/kalakaumudi/media/media_files/2025/10/14/nrnenen-2025-10-14-20-35-25.jpg)
എറണാകുളം: ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായ ലിറ്റ്മസ് 2025, ഈ വർഷം ഒക്ടോബർ 19-ന് (ഞായർ) രാവിലെ 8:30 മുതൽ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുന്നു.
ശാസ്ത്രീയ ബോധവും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന എസൻസ് ഗ്ലോബൽ (ESSENSE Global) ആണ് ഈ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്.
മത-മതേതര അന്ധവിശ്വാസങ്ങളെയും, ദൈവവിശ്വാസത്തിന്റെ പേരിൽ നിലനിൽക്കുന്ന സാമൂഹിക അനീതികളെയും വിമർശനാത്മകമായി വിശകലനം ചെയ്യുന്ന സ്വതന്ത്രചിന്തകരുടെ ഈ വേദി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിന്തകരെയും ശാസ്ത്രപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഒന്നിപ്പിക്കുന്നതാണ്.
പ്രതിവർഷം പതിനായിരത്തോളം പേർ പങ്കെടുക്കുന്ന ഈ സമ്മേളനം, യുക്തിചിന്ത, ശാസ്ത്രീയ അന്വേഷണബോധം, മാനവികത എന്നിവയുടെ മഹോത്സവമായി മാറിയിരിക്കുന്നു.
ലിറ്റ്മസ് 2025-ൽ സമൂഹത്തെ രൂപപ്പെടുത്തുന്ന പ്രധാന സാമൂഹിക-മാനസിക വിഷയങ്ങൾ ചർച്ചയാകും. വ്യത്യസ്ത കാഴ്ചപ്പാടുകളും ഉൾക്കാഴ്ചയുള്ള സംവാദങ്ങളും പങ്കുവെക്കപ്പെടുന്ന ഈ വേദി, സ്വതന്ത്രചിന്തയ്ക്കും വിമർശനാത്മക അന്വേഷണത്തിനും ധൈര്യം പകരുന്ന കൂട്ടായ്മയായി മാറുകയാണ്.
ദൈവം ഉൾപ്പെടെ അന്ധവിശ്വാസങ്ങളെ പിന്തുണയ്ക്കാത്തതിനാൽ സമൂഹത്തിൽ അംഗീകാരമില്ലാതെ നിൽക്കുന്ന സ്വതന്ത്രചിന്തകരുടെ നിലപാടുകൾക്ക് ശബ്ദമാകുകയും, അതിലൂടെ മറ്റുള്ളവർക്കും പ്രചോദനമാകുകയും ചെയ്യുകയാണ് ലിറ്റ്മസ് ലക്ഷ്യമിടുന്നത്.
ഈ വർഷം ലിറ്റ്മസിന്റെ ഭാഗമായി എസൻസ് മഹാരാഷ്ട്രയുടെ അംഗങ്ങളും ചരിത്രത്തിന്റെ ഭാഗമാകാനായി കൊച്ചിയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
വിവിധ സെഷനുകൾ, ചിന്തോദീപക പ്രഭാഷണങ്ങൾ, ചര്‍ച്ചകള്‍, കലാപ്രകടനങ്ങൾ എന്നിവയിലൂടെ ലിറ്റ്മസ് 2025 സ്വതന്ത്രചിന്തയുടെ പുതിയ അധ്യായം രചിക്കാനൊരുങ്ങുന്നു.