/kalakaumudi/media/media_files/2025/10/04/ipta-fest-2025-10-04-17-32-35.jpg)
നവി മുംബൈ: കവി - കവിത - കാലം ഒക്ടോബറിന്റെ ഓർമ്മയ്ക്ക് എന്ന ഇപ്റ്റ കേരളയുടെ മുംബൈ ഘടകം സംഘടിപ്പിച്ച കാവ്യസന്ധ്യയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജീവ് കാറൽമണ്ണ.
ഗാന്ധിയാവാൻ കെട്ടു വേഷങ്ങൾ അഴിച്ചു മാറ്റേണ്ടതായി വരും പക്ഷെ ഇന്നത്തെ ജനതയ്ക്ക് ഇനി അഥവാ അഴിച്ചുമാറ്റിയാലും നമ്മളെ വരയ്ക്കാൻ വളരെ പ്രയാസമായിരിക്കുമെന്ന് കാവ്യാലാപകൻ ഓർമ്മപ്പെടുത്തി.
ഗാന്ധി മരിച്ചപ്പോൾ ജവഹർലാൽ നെഹ്റു പറഞ്ഞത് വെളിച്ചം അണഞ്ഞു പോയി എന്നാണ് രാജീവ് കാറൽമണ്ണ അനുസ്മരിച്ചു.
മുംബൈയിലെ കവയിത്രി സുനിത ഏഴുമാവിലിൻ്റെ കവിതയുൾപ്പെടെ രാജീവ് കാറൽമണ്ണ ചൊല്ലി. മുഹമ്മദ് ആംലാഹ്, ദേവിക രാജീവ്, ശ്യാംലാൽ മണിയറ, ഹരിത മേനോൻ, കെ എ ഫിറോസ് എന്നിവരും കാവ്യാലാപനങ്ങൾ കൊണ്ട് ഒക്ടോബർ ഫെസ്റ്റിന് ചാരുതയേകി.
റെയിൽ വിഹാറിൽ ഒക്ടോബർ ഒന്നിന് കവി കവിത കാലം എന്ന കാവ്യ സദസ്സിൽ വയലാറും അക്കിത്തവും എം എൻ പാലൂരും കവിതകളിലൂടെ പെയ്തിറങ്ങി.
പല തരത്തിലും പ്രത്യക്ഷ വൈരുദ്ധ്യങ്ങളും സങ്കീർണതയും നിറഞ്ഞ ഗാന്ധി, അതിനിടയിൽ കൂടി സാദ്ധ്യമാക്കിയ വിധ്വംസകമായ ആശയ ലോകവും കർമ്മ വഴികളും വീണ്ടെടുക്കുക എന്നതാണ് വർത്തമാന ദൗത്യമെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഇപ്റ്റയുടെ രക്ഷാധികാരി ജി വിശ്വനാഥൻ പറഞ്ഞു.
ഗാന്ധിയെ വെറും തൂപ്പുകാരനായി ചുരുക്കാനുള്ള വലിയ ശ്രമം അയാളെ അയാളുടെ ആത്മാവിൽ നിന്ന് മാറ്റാനുള്ള, ചരിത്രത്തെ തിരുത്താനുള്ള ശ്രമമാണെന്നും ഇന്ത്യ കണ്ട വലിയ രാഷ്ട്രീയ ക്ളാസ്സിക്കൽ കവിതയാണ് ഗാന്ധിയെന്നും വിശ്വനാഥൻ പറഞ്ഞു. ഗാന്ധിയൻ സൗന്ദര്യ സങ്കല്പങ്ങൾ എന്തായിരുന്നു എന്ന് ടാഗോർ ഗാന്ധി സംഭാഷണങ്ങളിൽ നിന്ന് ഇഴ പിരിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാവുന്നതാണ് വിശ്വനാഥൻ പറഞ്ഞു.
മുംബൈയിലെ കാവ്യ സദസ്സുകളിലെ നിറസാന്നിധ്യമായിരുന്നു സുമാരാമചന്ദ്രനെ ഓർത്തായിരുന്ന ഇപ്റ്റയുടെ കവിതാരാമം തുടങ്ങിയത്.
രേണു മണിലാൽ സ്വാഗതം പറഞ്ഞ കാവ്യസന്ധ്യയ്ക്ക് ബിജു കോമത് ആമുഖവും ഷാബു ഭാർഗവൻ നന്ദിയും പറഞ്ഞു. കേരള കേന്ദ്രീയ സംഘടനയുടെ പ്രസിഡണ്ട് ടി എൻ ഹരിഹരൻ, നോവലിസ്റ്റ് സി പി കൃഷ്ണകുമാർ ഇപ്റ്റയുടെ ബാബു എൻ കെ എന്നിവർ ചേർന്ന് രാജീവ് കാറൽമണ്ണക്ക് പുരസ്ക്കാരം നൽകി.