മരണത്തിന്റെ ചുരുള്‍ അഴിയുമോ:വസായിയിൽ ടാങ്കിനകത്ത് തലയോട്ടി

ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു

author-image
Honey V G
New Update
msnsnsn

മുംബൈ : മഹാരാഷ്ട്രയിലെ വസായ് മേഖലയിൽ 30 വർഷം പഴക്കമുള്ള ഒരു കെട്ടിടത്തിലെ അടച്ചിരുന്ന ടാങ്കിൽ മനുഷ്യന്റെ തലയോട്ടിയും ചില അസ്ഥിഭാഗങ്ങളും കണ്ടെത്തി.

കെട്ടിടത്തിൽ നവീകരണ ജോലികൾ നടക്കുന്നതിനിടെയാണ് തൊഴിലാളികളുടെ ശ്രദ്ധയിൽ ഇത് പെട്ടത്.

ദീർഘ കാലമായി ഉപയോഗത്തിലല്ലാത്ത ഈ ഈ ടാങ്ക് കോൺക്രീറ്റ് കൊണ്ട് അടച്ച നിലയിലായിരുന്നു. തൊഴിലാളികൾ ടാങ്കിന്റെ അടിഭാഗം പൊളിക്കുന്നതിനിടെയാണ് അകത്ത് അസ്ഥിഭാഗങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടത്.

ഉടൻ തന്നെ അവർ കെട്ടിട ഉടമയെയും പോലീസിനെയും വിവരമറിയിച്ചു.സംഭവസ്ഥലത്തെത്തിയ പോലീസ് അസ്ഥിഭാഗങ്ങൾ കസ്റ്റഡിയിലെടുത്തു.

തുടർന്ന് പരിശോധനയ്ക്കായി അവ ഫൊറൻസിക് ലാബിലേക്ക് അയച്ചു. ലഭിച്ചിരിക്കുന്നതിൽ തലയോട്ടിയും കുറച്ച് എല്ലുകളും മാത്രമാണ് ഉള്ളത്.മുഴുവൻ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ല.

മരണം എപ്പോഴാണ് സംഭവിച്ചതെന്നും, മരിച്ച വ്യക്തി ആരാണെന്നും, ഇത് കൊലപാതകമാണോ, അപകടമരണമാണോ, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണമാണോ എന്നതും ഇപ്പോൾ വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

എല്ലാ സാധ്യതകളും കണക്കിലെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

ഈ ദുരൂഹ കണ്ടെത്തലിനെ തുടർന്ന് പ്രദേശവാസികൾക്കിടയിൽ ഭീതിയും ആശങ്കയും നിലനിൽക്കുകയാണ്. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.