മലയാളം മിഷൻ പഠനോത്സവം ആഘോഷത്തിമർപ്പോടെ സമാപിച്ചു

കണിക്കൊന്ന (രണ്ട് വർഷം), സൂര്യകാന്തി (രണ്ട് വർഷം), ആമ്പൽ (മൂന്ന് വർഷം) എന്നീ പാഠ്യപദ്ധതികളിൽ പഠനം പൂർത്തിയാക്കിയവരാണ് ഈ പരീക്ഷയെഴുതിയത്. പഠിതാക്കളുടെ ഭാഷാ കഴിവ് വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച പഠനോത്സവം മാതൃഭാഷാ പഠനത്തിന്റെ ഉത്സവമായി മാറി

author-image
Honey V G
New Update
mdndnnd

മുംബൈ : “എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്ന ലക്ഷ്യവാക്യത്തോടെ പ്രവർത്തിക്കുന്ന മലയാളം മിഷൻ സംഘടിപ്പിച്ച പഠനോത്സവം എന്ന പേരിലുള്ള പരീക്ഷ ജനുവരി 4-ന് വിജയകരമായി നടന്നു.മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്ന പഠനോത്സവത്തിൽ 244 പഠിതാക്കളാണ് പങ്കെടുത്തത്.

കണിക്കൊന്ന (രണ്ട് വർഷം), സൂര്യകാന്തി (രണ്ട് വർഷം), ആമ്പൽ (മൂന്ന് വർഷം) എന്നീ പാഠ്യപദ്ധതികളിൽ പഠനം പൂർത്തിയാക്കിയവരാണ് ഈ പരീക്ഷയെഴുതിയത്. പഠിതാക്കളുടെ ഭാഷാ കഴിവ് വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച പഠനോത്സവം മാതൃഭാഷാ പഠനത്തിന്റെ ഉത്സവമായി മാറി.

nenenen

ഉയർന്ന ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനുള്ള സമാന്തര പരീക്ഷ ഭാഷ 

കൈകാര്യം ചെയ്യാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി സംഘടിപ്പിച്ച സമാന്തര പരീക്ഷയിൽ 18 കുട്ടികൾ പങ്കെടുത്തു. ഉയർന്ന തലങ്ങളിലേക്കുള്ള പഠനത്തിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ ഈ പരീക്ഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

mdndndn

വ്യാപകമായി പരീക്ഷാകേന്ദ്രങ്ങൾ; നിരവധി മേഖലകളിൽ പങ്കാളിത്തം

പാൽഘർ–നല്ലസൊപാര, വസായ്–മീര മേഖലകളിലെ പഠിതാക്കൾ കാശിമീരയിലെ മുംബൈ മലയാളി സമാജം ഹൈസ്കൂളിൽ പരീക്ഷയെഴുതി. ദഹിസർ–ബാന്ദ്ര, പവായ്–സാക്കിനാക്ക, കൊളാബ–മാൻഖുർദ്, താന മേഖലകളിലെ കുട്ടികൾ ചെമ്പൂർ ശ്രീനാരായണ മന്ദിര സമിതി ഹൈസ്കൂളിലും പങ്കെടുത്തു.

മഹാഡ്–കാമോഠേ മേഖലയിലെ പഠിതാക്കൾ ന്യൂ പൻവേൽ വെസ്റ്റിലെ സി.കെ.ടി കോളേജിലും, ഖാർഘർ–ഐരോളി മേഖലയിലെ കുട്ടികൾ കോപ്പർഖൈർണെ ന്യൂ മുംബൈ കൾച്ചറൽ സെന്റർ ഹാളിലും പരീക്ഷയെഴുതി.

മുമ്പ്ര–കല്യാൺ, കല്യാൺ–ബദ്‌ലാപൂർ മേഖലകളിലെ പഠിതാക്കൾ കല്യാൺ മോഡൽ സ്കൂളിലും, നാസിക് മേഖലയിലെ കുട്ടികൾ നാസിക് കേരള സേവാ സമിതിയിലും, കൊങ്കൺ മേഖലയിലെ പഠിതാക്കൾ പെൻ വാചനാലയത്തിലും രത്‌നഗിരി കേരള സമാജത്തിലുമായി പഠനോത്സവത്തിലും സമാന്തര പരീക്ഷയിലും പങ്കെടുത്തു.

ndndndn

മാതൃഭാഷാ സ്നേഹത്തിന്റെ ഹൃദയസ്പർശിയായ കഥ

 കാശിമീര ബി.എം.എസ് സ്കൂളിലെ പരീക്ഷാകേന്ദ്രത്തിൽ താരാപ്പൂരിൽ നിന്നുള്ള ലിൻസി, തന്റെ രണ്ട് മക്കളോടൊപ്പം പരീക്ഷയെഴുതാൻ എത്തിയതിലൂടെ ശ്രദ്ധേയയായി. താരാപ്പൂർ മലയാളി സമാജം നടത്തുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിലെ സിന്ധു, ബീന എന്നീ അധ്യാപികമാരുടെ പിന്തുണയോടെ കഴിഞ്ഞ രണ്ട് വർഷമായി ലിൻസി കണിക്കൊന്ന കോഴ്‌സിൽ പഠനം തുടരുകയാണ്.

