മലയാളം മിഷൻ കൊങ്കൺ മേഖല പ്രവേശനോത്സവം ആഗസ്റ്റ് 10 ന്

പെന്‍ മുന്‍സിപ്പല്‍ ചെയര്‍ പെഴ്സൺ പ്രീതം പാട്ടില്‍ മുഖ്യാതിഥിയായെത്തുന്ന യോഗത്തില്‍ പെന്‍ മലയാളി സമാജം പ്രസിഡന്റ് സി.കെ.ഷിബുകുമാര്‍ അദ്ധ്യക്ഷത വഹിക്കും

author-image
Honey V G
New Update
aefghbn

റായ്ഗഡ്:2025-26 അധ്യയനവര്‍ഷത്തിലെ മലയാളി മിഷന്‍ കൊങ്കൺ മേഖല പ്രവേശനോത്സവം പെന്‍ - റോഹ പഠനകേന്ദ്രങ്ങള്‍ സംയുക്തമായി പെന്‍ മാഡാകോളനി വാചനാലയില്‍ വെച്ചും രത്‌നഗിരി പഠനകേന്ദ്രത്തില്‍ സ്വാമി സമര്‍ത്ഥ് ഹാളില്‍ വെച്ചും ആഗസ്റ്റ് പത്താം തീയതി രാവിലെ പത്ത് മണിയ്ക്ക് നടക്കും.

പെന്‍ മുന്‍സിപ്പല്‍ ചെയര്‍ പെഴ്സൺ പ്രീതം പാട്ടില്‍ മുഖ്യാതിഥിയായെത്തുന്ന യോഗത്തില്‍ പെന്‍ മലയാളി സമാജം പ്രസിഡന്റ് സി.കെ.ഷിബുകുമാര്‍ അദ്ധ്യക്ഷത വഹിക്കും. സമാജം സെക്രട്ടറി വി.സഹദേവന്‍ സ്വാഗതം ആശംസിക്കും.

കൊങ്കണ്‍ മേഖല സെക്രട്ടറി കെ ടി രാമകൃഷ്ണന്‍ പ്രവേശനോത്സവം ഉത്ഘാടനം ചെയ്യും. നീലക്കുറിഞ്ഞി വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവ ഗാനത്തോടെ പുതിയ പ്രവേശനാര്‍ത്ഥികളെ വരവേല്‍ക്കന്നതായിരിക്കും.

തുടര്‍ന്ന് പഠനകേന്ദ്രം പ്രതിനിധികളായ ജോബീഷ്, ജിജിമോന്‍ കെ. പ്രദീപ് കുമാര്‍, സുമേഷ് .ടി, ജോയ്‌സ് ജോണ്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കും. തുടര്‍ന്നു കൊങ്കൺ മേഖലാ കോഡിനേറ്റര്‍ സജിനി സുരേന്ദ്രന്‍ മേഖലാതലത്തിലുള്ള മലയാളം മിഷന്‍ ക്‌ളാസുകളുടെ അവലോകനം നടത്തും.

കൊങ്കൺ മേഖലാ പ്രസിഡന്റും അധ്യാപകനും വാഗ്മിയുമായ സാം വര്‍ഗ്ഗീസ് ഓതറ ക്‌ളാസ് നയിക്കും. മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മനോഹരമായ കലാപരിപാടികളെ തുടര്‍ന്ന് 2023- 24, 2024 - 25 വര്‍ഷത്തെ സുഗതാഞ്ജലി സര്‍ട്ടിഫിക്കറ്റുകളും മൊമെന്റോയും, കഴിഞ്ഞ അധ്യയനവര്‍ഷത്തിലെ പഠനോത്സവ സര്‍ട്ടിഫിക്കറ്റുകള്‍, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ നടത്തിയ കൈപ്പുസ്തക നിര്‍മ്മാണ മത്സരത്തില്‍ ഒന്നാമത്തേയും നാലാമത്തേയും സ്ഥാനത്തെത്തിയ കൊങ്കണ്‍ മേഖലയിലെ സര്‍ട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കും.

രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് ഷിബു മാത്യുവിന്റെ നന്ദിപ്രകാശനത്തോടെ യോഗം അവസാനിക്കും.