കടലിനടിയിലെ അത്ഭുതലോകം തുറക്കാൻ മഹാരാഷ്ട്ര;സിന്ധുദുർഗിൽ ഇന്ത്യയിലെ ആദ്യ സബ്മറിൻ ടൂറിസം പദ്ധതി വരുന്നു

പദ്ധതിയുടെ ഭാഗമായി കടലിനടിയിൽ ഒരു അണ്ടർവാട്ടർ മ്യൂസിയവും ആർട്ടിഫിഷ്യൽ റീഫും സൃഷ്ടിക്കും. സേവനത്തിൽ നിന്ന് ഒഴിവാക്കിയ ഒരു പഴയ നാവികകപ്പൽ കടലിൽ താഴ്ത്തി, സമുദ്രജീവികൾക്ക് ആവാസകേന്ദ്രമാക്കും

author-image
Honey V G
New Update
mdnsnsn

മുംബൈ: മഹാരാഷ്ട്രയുടെ ടൂറിസം ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച്, കോൺകൺ തീരത്തെ സിന്ധുദുർഗ് ജില്ലയിൽ ഇന്ത്യയിൽ ആദ്യമായി സബ്മറിൻ ടൂറിസം പദ്ധതി ആരംഭിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

സമുദ്രത്തിനടിയിലൂടെ സഞ്ചരിച്ച് കടൽജീവിതം നേരിട്ട് കാണാൻ അവസരം നൽകുന്ന ഈ പദ്ധതി, ആഭ്യന്തരവും വിദേശവുമായ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പുതിയ അനുഭവമായി മാറുമെന്നാണ് വിലയിരുത്തൽ.

ഏകദേശം 110 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരേസമയം 24 പേർക്ക് യാത്ര ചെയ്യാവുന്ന, ബാറ്ററിയിൽ പ്രവർത്തിക്കുന്ന സബ്മറിൻ ഇതിനായി ഉപയോഗിക്കും.

നിശ്ചിത ആഴത്തിൽ സുരക്ഷിതമായി സഞ്ചരിക്കുന്ന ഈ സബ്മറിൻ വഴി മത്സ്യങ്ങൾ, കടൽസസ്യങ്ങൾ, പാറക്കൂട്ടങ്ങൾ തുടങ്ങിയവ നേരിൽ കാണാൻ കഴിയും. പരിസ്ഥിതിക്ക് കേടുപാടുണ്ടാകാത്ത രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായി കടലിനടിയിൽ ഒരു അണ്ടർവാട്ടർ മ്യൂസിയവും ആർട്ടിഫിഷ്യൽ റീഫും സൃഷ്ടിക്കും.

സേവനത്തിൽ നിന്ന് ഒഴിവാക്കിയ ഒരു പഴയ നാവികകപ്പൽ കടലിൽ താഴ്ത്തി, സമുദ്രജീവികൾക്ക് ആവാസകേന്ദ്രമാക്കും.

ഇതോടെ സിന്ധുദുർഗിനെ ഒരു പ്രധാന സമുദ്ര ടൂറിസം കേന്ദ്രമായി ഉയർത്തുകയാണ് ലക്ഷ്യം. പദ്ധതി നടപ്പാകുന്നതോടെ പ്രദേശത്ത് തൊഴിൽ അവസരങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളും വർധിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.