/kalakaumudi/media/media_files/2025/07/04/mogsssjjq-2025-07-04-11-23-18.jpg)
മുംബൈ:16 വയസ്സുള്ള വിദ്യാർത്ഥിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ മാഹിമിലെ പ്രമുഖ സ്കൂളിലെ മുൻ അധ്യാപികയായ ബിപാഷ കുമാറിന്റെ (40) വൈദ്യ പരിശോധനകൾ മുംബൈ പോലീസ് പൂർത്തിയാക്കി. ബിപാഷ കുമാറിനെ നാല് ദിവസത്തെ കസ്റ്റഡിക്ക് ശേഷം വ്യാഴാഴ്ച കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചു.
കുറ്റകൃത്യത്തിൽ ബിപാഷയെ സഹായിച്ചതായി കരുതപ്പെടുന്ന സുഹൃത്ത് ഡോ. ഷോമിത ബാനർജിയെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോ.ബാനർജി യുണൈറ്റഡ് കിംഗ്ഡത്തിൽ (യുകെ) താമസിച്ചു വരികയാണെന്നാണ് വിവരം. ഇമെയിൽ വഴിയും നയതന്ത്ര മാർഗങ്ങൾ വഴിയും അവരുമായി ബന്ധപ്പെടാൻ അധികൃതർ ശ്രമിക്കുന്നു. അതേസമയം, ഡോക്ടർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ലൈംഗിക ചൂഷണം മൂലം സമ്മർദ്ദത്തിലായ ആൺകുട്ടിയെ കുറ്റാരോപിത അധ്യാപിക ബിപാഷ കുമാറുമായി ശാരീരിക ബന്ധത്തിന് പ്രേരിപ്പിക്കാൻ കൗൺസിലിംഗ് നൽകിയതായും സമ്മർദ്ദം ലഘൂകരിക്കാൻ 'ഡാക്സിഡ് 50 മില്ലിഗ്രാം' ഗുളികകൾ നൽകിയതായും ഡോ. ഷോമിത ബാനർജിക്കെതിരെ ആരോപണമുണ്ട്. അതേസമയം ഗർഭം ധരിക്കാതിരിക്കാനുള്ള മുൻ കരുതൽ ബിപാഷ എടുത്തിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കുറ്റാരോപിതയായ അധ്യാപിക ബിപാഷ കുമാർ 2024 ജനുവരി 24 നും 2025 ഫെബ്രുവരി 28 നും ഇടയിൽ ഇരയെ ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിക്കപ്പെടുന്നു. പ്രത്യേകിച്ച് കീർത്തി കോളേജിലേക്കുള്ള സരസ്വത് കോളനി ഫുട്പാത്തിന് സമീപമുള്ള ഒരു കാറിൽ,ജുഹുവിലെ മൂന്ന് ഹോട്ടലുകൾ ജെഡബ്ല്യു മാരിയട്ട്, വിലെ പാർലെയിലെ പ്രസിഡന്റ് ഹോട്ടൽ, ദി ലളിത് ഹോട്ടൽ എന്നിവിടങ്ങളിൽ വച്ചാണ് ഇരയെ ചൂഷണം ചെയ്തതെന്നാണ് ആരോപണം. ലൈംഗിക ബന്ധത്തിന് മുമ്പ് ബിപാഷ സ്വയം മദ്യം കഴിക്കുകയും ഇരയ്ക്ക് നിർബന്ധപൂർവ്വം നൽകിയതായും ആരോപിക്കപ്പെടുന്നു.
പ്രതിയായ ബിപാഷയുടെ വൈദ്യശാസ്ത്രപരവും മാനസികവുമായ പരിശോധനകൾ ഇന്നലെ പൂർത്തിയായി.കൂടാതെ, ഇരയായ ആൺകുട്ടിയെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്, കോടതിയിൽ ഉടൻ തന്നെ ഇരയുടെ മൊഴി രേഖപ്പെടുത്തുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കുറ്റാരോപിതയായ അധ്യാപികയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും അവരുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും പരിശോധിക്കുകയും ചെയ്തു.
അതേസമയം ഈ അധ്യാപകിക്കെതിരെ മുമ്പ് മറ്റാരെങ്കിലും പരാതി നൽകിയിട്ടുണ്ടോ എന്നും പോലിസ് പരിശോധിച്ചുവരികയാണ്.
കൂടാതെ, കുറ്റകൃത്യവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായി പോലീസ് ഇപ്പോൾ ജെഡബ്ല്യു മാരിയട്ട്, പ്രസിഡന്റ് ഹോട്ടൽ, ദി ലളിത് ഹോട്ടൽ എന്നിവയുടെ മാനേജ്‌മെന്റുമായി അന്വേഷണം നടത്തി വരികയാണ്.
കുറ്റാരോപിതയായ അധ്യാപിക ആൺകുട്ടിക്ക് നൽകിയ വസ്ത്രങ്ങൾ, സമ്മാനങ്ങൾ, വിലകൂടിയ സ്ഥലങ്ങളിൽ ഭക്ഷണം എന്നിവയെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ജൂൺ 28 ന്, ദാദർ പോലീസ് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) ആക്ടിലെ സെക്ഷൻ 123, 351(2), 3(5) (പോക്സോ) ആക്ടിലെ സെക്ഷൻ 4, 6, 17 സെക്ഷൻ 77 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.