/kalakaumudi/media/media_files/2025/11/01/ndndndn-2025-11-01-07-35-22.jpg)
മുംബൈ : മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും കേരളപ്പിറവി ദിനാഘോഷം നടക്കുന്നു. ഇന്നും നാളെയുമായി നടക്കുന്ന വിവിധ പരിപാടികളിൽ നഗരത്തിലെ നഗരത്തിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
'കേരളത്തിന് മഹത്തായ സാംസ്കാരിക പാരമ്പര്യമാണുള്ളത്.ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സാമൂഹ്യനീതിയുടെയും മൂല്യങ്ങൾ എക്കാലവും ചേർത്തുനിർത്തിയ കേരളം,സംസ്ഥാന രൂപീകരണത്തിനു ശേഷം പല മേഖലകളിലും അത്ഭുതാവഹമായ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. കേരളത്തിന്റെ ചരിത്രവും സാംസ്കാരികത്തനിമയും ഭാഷാസ്നേഹവും പുതിയ തലമുറകളിലേക്ക് പകര്‍ന്നു നല്‍കാന്‍ പ്രവാസി മലയാളികള്‍ തയ്യാറാകേണ്ടതാണെന്ന് പ്രസിഡന്റ് സന്ദീപ് വര്‍മ്മ പറഞ്ഞു. ഈ ലക്ഷ്യത്തോടെയാണ് പതിവ് പോലെ ഈ വര്‍ഷവും മലയാള ഭാഷാ പ്രചാരണ സംഘം സമുചിതമായ രീതിയില്‍ കേരളപ്പിറവി ആഘോഷിക്കുന്നത്. വിവിധ മേഖലകളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ വര്‍ഷം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി റീന സന്തോഷ് വ്യക്തമാക്കി.
മീര ഭയന്ദര്‍ മേഖല: മീരാ റോഡ് ഈസ്റ്റില്‍ മേഴ്‌സി ഹോം റോഡിൽ സെന്റ് ജോൺസ് മാര്‍ത്തോമ പള്ളി കമ്മ്യുണിറ്റി ഹാളില്‍ വച്ചാണ് നവംബര്‍ 1 ന് 4 മണി മുതല്‍ കേരളപ്പിറവി ആഘോഷം നടത്തുന്നത്. പ്രശസ്ത നര്‍ത്തകിയും എഴുത്തുകാരിയുമായ നിഷ ഗില്‍ബര്‍ട്ട് ഉദ്ഘാടനം നിര്‍വഹിക്കും. മുൻ നോർക്ക ഓഫീസർ ശ്യാംകുമാർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. സാംസ്കാരിക സമ്മേളനത്തിനു ശേഷം മേഖലയിലെ കലാകാരന്മാരും കലാകാരികളും കേരളീത്തനിമയാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കും. തുടര്‍ന്ന് പ്രശസ്ത ഗായകന്‍ ആലോഷി ആദം അവതരിപ്പിക്കുന്ന “ഗസല്‍ രാവ്” എന്ന സംഗീത പരിപാടി കേരളപ്പിറവി ആഘോഷത്തിന്റെ ആകര്‍ഷണമായിരിക്കും.
പാല്‍ഘര്‍ മേഖല: പാല്‍ഘര്‍ മേഖലയുടെ കേരളപ്പിറവി ആഘോഷം നവംബര്‍ 1 ന് വൈകീട്ട് 6 മണി മുതല്‍ 10.30 വരെ താരാപ്പൂര്‍ ടിമ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. പ്രശസ്ത മെന്റലിസ്റ്റും ശാസ്ത്ര പ്രചാരകനുമായ ഫാസില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വച്ച് മലയാള ഭാഷാ പ്രചാരണ സംഘം, പാല്‍ഘര്‍ മേഖലയുടെ വാര്‍ഷികപ്പതിപ്പ് “കൈരളി”യുടെ പ്രകാശനവും നടക്കും. വാര്‍ഷികപ്പതിപ്പിലെ രചയിതാക്കളെയും പതിമൂന്നാം മലയാളോത്സവത്തിലെ മത്സരാര്‍ഥികളെയും വിജയികളെയും വേദിയില്‍ ആദരിക്കുന്നതാണ്. തുടര്‍ന്ന് മിറാക്കിള്‍ ബസ്റ്റര്‍ ഫാസില്‍ ബഷീര്‍ അവതരിപ്പിക്കുന്ന “ട്രിക്സ് മാനിയ” എന്ന പരിപാടി അരങ്ങേറും.
