മലയാളം മിഷന്‍ ഗൃഹസന്ദർശനമാസവും പ്രവേശനോത്സവവും

2023 ല്‍ ഏറ്റവും മികച്ച ചാപ്റ്ററിനുള്ള “കണിക്കൊന്ന പുരസ്കാരം” മുംബൈ ചാപ്റ്റര്‍ നേടുകയുണ്ടായി. മികച്ച അദ്ധ്യാപകര്‍ക്ക് നല്‍കുന്ന ബോധി അദ്ധ്യാപക പുരസ്കാരം 2025 ല്‍ മുംബൈ ചാപ്റ്ററിലെ നിഷ പ്രകാശ് ആണ് നേടിയത്.

author-image
Honey V G
New Update
mohgfsryjk

മുംബൈ:പ്രവാസി മലയാളികളുടെ പുതിയ തലമുറയ്ക്ക് മലയാള ഭാഷയും സംസ്കാരവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍. മലയാളം മിഷന്‍ മുംബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് പതിമൂന്നു വര്‍ഷത്തിലേറെയായി.

അന്യനാടുകളില്‍ ജീവിക്കുന്നവരെ മാതൃ ഭാഷ പഠിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന ലോകത്തിലെ തന്നെ പ്രഥമ സംരംഭമാണ് മലയാളം മിഷന്‍.

നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്‍റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും കണിക്കൊന്ന (2 വർഷം) യില്‍ ചേരാം. തുടർന്ന് സൂര്യകാന്തി (2 വർഷം), ആമ്പല്‍ (3 വർഷം), നീലക്കുറിഞ്ഞി (3വർഷം) എന്നീ കോഴ്സുകള്‍ ക്രമാനുക്രമം ചെയ്യാവുന്നതാണ്. നീലക്കുറിഞ്ഞി കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന പഠിതാവിന് കേരള പാഠാവലിയുടെ പത്താം തരത്തിന് തുല്യതയുള്ള കേരള സര്‍ക്കാരിന്‍റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കെ.എ.എസ്, പി.എസ്.സി. പരീക്ഷകളില്‍ മാതൃഭാഷ പ്രാവീണ്യം നിര്‍ബന്ധമാണ്‌. അതിലൂടെ പുതിയ തൊഴില്‍ സാദ്ധ്യതകളും വന്നെത്തുന്നു. സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ഒരു ചാപ്റ്ററാണ് മുംബൈ ചാപ്റ്റര്‍. 2023 ല്‍ ഏറ്റവും മികച്ച ചാപ്റ്ററിനുള്ള “കണിക്കൊന്ന പുരസ്കാരം” മുംബൈ ചാപ്റ്റര്‍ നേടുകയുണ്ടായി. മികച്ച അദ്ധ്യാപകര്‍ക്ക് നല്‍കുന്ന ബോധി അദ്ധ്യാപക പുരസ്കാരം 2025 ല്‍ മുംബൈ ചാപ്റ്ററിലെ നിഷ പ്രകാശ് ആണ് നേടിയത്.

2024 മാര്‍ച്ചില്‍ നടന്ന പ്രഥമ നീലക്കുറിഞ്ഞി -2- പരീക്ഷയില്‍ മുംബൈ ചാപ്റ്ററില്‍ നിന്ന് പരീക്ഷ എഴുതിയ 21 പേരും ഉന്നത വിജയം കരസ്ഥമാക്കുകയുണ്ടായി. 2025 ജൂണില്‍ നടന്ന നീലക്കുറിഞ്ഞി പരീക്ഷയില്‍ 19 പേര്‍ പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുന്നു.

'എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാളം എത്തിക്കുക' എന്നതാണ് മലയാളം മിഷന്റെ ലക്‌ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിന്റെ ഭാഗമായി ജൂലൈ 1 മുതല്‍ ജൂലൈ 31 വരെ ഗൃഹ സന്ദര്‍ശനമാസമായി മുംബൈ ചാപ്റ്റര്‍ ആചരിക്കയാണ്. ഈ ഒരു മാസക്കാലം എല്ലാ മലയാളികളുടെയും വീടുകള്‍ സന്ദര്‍ശിച്ച് ക്ഷേമാന്വേഷണം നടത്തുന്നതിനും മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ പ്രചാരണം സംഘടിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

മഹാമാരി കാലത്തും മറ്റുമായി മലയാളം മിഷന്‍ ക്ലാസ്സുകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരെയും പ്രവര്‍ത്തകരെയും വീണ്ടും മലയാളം മിഷന്‍ കുടുംബത്തിലേക്ക് ക്ഷണിച്ച് അവരെ കൂടെ ചേര്‍ത്ത് നിര്‍ത്തുന്നതിനും പുതിയ പഠിതാക്കളെ കണ്ടെത്തി അവര്‍ക്കുകൂടി മാതൃഭാഷയുടെ മാധുര്യം പകര്‍ന്നു നല്‍കാനുമാണ് ഈ ഗൃഹസന്ദര്‍ശനമാസാചരണത്തിലൂടെ ശ്രമിക്കുന്നത്.

ഗൃഹസന്ദര്‍ശനമാസാചരണത്തിലൂടെ പുതിയതായി വരുന്ന പഠിതാക്കളെയും കൂടി ഉള്‍പ്പെടുത്തി, മേഖലാതലങ്ങളിലായി ആഗസ്റ്റ് 10 ന് ഈ വര്‍ഷത്തെ പ്രവേശനോത്സവം നടത്തുന്നതാണ്. ഈ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്നതിനായി രക്ഷകര്‍ത്താക്കളുടെയും മലയാളി സമാജ ങ്ങളുടെയും മറ്റ് മലയാളി സംഘടനകളുടെയും മലയാളം മിഷന്‍ അദ്ധ്യാപകരുടെയും ഭാഷാ സ്നേഹികളുടെയും നിര്‍ലോഭമായ സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് പറഞ്ഞു.