിവർ ചേർന്നൊരുക്കുന്ന ഗാനാഞ്ജലി കൂടാതെ പ്രശസ്ത നർത്തകി ഉത്തര ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്താഞ്ജലിയും ശതാബ്‌ദി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.ചലച്ചിത്ര നടി ആശാ ശരത്തിന്റെ മകളും കലാമണ്ഡലം സുമതിയുടെ കൊച്ചുമകളുമാണ് ഉത്തര.
ലോകമെങ്ങും പടര്‍ന്നുപന്തലിച്ച മലയാളി സമൂഹത്തിന്റെ അതിജീവനത്തിന്റെയും പ്രവാസത്തിന്റെയും കഥയാണ് ദാദര്‍ നായര്‍ സമാജത്തിന് പറയാനുള്ളത്. അടിച്ചമര്‍ത്തലുകള്‍, അവഗണന, കഠിനാധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഉള്ളുപൊള്ളുന്ന ദിനങ്ങള്‍.അങ്ങനെ ജീവിതം സമ്മാനിച്ച നഗരത്തിന് നല്‍കുന്ന എളിയ ദക്ഷിണ കൂടിയാണ് നൂറാം വാര്‍ഷികാഘോഷം.