പതിനാലാം മലയാളോത്സവത്തിന്റെ കൊട്ടിക്കലാശം:കല്യാണ്‍-ഡോംബിവലി മേഖലക്ക് കിരീടം

രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം നവി മുംബൈ മേഖലയും പശ്ചിമ മേഖലയും കരസ്ഥമാക്കി.

author-image
Honey V G
New Update
ghnkmxb

മുംബൈ : മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിച്ച പതിനാലാം മലയാളോത്സവത്തിന്റെ ഗ്രാന്‍ഡ്‌ ഫിനാലെയായ കേന്ദ്ര കലോത്സവം ഡിസംബര്‍ 14 ഞായറാഴ്ച നടന്നു.

യുവ കലാപ്രതിഭകളുടെ സവിശേഷ സാന്നിധ്യം കൊണ്ടും സര്‍ഗശേഷി തെളിയിക്കുന്ന ഉല്‍കൃഷ്ട പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി മാറിയ ഈ കലാമാമാങ്കം അരങ്ങേറിയത് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വച്ചാണ്.

nkmmmm

10 വേദികളിലായി രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച ഈ മലയാള കലാമഹോത്സവത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ മേഖലകളില്‍ നടന്ന മേഖല കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മത്സരാര്‍ഥികളാണ് പങ്കെടുത്തത്. 

ggmmmn

രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ്‌ സന്ദീപ്‌ വര്‍മ്മ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റീന സന്തോഷ്‌ സ്വാഗതമാശംസിച്ച ചടങ്ങില്‍ കെയര്‍ ഫോര്‍ മുംബൈ സെക്രട്ടറി പ്രിയ വര്‍ഗ്ഗീസ് മുഖാതിഥിയായിരുന്നു. ഭിന്നശേഷി മത്സരാര്‍ഥികളായ ഋചീക് നായര്‍, സിദ്ധിജ രമേഷ്, ഗ്രെയ്സ് ജോജോ എന്നിവരാണ് കേന്ദ്ര കലോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്‌. 

ഉദ്ഘാടനം ചെയ്തുകൊണ്ട് സിദ്ധിജ രമേഷ് ഗാനമാലപിച്ചു. ഋചീക് നായര്‍ സദസിനെ അഭിസംബോധന ചെയ്തു.

chdhkk

മലയാളോത്സവം ആഘോഷക്കമ്മിറ്റി രക്ഷാധികാരി ടി.എന്‍.ഹരിഹരന്‍ (പ്രസിഡന്റ്‌, കേരളീയ കേന്ദ്ര സംഘടന), ആശംസകളര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. കേന്ദ്ര പ്രവര്‍ത്തക സമിതി ട്രെഷറര്‍ രാജന്‍ നായര്‍ നന്ദി പ്രകാശിപ്പിച്ചു. മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത്, കേരള പീപ്പിള്‍സ് എജുക്കേഷന്‍ സൊസൈറ്റി സെക്രട്ടറി കെ. പവിത്രന്‍ എന്നിവരും വേദി പങ്കിട്ടു. 

kgcnknn

കൊളാബ മുതല്‍ ഖോപ്പോളി, പാല്‍ഘര്‍ എന്നീ പ്രദേശങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന 10 മേഖലകളെ പ്രതിനിധീകരിച്ചുകൊണ്ട് നാലു വയസുള്ള കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെയുള്ള ആയിരത്തിലേറെ ഭാഷാ-കലാസ്നേഹികള്‍ മലയാള ഭാഷയെയും സംസ്കാരത്തെയും പൈതൃക കലകളെയും നെഞ്ചിലേറ്റിക്കൊണ്ട് 23 ഇനം മത്സരങ്ങളില്‍ മാറ്റുരച്ചു. 

പ്രായമനുസരിച്ച് ആറു ഗ്രൂപ്പുകളിലായി നടന്ന ആവേശകരമായ ഈ മത്സരങ്ങള്‍ മഹോത്സവ പ്രതീതിയുളവാക്കി. 3 വേദികള്‍ ഗായകർ ആറാടിയപ്പോള്‍ മറ്റു മൂന്നു വേദികള്‍ വിവിധ കേരളീയ നൃത്തരൂപങ്ങളുടെ മാന്ത്രിക പാദ വിന്യാസങ്ങളില്‍ പ്രകമ്പനം കൊണ്ടു.

hnmmmm

കാവ്യാലാപനവും കഥാപ്രസംഗവും പ്രസംഗവും വായനയും പ്രശ്നോത്തരിയും ചിത്രരചനയുമൊക്കെ നടന്ന മറ്റു മത്സരവേദികളും മറുനാട്ടിലെ മലയാളത്തിന്‍റെ അഭിമാനസ്തംഭങ്ങളായി മാറി. 

വനിതകളും കുട്ടികളും അരങ്ങു വാണ കലാമത്സരങ്ങളില്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളുമായാണ് വിവിധ മേഖലകളിൽ നിന്നെത്തിയ പ്രതിഭകൾ വേദികളെ കയ്യടക്കിയത്.

ഭിന്ന ശേഷിക്കാരെ പ്രോത്സാഹിപ്പിക്കു ന്നതിനായി, കേന്ദ്ര കലോത്സവത്തില്‍ ചില ഇനങ്ങളില്‍ അവര്‍ക്ക് നേരിട്ട് മത്സരിക്കാനുള്ള അവസരം നല്‍കിയതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.

ലഘുനാടക മത്സരം “നാടകോത്സവം” ആയി 2026 ജനുവരി 25 ന് നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. മത്സരാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് ഉണര്‍വ്വ് പകരാനും വേണ്ടി എത്തിയ വിവിധ മലയാളി സംഘടനാ സാരഥികളുടെ സജീവ സാന്നിദ്ധ്യം പ്രകടമായിരുന്നു. മഹാനഗരത്തിലെ ഒട്ടു മിക്ക സാഹിത്യകാരന്മാരും സാംസ്കാരിക നായകന്മാരും കലാകാരന്മാരും മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

cgjkm

പ്രശസ്ത നൃത്ത കലാ സാഹിത്യ പ്രതിഭകളായ 31 പേരാണ് മത്സരങ്ങളുടെ വിധി നിര്‍ണയം നടത്തിയത്. 

രാത്രി ഏഴു മണിയോടെ മത്സര വേദികള്‍ക്ക് തിരശീല വീണു.

പതിനാലാം മലയാളോത്സവം സമാപിച്ചപ്പോള്‍ കൂടുതല്‍ പോയിന്റ്‌ നേടിയ കല്യാണ്‍-ഡോംബിവലി മേഖല ടീം ചാമ്പ്യന്‍ഷിപ്‌ കിരീടം നിലനിര്‍ത്തി.

രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം നവി മുംബൈ മേഖലയും പശ്ചിമ മേഖലയും കരസ്ഥമാക്കി.