/kalakaumudi/media/media_files/2026/02/08/kcvkkmm-2026-02-08-21-47-10.jpg)
മുംബൈ : മഹാ മാഘ മഹോത്സവം സമാപിച്ചെങ്കിലും, കേരളം ഒരു അപൂർവമായ മത–സാംസ്‌കാരിക ദൃശ്യത്തിന് സാക്ഷ്യം വഹിച്ചു എന്ന വിലയിരുത്തലാണ് ഈ മഹോത്സവത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പങ്കുവെക്കുന്നത്.
ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയിൽ നടന്ന മഹാ മാഘം, ഹിന്ദു സമൂഹത്തിന്റെ ഐക്യത്തിന്റെയും സനാതന പാരമ്പര്യത്തിന്റെ പുനർജ്ജനത്തിന്റെയും ശക്തമായ പ്രതീകമായി മാറിയെന്നാണ് പൊതുവായ അഭിപ്രായം.
ശൈവ–വൈഷ്ണവ–സന്യാസ പാരമ്പര്യങ്ങളെ ഒരേ വേദിയിൽ ഒന്നിപ്പിച്ച മഹോത്സവം, ആത്മീയ ഐക്യത്തിന്റെ സന്ദേശമാണ് മുന്നോട്ടുവച്ചതെന്ന് ചടങ്ങിൽ പങ്കെടുത്ത മഹാരാഷ്ട്ര ബിജെപി നേതാവും സനാതന ധർമ്മ സഭ അധ്യക്ഷനുമായ കെ.ബി. ഉത്തംകുമാർ അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടൊപ്പം ചടങ്ങിൽ പങ്കെടുത്ത മുംബൈയിലെ സാമൂഹ്യപ്രവർത്തകനായ അദ്ദേഹം, ഈ മഹോത്സവം കേരളത്തിന്റെ ആത്മീയ ചരിത്രത്തിൽ പുതിയൊരു അധ്യായം തുറന്നുവെന്ന് വ്യക്തമാക്കി.
അദ്വൈത ദർശനത്തിലൂടെ “നീയും ഞാനും വേറല്ല” എന്ന സന്ദേശം ലോകത്തിന് നൽകിയ ശ്രീശങ്കരാചാര്യരുടെ മണ്ണിൽ മഹാ മാഘ മഹോത്സവം നടന്നത് ചരിത്രപരമായ പ്രാധാന്യമുള്ള സംഭവമാണെന്ന് ചടങ്ങിൽ പങ്കെടുത്ത ആചാര്യന്മാരും സന്യാസിമാരും അഭിപ്രായപ്പെട്ടു.
ഹരിദ്വാർ, കാശി ഉൾപ്പെടെയുള്ള പ്രധാന തീർത്ഥകേന്ദ്രങ്ങളിൽ നിന്നെത്തിയ സന്യാസിമാരുടെ സാന്നിധ്യം, ഭാരതപ്പുഴയുടെ തീരത്ത് ഒരു ചരിത്ര മുഹൂർത്തത്തിന്റെ പുനരാവർത്തനമായാണ് ഭക്തർ വിശേഷിപ്പിച്ചത്.
ഈ മഹാ മാഘ മഹോത്സവത്തിന് നേതൃത്വം നൽകിയത് ജൂന അഖാഡ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി ആയിരുന്നു. അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും വിവിധ സന്യാസി മഠങ്ങളുടെയും സനാതന വിശ്വാസികളുടെയും ഏകോപിതമായ സഹകരണവുമാണ് ഈ മഹാസംരംഭം വിജയകരമാക്കിയത് എന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ ആത്മീയ–സാംസ്‌കാരിക സാന്നിധ്യം ശക്തമായി രേഖപ്പെടുത്തിയ ഒരു ചരിത്ര സംഭവമായി മഹാ മാഘ മഹോത്സവം നിലനിൽക്കുമെന്ന് പങ്കെടുത്തവരും നിരീക്ഷകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