ഗുജറാത്തിൽ ജോലി ചെയ്തിരുന്ന അച്ഛൻ പി.ജി. ഡാനിയലിനൊപ്പം കുടുംബം താമസിച്ചതിനാൽ ലിൻസിക്ക് കേരളത്തിൽ വിദ്യാഭ്യാസം നേടാനോ മലയാളം പഠിക്കാനോ അവസരം ലഭിച്ചിരുന്നില്ല. മകൾക്ക് മലയാളം അറിയണമെന്ന ആഗ്രഹത്താൽ ഡാനിയൽ തന്നെ ലിൻസിയെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചു. വിവാഹത്തിനുശേഷം താരാപ്പൂരിൽ താമസമാക്കിയ ലിൻസി, അച്ഛന്റെ ആഗ്രഹം സഫലമാക്കുന്നതിനായാണ് മലയാളം മിഷൻ ക്ലാസുകളിൽ ചേർന്നത്. മലയാളത്തോടുള്ള സ്നേഹത്തിന്റെ ഭാഗമായി മക്കളെയും ഒപ്പം കൂട്ടുകയായിരുന്നു.

ലിൻസിയുടെ മകൻ ഏബൽ വർഗീസ് ബൊയ്സർ സെന്റ് ഫ്രാൻസിസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും, മകൾ അലീന വർഗീസ് നാലാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. കേരളത്തിലെ പന്തളം ആണ് ലിൻസി സജി വർഗീസിന്റെ സ്വദേശം.

ndndndm

അമ്മയും മകളും ഒരുമിച്ച് പരീക്ഷയെഴുതി 

കോപ്പർഖൈർണെ പരീക്ഷാകേന്ദ്രത്തിൽ സീവുഡ്സ് മലയാളി സമാജത്തിലെ വിദ്യാർത്ഥികളായ ജിഷ മുരളിയും മകൾ അനഘ മുരളി മാട്ടുമ്മലും ഒരുമിച്ച് കണിക്കൊന്ന പരീക്ഷയെഴുതി. അമ്മയും മകളും ഒരുമിച്ച് പരീക്ഷയെഴുതിയ അപൂർവ അനുഭവം ഇരുവർക്കും വലിയ സന്തോഷം നൽകുന്നതാണെന്ന് അവർ പറഞ്ഞു.

പരീക്ഷ കഴിഞ്ഞ ശേഷം കുഞ്ഞിക്കവിത ചൊല്ലി പഠിതാക്കളെ രസിപ്പിച്ചാണ് ഇരുവരും മടങ്ങിയത്. നല്ല മാർക്ക് ലഭിക്കുമെന്ന ആത്മവിശ്വാസവും അവർ പങ്കുവച്ചു. ജിഷ മുരളി, സാംസ്കാരിക പ്രവർത്തകനും മലയാള സിനിമാ നിർമ്മാതാവുമായ മുരളി മാട്ടുമ്മലിന്റെ സഹധർമ്മിണിയാണ്.

ndndnn

കുടുംബമായി മലയാളം പഠിച്ച് മാതൃകയായി

 ചെമ്പൂർ പരീക്ഷാകേന്ദ്രത്തിൽ, താന മേഖലയിലെ ലേക് സിറ്റി മലയാളി വെൽഫയർ അസോസിയേഷൻ പഠനകേന്ദ്രത്തിലെ വിദ്യാർത്ഥികളായ ജയപ്രകാശ് നായർ, സഹധർമ്മിണി പ്രേമ നായർ, മകൾ നിഹാരിക നായർ എന്നിവർ ഒരുമിച്ച് കണിക്കൊന്ന പരീക്ഷയെഴുതി.

അഭിഭാഷകനായ ജയപ്രകാശ് നായരും അധ്യാപികയായ പ്രേമ നായരും അവരുടെ മകളും വളരെ വേഗത്തിൽ മലയാളം വായിക്കാനും എഴുതാനും പഠിച്ചുവെന്നും, അതീവ ഉത്സാഹത്തോടെയാണ് മാതൃഭാഷാ പഠനത്തിൽ പങ്കെടുക്കുന്നതെന്നും അധ്യാപകർ അറിയിച്ചു.

vcnmmm