/kalakaumudi/media/media_files/2026/01/14/kdnnn-2026-01-14-20-59-06.jpg)
മുംബൈ : മുംബൈ–താനെ ഉൾപ്പെടെ 29 ഓളം മുനിസിപ്പൽ കോർപറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ് നാളെ.
കോടിക്കണക്കിന് ജനങ്ങൾ താമസിക്കുന്ന ഈ നഗരങ്ങളിൽ തദ്ദേശ ഭരണകൂടങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മുതൽ ദിനസാധാരണ ജീവിതത്തെ ബാധിക്കുന്ന അനവധി വിഷയങ്ങൾ വരെ മുനിസിപ്പൽ കോർപറേഷനുകളുടെ തീരുമാനങ്ങളിലാണ് ആശ്രയിക്കുന്നത്.
എന്നിട്ടും, ഓരോ തിരഞ്ഞെടുപ്പും നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു യാഥാർഥ്യമുണ്ട് നഗരങ്ങളിൽ പോളിങ് ശതമാനം ആശങ്കാജനകമായി താഴെയാണ്.
നഗരവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പുതുതല്ല. മഴക്കാലത്തെ വെള്ളക്കെട്ട്, തകർന്ന റോഡുകൾ, മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾ, കുടിവെള്ള ക്ഷാമം, ആരോഗ്യ സേവനങ്ങളിലെ അപാകതകൾ — ഇതെല്ലാം വർഷങ്ങളായി ആവർത്തിക്കപ്പെടുന്ന പരാതികളാണ്.
എന്നാൽ ഈ പരാതികൾക്ക് ഉത്തരവാദികളായ ഭരണസമിതികളെ തിരഞ്ഞെടുക്കുന്ന വേളയിൽ വലിയൊരു വിഭാഗം മാറിനിൽക്കുകയാണ്.വോട്ട് രേഖപ്പെടുത്താതിരിക്കുന്നത് പ്രതിഷേധമോ നിഷ്പക്ഷതയോ അല്ല; അത് ജനാധിപത്യത്തിലെ സ്വയം പിന്മാറ്റമാണ്.
ഒരു വോട്ട് കൊണ്ട് എന്ത് മാറും?” എന്ന ചോദ്യം നഗരങ്ങളിൽ കൂടുതലായി കേൾക്കാം. എന്നാൽ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകളുടെ ചരിത്രം തന്നെ അതിന് മറുപടിയാണ്. ചെറിയ വോട്ടിന്റെ വ്യത്യാസത്തിലാണ് പല വാർഡുകളിലും അധികാരം മാറിയിട്ടുള്ളത്.ഒരു കൗൺസിലറുടെ തിരഞ്ഞെടുപ്പ്, പിന്നീട് ഒരു നഗരത്തിന്റെ അഞ്ചുവർഷത്തെ ഭരണ ദിശ നിർണ്ണയിക്കുന്ന തീരുമാനമായി മാറുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ട്.
എന്നാൽ ഇപ്രാവശ്യം വോട്ടർമാരെ കൂടുതൽ ബോധവൽക്കരണം നടത്തേണ്ടിയിരുന്നു എന്ന അഭിപ്രായമാണ് സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകയായ ലൈജി വർഗീസ് പങ്ക് വെച്ചത്.
'വോട്ട് രേഖപ്പെടുത്തുക ഓരോ പൗരന്റെയും കടമയാണ്. എന്നാൽ പലരും ഇപ്പോഴും അത് നിർവഹിക്കുന്നില്ല. ഈവണത്തെ തെരഞ്ഞെടുപ്പിൽ ഓരോ വോട്ടർക്കും നാല് വോട്ടുകൾ ഉള്ളതിനാൽ, മതിയായ ബോധവൽക്കരണം ഇല്ലെങ്കിൽ അസാധു വോട്ടുകൾ വർധിക്കാം എന്ന ആശങ്കയുണ്ട്'. ലൈജി വർഗീസ് പറയുന്നു.
ഉൾവേയിലെ താമസക്കാരനും വാശി യിൽ ആയുർവേദ സ്ഥാപനം നടത്തുകയും ചെയ്യുന്ന സുധീഷ് പി പറയുന്നത് മലയാളികൾ പലപ്പോഴും വോട്ട് വിനിയോഗിക്കാൻ മടി കാണിക്കാറുണ്ട് എന്നതാണ്.
“വോട്ട് ചെയ്യാതെ പരാതി പറയുന്നതിൽ അർഥമില്ല. എന്റെ പങ്ക് ഞാൻ നിർവഹിച്ചില്ലെങ്കിൽ മാറ്റം ആവശ്യപ്പെടാനുള്ള അവകാശവും നഷ്ടപ്പെടുന്നു.പലപ്പോഴും നമ്മളിൽ ചിലരെങ്കിലും വോട്ടവകാശം വിനിയോഗിക്കാറില്ല ഇത് നിർഭാഗ്യകരമാണ് ”. സുധീഷ് പറഞ്ഞു.
അതേസമയം, യുവ വോട്ടർമാരുടെ മനോഭാവം മറ്റൊരു പ്രതീക്ഷയും നൽകുന്നു. താനെയിലെ വിദ്യാർത്ഥിനിയായ സ്നേഹ മേനോൻ പറയുന്നു “സോഷ്യൽ മീഡിയയിൽ അഭിപ്രായം എഴുതുന്നതിന് അപ്പുറം, ബൂത്തിലെ വോട്ട് തന്നെയാണ് ഏറ്റവും ശക്തമായ പ്രതികരണം.വേണ്ട പോലെ വിനിയോഗിക്കണം ”
നഗരങ്ങളിൽ പോളിങ് ശതമാനം കുറയുമ്പോൾ, ജനാധിപത്യത്തിന്റെ നിയന്ത്രണം ക്രമേണ കുറച്ച് ആളുകളുടെ കൈകളിലേക്കാണ് ചുരുങ്ങുന്നത്. അതിന്റെ ഫലമാണ് പലപ്പോഴും “നമ്മുടെ ശബ്ദം ആരും കേൾക്കുന്നില്ല” എന്ന പൊതുവായ പരാതി. ശബ്ദം കേൾക്കപ്പെടണമെങ്കിൽ ആദ്യം അത് രേഖപ്പെടുത്തണം വോട്ടായി.ശാന്തി നഗർ നിവാസിയായ ഷെജിത്ത് ടി കെ പറഞ്ഞു.
ജനുവരി 15 ഒരു ഔപചാരിക തിരഞ്ഞെടുപ്പ് തീയതി മാത്രമല്ല. അത് നഗരത്തിന്റെ ഭരണത്തെക്കുറിച്ചുള്ള പൊതുവായ അംഗീകാരത്തിന്റെയും നിരാകരണത്തിന്റെയും ദിനമാണ്. അന്ന് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് ഒരു രാഷ്ട്രീയ പ്രവർത്തിയല്ല മാത്രം; പൗരനെന്ന നിലയിലെ ഉത്തരവാദിത്തത്തിന്റെ ഏറ്റവും അടിസ്ഥാന രൂപമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
