കലാഭവൻ വിശ്വനാഥന് 'നാടൻ പാട്ടെന്നാൽ ജീവനും ജീവിതവും'

ഒട്ടനവധി വേദികള്‍ പ്രശസ്തരും പ്രഗല്‍ഭരുമായവരുടെ മുന്നില്‍ പാടാനും മിമിക്രി അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്

author-image
Honey V G
New Update
mdnddnn

ഗായകനും മിമിക്രി കലാകാരനുമായ കലാഭവന്‍ വിശ്വനാഥന്‍ സംസാരിക്കുന്നു

കുട്ടിക്കാലം മുതല്‍ തന്നെ പാട്ടിനോട് ഇഷ്ടമുള്ള വിശ്വനാഥന്‍, നാലാം ക്ലാസ് മുതല്‍ പാടി തുടങ്ങി. തുടര്‍ന്ന് മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങളാണ് വാരിക്കൂട്ടിയത്. മിമിക്രി, ലളിതഗാനം, പദ്യം ചൊല്ലല്‍ ഇതിലൊക്കെ ഒന്നാം സമ്മാനമാണ് അക്കാലത്ത് ലഭിച്ചത്. വട്ടേനാട് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് മിമിക്രി തലയ്ക്കു പിടിച്ചത്. എട്ടു മുതല്‍ പത്താം ക്ലാസ് വരെ മിമിക്രിയായിരുന്നു പ്രധാന ഐറ്റം. നിരവധി സ്റ്റേജുകളില്‍ മിമിക്രി അവതരിപ്പിച്ചു. പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്തുള്ള തിരുമിറ്റകോട് ഗ്രാമമാണ് വിശ്വനാഥന്റെ സ്വദേശം. വിശ്വനാഥന്‍ ഇപ്പോള്‍ നാടന്‍പാട്ടിലും മിമിക്രിയിലും അഭിനയത്തിലും സജീവമാണ്. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ബാലന്‍ മാഷ് ആയിരുന്നു വിശ്വനാഥനിലെ മിമിക്രിയെ മിനുക്കിയെടുക്കാന്‍ ആദ്യം ശ്രമിച്ചത്. മാഷിന്റെ ശബ്ദത്തെ അതുപോലെ അവതരിപ്പിക്കാറുള്ള വിവരം മാഷ് അറിയുകയും പിന്നീട് ബാലന്‍ മാഷിന്റെ പിന്തുണയില്‍ സ്‌കൂള്‍ തലങ്ങളില്‍ പടിപടിയായി ഉയര്‍ന്നുവരികയും ചെയ്തു വിശ്വനാഥന്‍. വിശ്വനാഥന്‍ കലാജീവിതം പറയുന്നു.

ndndnsn

കലാഭവനിലേക്ക്

പത്താം ക്ലാസ് മുതലുള്ള ആഗ്രഹമായിരുന്നു. നാലാം ക്ലാസ് മുതല്‍ കലോത്സവങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. പ്ലസ് ടു കഴിഞ്ഞ് ജോലിയുടെ ഭാഗമായി എറണാകുളത്ത് എത്തിയപ്പോഴാണ് പത്രത്തില്‍ കലാഭവനിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കാണ്ടത്. അങ്ങനെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുകയും സെലക്ട് ആവുകയും ചെയ്തു.

vbnnmnn

ലാലു അലക്‌സ്, പിന്നെ പപ്പു

 ഏറ്റവും കൂടുതല്‍ അഭിനന്ദനം ലഭിച്ചത് ലാലു അലക്‌സ്, പപ്പു തുടങ്ങിയ നടന്മാരെ അനുകരിച്ചപ്പോഴാണ്. കൂടാതെ നാട്ടിന്‍ പുറത്തെ പലരുടെയും ശബ്ദം അനുകരിക്കാറുണ്ട്.

bbnnnn

നിരവധി വേദികള്‍

നാലാം ക്ലാസ്സില്‍ മുതല്‍ പാടിയിട്ടുണ്ട്. ഇപ്പോള്‍ 35 വയസ് ആയി. ഒട്ടനവധി വേദികള്‍ പ്രശസ്തരും പ്രഗല്‍ഭരുമായവരുടെ മുന്നില്‍ പാടാനും മിമിക്രി അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

കരിയറില്‍ പിന്തുണ

ഒന്ന് എന്റെ കുടുംബം. പിന്നെ സുഹൃത്തുക്കള്‍. അവര്‍ എല്ലാ അവസരങ്ങളിലും പിന്തുണ നല്‍കിയിട്ടുണ്ട്. ഏഴാം ക്ലാസ് മുതല്‍ ഒരു നാടന്‍പാട്ട് സമിതിയില്‍ പാടാന്‍ പോയിരുന്നു. കാറല്‍മണ്ണ ഞാറ്റടി സംഘം. അതിലെ ശ്രീജിത്ത് കാറല്‍മണ്ണ. അദ്ദേഹമാണ് ഒരുപാട് പിന്തുണ നല്‍കിയത്.

nbcnnn

മിമിക്രിയും പാട്ടും

രണ്ടും പ്രിയപ്പെട്ടതാണ്. അതിലേറെ എനിക്ക് അഭിനയവും ഇഷ്ടമാണ്, താല്പര്യവുമാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലും ഷോര്‍ട്ട് ഫിലിമുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ജീവിതം മുന്നോട്ട് കൊണ്ട് പോകാനായി മറ്റ് പല ജോലിക്കും പോകുന്ന വിശ്വനാഥന് പക്ഷേ നാടൻപാട്ടും മിമിക്രിയും ജീവനും ജീവിതവുമാണ്.

അതെന്നെ വേദനിപ്പിച്ചു

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന ഒരു നടനോട് വലിയ ആരാധനയാണ് എനിക്ക്. ഒരിക്കല്‍ നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹത്തോട് ഇക്കാര്യം പറയുകയും താങ്കളുടെ അഭിനയം വളരെ ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. എന്നാല്‍, വളരെ അപ്രതീക്ഷിതമായി ആ നടന്‍ പച്ചതെറിയാണ് വിളിച്ചത്. എന്നെ അത് വല്ലാതെ വേദനിപ്പിച്ചു.