മലയാളം മിഷൻ സുഗതാഞ്ജലി ആഗോള കാവ്യാലാപന മുംബൈ ചാപ്റ്റർ തല മത്സരം ആഗസ്റ്റ് 31 ന് ചെമ്പൂരിൽ

ഓരോ ചാപ്പ്റ്ററില്‍ നിന്നുള്ള വിജയികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൂന്നാം ഘട്ടമാണ് ആഗോള ഫൈനല്‍. ഈ വർഷം ഒഎൻവി കവിതകളുടെ ആലാപനമാണ് നിശ്ചയിച്ചിട്ടുള്ളത്

author-image
Honey V G
New Update
ndndnsn

മുംബൈ:പ്രശസ്ത കവയിത്രിയും മലയാളം മിഷന്‍ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് മലയാളം മിഷന്‍ “സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം” നടത്തുന്നത് ഇത് അഞ്ചാം വര്‍ഷമാണ്‌.

ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ ചാപ്റ്റര്‍/ മേഖലകളിലെ പഠിതാക്കളാണ് സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ പങ്കെടുക്കുന്നത്.

മുംബൈ ചാപ്റ്റർ തല കാവ്യാലാപന മത്സരം ആഗസ്റ്റ് 31 രാവിലെ 10 മണി മുതൽ ചെമ്പൂർ ആദർശ വിദ്യാലയത്തിൽ വെച്ച് നടക്കും. മേഖല തലത്തില്‍ നടത്തുന്ന മത്സരമാണ് ഒന്നാം ഘട്ടം. മേഖല തല മത്സരങ്ങളിലെ 1, 2, 3 സ്ഥാനക്കാരെ ഉള്‍പ്പെടുത്തി നടത്തുന്ന ചാപ്റ്റര്‍ തല മത്സരമാണ് രണ്ടാം ഘട്ടം. ഓരോ ചാപ്പ്റ്ററില്‍ നിന്നുള്ള വിജയികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൂന്നാം ഘട്ടമാണ് ആഗോള ഫൈനല്‍.

ഈ വർഷം ഒഎൻവി കവിതകളുടെ ആലാപനമാണ് നിശ്ചയിച്ചിട്ടുള്ളത്. മുംബൈ ചാപ്റ്ററിലെ 12 മേഖല മത്സരങ്ങളിൽ നിന്ന് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചവരാണ് ചാപ്റ്റർ തല മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

സബ് ജൂനിയർ (5 വയസ്സ് മുതൽ 10 വയസ്സ് വരെ) വിഭാഗത്തിൽ 26 പേരും ജൂനിയർ (10 വയസ്സിന് മുകളിൽ 16 വയസ് വരെ) വിഭാഗത്തിൽ 30 പേരും സീനിയർ (16 വയസിന് മുകളിൽ 20വയസ് വരെ) വിഭാഗത്തിൽ 12 പേരുമാണ് ചാപ്റ്റർ തല മത്സരത്തിൽ പങ്കെടുക്കുന്നത്. ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാന വിജയികള്‍ ആഗോള തലമത്സരത്തിൽ പങ്കെടുക്കുന്നതിന് അർഹത നേടും.

ആഗോള തല മത്സരം പിന്നീട് മലയാളം മിഷൻ തിരുവനന്തപുരത്ത് നിന്ന് നേരിട്ട് നടത്തുന്നതായിരിക്കുമെന്ന് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് അറിയിച്ചു.