മുംബൈയിൽ മാർത്തോമ്മാ സഭയുടെ ഭദ്രാസന കൺവൻഷൻ; വിശ്വാസ സംഗമത്തിന് ഒരുക്കം പൂർത്തിയായി

മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി, കോട്ടയം അധ്യാപകനായ റവ. ഡോ. ഷിബി വറുഗീസ് പി. മുഖ്യ പ്രഭാഷകനായിരിക്കും

author-image
Honey V G
New Update
cfjnmmm

മുംബൈ: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 20-ാമത് മുംബൈ ഭദ്രാസന കൺവൻഷന് നാളെ (വ്യാഴം) വൈകിട്ട് 7 മണിക്ക് തുടക്കം കുറിക്കും. മുംബൈ ഭദ്രാസനാധിപൻ റൈറ്റ്. റവ. പി.ഡി. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ ബസ്സീൻ റോഡിലെ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് കൺവൻഷൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. മാർത്തോമ്മാ തിയോളജിക്കൽ സെമിനാരി, കോട്ടയം അധ്യാപകനായ റവ. ഡോ. ഷിബി വറുഗീസ് പി. മുഖ്യ പ്രഭാഷകനായിരിക്കും.

കൺവൻഷന്റെ ഭാഗമായി 23-ാം തീയതി വെള്ളിയാഴ്ച രാവിലെ 10ന് താനെ മാർത്തോമ്മാ പള്ളിയിൽ ഭദ്രാസന സേവികസംഘ മീറ്റിംഗ് നടക്കും. തുടർന്ന് വൈകിട്ട് 7ന് കല്യാൺ ഈസ്റ്റ് സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ കൺവൻഷൻ യോഗവും സംഘടിപ്പിക്കും.

24-ാം തീയതി ശനിയാഴ്ച രാവിലെ 10ന് വാഷി സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിൽ ഭദ്രാസന വൈദീക കുടുംബ സംഗമം നടക്കും. വൈകിട്ട് 4 മുതൽ 6.30 വരെ ഭദ്രാസന യുവജന മീറ്റിംഗും, തുടർന്ന് വൈകിട്ട് 7 മുതൽ കൺവൻഷൻ യോഗവും മുളുണ്ട് ക്രിസ്തോസ് മാർത്തോമ്മാ ഇടവകയിൽ വെച്ച് നടത്തപ്പെടും.

സമാപന ദിനമായ 25-ാം തീയതി ഞായറാഴ്ച രാവിലെ 8.30ന് വാഷി സിഡ്കോ ലോൺ (ജോയ് ആലുക്കാസിന് എതിർവശത്ത്) നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ഭദ്രാസനാധ്യക്ഷൻ റൈറ്റ്. റവ. പി.ഡി. ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഭദ്രാസനാധ്യക്ഷനും മുഖ്യ പ്രഭാഷകനായ റവ. ഡോ. ഷിബി വറുഗീസ് പിയും പ്രഭാഷണം നടത്തും.

കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി, വികാരി ജനറൽ വെരി. റവ. തോമസ് കെ. ജേക്കബ്, ഭദ്രാസന ട്രസ്റ്റി വി. പി. സൈമൺ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഉപസമിതികൾ പ്രവർത്തിച്ചുവരുന്നു.

മുംബൈ ഭദ്രാസനത്തിലെ മുംബൈ, പൂനെ, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വലിയൊരു വിശ്വാസ സമൂഹം കൺവൻഷൻ യോഗങ്ങളിൽ പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു.