മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനാലാം മലയാളോത്സവത്തിന്റെ കേന്ദ്രകലോത്സവം ഡിസംബര്‍ 14 ന്

മേഖല കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മത്സരാര്‍ഥികളാണ് കേന്ദ്രതല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കേന്ദ്ര കലോത്സവത്തില്‍ കൊളാബ മുതല്‍ പാല്‍ഘര്‍ വരെയും ഖോപ്പോളി വരെയുമുള്ള 10 മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് നാല് വയസുള്ള കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ള ആയിരത്തിലേറെ പേരാണ് 23 ഇനം ഭാഷാ സാഹിത്യ കലാ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്.

author-image
Honey V G
New Update
ndndndndn

മുംബൈ : 2012 മുതല്‍ വര്‍ഷം തോറും മുംബൈ മലയാളികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന കലോത്സവമാണ് മലയാളോത്സവം. മുംബൈ മലയാളികളുടെ സര്‍ഗ്ഗോത്സവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളോത്സവം കേരളീയ സംസ്കാരത്തിന്റെ വ്യത്യസ്തമായ ധാരകളെ സര്‍ഗാത്മകമായി സംയോജിപ്പിക്കുന്ന ഒരു ഉത്സവമായി മാറിക്കഴിഞ്ഞുവെന്ന് ജനറല്‍ സെക്രട്ടറി റീന സന്തോഷ്‌ അഭിപ്രായപെട്ടു.

കേരളത്തിന്‍റെ സംസ്കാരത്തനിമയും പൈതൃക കലകളും മുംബൈ മലയാളികളുടെ പുതിയ തലമുറയിലേക്കെത്തിക്കാനും കേരളീയ കലാരൂപങ്ങളുമായി കൂടുതല്‍ അടുപ്പിക്കാനുമായി മലയാള ഭാഷാ പ്രചാരണ സംഘം തുടക്കമിട്ടതാണ് മലയാളോത്സവം.

മേഖലകളിലെ കലോത്സവങ്ങള്‍ക്ക് ശേഷം, മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിനാലാം മലയാളോത്സവത്തിന്റെ കേന്ദ്രകലോത്സവം ഡിസംബര്‍ 14, ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ച് വര്‍ണ്ണ ശബളമായ വേദികളില്‍ അരങ്ങേറുമെന്ന് പ്രസിഡന്റ് സന്ദീപ് വർമ്മ അറിയിച്ചു.

മേഖല കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മത്സരാര്‍ഥികളാണ് കേന്ദ്രതല മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കേന്ദ്ര കലോത്സവത്തില്‍ കൊളാബ മുതല്‍ പാല്‍ഘര്‍ വരെയും ഖോപ്പോളി വരെയുമുള്ള 10 മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് നാല് വയസുള്ള കുട്ടികള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ള ആയിരത്തിലേറെ പേരാണ് 23 ഇനം ഭാഷാ സാഹിത്യ കലാ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്.

ഭിന്ന ശേഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി, കേന്ദ്ര കലോത്സവത്തില്‍ ലളിതഗാനം, സിനിമ ഗാനം, നാടക ഗാനം, കവിത പാരായണം, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ നേരിട്ട് മത്സരിക്കാനുള്ള അവസരം നല്‍കും. മേഖലയില്‍ മത്സരിക്കാതെ തന്നെ ഭിന്ന ശേഷിക്കാര്‍ക്ക് കേന്ദ്ര കലോത്സവത്തില്‍ നേരിട്ട് പങ്കെടുക്കാം.

അവരുടെ പ്രായമനുസരിച്ചുള്ള ഗ്രൂപ്പില്‍ മത്സരിക്കേണ്ടതാണ്. 10 വേദികളിലായി 600 ലേറെ സിംഗിള്‍ മത്സരങ്ങളും 150 ലേറെ സംഘമത്സരങ്ങളും ഉണ്ടായിരിക്കും. ഓരോ മത്സരവും പ്രായമനുസരിച്ച് ആറു ഗ്രൂപ്പുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.

അതീവ ഹൃദ്യമായ ഈ മത്സരങ്ങള്‍ക്ക് രണ്ടായിരത്തോളം പേര്‍ ദൃക്സാക്ഷികളാകും എന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്‌.