കല്യാണ്‍ -ഡോമ്പിവലി മേഖല കേരളപ്പിറവിയോടനുബന്ധിച്ച് കല്യാണ്‍-ഡോമ്പിവലി മേഖലയും ജനശക്തി ആര്‍ട്സ് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയും ഒന്നിച്ച് “ആധുനിക ഭരണകൂടങ്ങളും മാധ്യമങ്ങളും” എന്ന മാധ്യമ സെമിനാറാണ് സംഘടിപ്പിക്കുന്നത്. നവംബര്‍ 2, ഞായറാഴ്ച രാവിലെ 10.30 മുതല്‍ കമ്പല്‍പാട മോഡല്‍ കോളേജില്‍ വച്ചാണ് സെമിനാര്‍. ജനാധിപത്യത്തിന്‍റെ നാലാംതൂണിന്‍റെ വര്‍ത്തമാനകാലത്തെ ഇടപെടലുകളെക്കുറിച്ചായിരിക്കും ചര്‍ച്ചകള്‍. മുംബൈയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും വാഗ്മികളും പ്രസ്തുത സെമിനാറില്‍ പങ്കെടുക്കും.
ഉല്ലാസ് നഗര്‍ -അംബർനാഥ് - ബദലാപൂർ മേഖല: അംബർനാഥിലെ മറ്റ് 19 മലയാളി സംഘടനകളുമായി ഒത്തുചേര്‍ന്നാണ് ഈ വര്‍ഷം കേരളപ്പിറവി ആഘോഷിക്കുന്നത്. നവംബര്‍ 2 ന് വൈകീട്ട് 4 മണി മുതല്‍ അംബർനാഥ് നവരെ പാര്‍ക്ക് അയ്യപ്പ ക്ഷേത്രത്തിന് മുന്‍വശത്തുള്ള ശ്രീ മണികണ്ഠന്‍ ഹാളിലാണ് പരിപാടി. ‘സൌഹൃദോത്സവം’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ 150 ലേറെ കലാപ്രതിഭകളുടെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാപരിപാടികള്‍ക്കൊപ്പം സംഘടിപ്പിക്കുന്ന സാംസ്കാരിക സന്ധ്യയില്‍ പ്രമുഖ വ്യക്തികളും സാംസ്കാരിക നായകന്മാരും പങ്കെടുക്കും.
പശ്ചിമ മേഖല പശ്ചിമ മേഖലയുടെ കേരളപ്പിറവി ആഘോഷവും പതിനാലാം മലയാളോത്സവം കണ്‍വെന്‍ഷനും നവംബര്‍ 2, ഞായറാഴ്ച വൈകീട്ട് 4 മണി മുതല്‍ ബോറിവലി ഈസ്റ്റില്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ വച്ച് നടക്കും. സാംസ്കാരിക സമ്മേളനത്തില്‍ സാമൂഹ്യ പ്രവര്‍ത്തകയും മലയാളം മിഷന്‍ മീരാ-വസായ് മേഖല സെക്രട്ടറിയുമായ ഷീജ മാത്യു മുഖ്യാതിഥിയായിരിക്കും. മേഖലയിലെ വിവിധ യൂണിറ്റുകളിലെ അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതാണ്.
വസായ്-വീറാര്‍ മേഖല നവംബര്‍ 2 നാണ് വസായ്-വീറാര്‍ മേഖലയുടെ കേരളപ്പിറവി ആഘോഷം. വൈകീട്ട് 5 മണി മുതല്‍ ബി.കെ.എസ് ഹൈസ്കൂള്‍ ഹാളില്‍ വച്ച് നടക്കും.ദീപക് പച്ചയാണ് മുഖ്യാതിഥി. ദീപക് പച്ച “നോളജ് ഇക്കോണമിയിലെ ഗ്ലോബല്‍ മലയാളി” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. പ്രഭാഷണത്തിനു ശേഷം മിറാക്കിള്‍ ബസ്റ്റര്‍ ഫാസില്‍ ബഷീര്‍ “ട്രിക്സ് മാനിയ” എന്ന അവിസ്മരണീയവും മാസ്മരികവുമായ പരിപാടി അവതരിപ്പിക്കും.
നവി മുംബൈ മേഖല നവി മുംബൈ മേഖലയുടെ കേരളപ്പിറവി ആഘോഷം നവംബര്‍ 2 ന് വൈകുന്നേരം 6 മണി മുതല്‍ ഉല്‍വെയില്‍ സെക്ടര്‍ 19 ബി യിലെ ഭൂമിപുത്ര ഭവനില്‍ വച്ചാണ് നടക്കുന്നത്. കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ് ടി.എന്‍.ഹരിഹരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സാഹിത്യകാരന്‍ ജി.വിശ്വനാഥന്‍ മുഖ്യാതിഥിയായിരിക്കും. പതിനാലാം മലയാളോത്സവം ലോഗോ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ലോഗോവിന്റെ പ്രകാശനം പ്രശസ്ത ഗായകന്‍ അലോഷി ആദം നിര്‍വ്വഹിക്കും. സാംസ്കാരിക സമ്മേളനത്തിന് ശേഷം അലോഷി ആദം അവതരിപ്പിക്കുന്ന “ആലോഷിയോടൊപ്പമൊരു സംഗീതസന്ധ്യ” എന്ന പരിപാടി അരങ്ങേറും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
