/kalakaumudi/media/media_files/2025/07/02/aweofkckgk-2025-07-02-14-01-58.jpg)
നവിമുംബൈ:കേരളത്തിലെ കലാരൂപങ്ങളുടെ മൂല്യം നഷ്ടപ്പെടാതെ അവയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടിയും അവതരണ ശേഷി കൂടുതൽ മികവുറ്റതാക്കുന്നതിനു വേണ്ടിയും മലയാളഭാഷാ പ്രചാരണ സംഘം നവി മുംബയ് മേഖല ജൂൺ 29 ന് 3 മണി മുതൽ ബേലാപ്പൂർ കൈരളിയിൽ വച്ച് നടത്തിയ ശില്പശാല കലാമൂല്യത്താലും മികവാർന്ന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
അർത്ഥം നഷ്ടപ്പെടാതെ കവിത ചൊല്ലുന്നതിൽ തുടങ്ങി പാട്ടുകളിൽ സംഭവിക്കുന്ന ശ്രുതിഭംഗങ്ങളെ എങ്ങനെ തരണം ചെയ്യാമെന്നും വിശദമാക്കി ആരംഭിച്ച ശില്പശാല നാടൻ പാട്ടുകളുടെ വ്യത്യസ്തതകളെപ്പറ്റിയും അവതരിപ്പിക്കുമ്പോൾ ആവശ്യമായ ഊർജ്ജ പ്രവാഹത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും വിശദമാക്കി.
മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ അവതരിപ്പിക്കുന്ന വർ പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങളെപ്പറ്റിയും മറ്റ് കലാരൂപങ്ങളിലെന്നപോലെ നൃത്താവതരണം നടത്തുന്നവരും സാധകം ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഓർമ്മപ്പെടുത്തി. മേക്ക് അപ്പും ആഭരണങ്ങളും കൃത്യമായത് മാത്രമായിരിക്കണം ഉപയോഗിക്കേണ്ടത്. ഗ്രൂപ്പ് പരിപാടികളിൽ ഓരോ അംഗവും ഒരേ ഉർജ്ജത്തോടെ ആദ്യന്തം ശ്രദ്ധിക്കേണ്ട കാര്യങ്ങളും വ്യക്തമാക്കി.ദൃശ്യാവിഷ്കാരം നൃത്താവിഷ്കാരം രംഗാവിഷ്കാരം എന്നിവയെ കൃത്യമായി അവതരിപ്പിച്ച് അതിലെ വ്യത്യസ്ത തകളെ വരച്ചുകാട്ടി ദൃശ്യാവിഷ്കാരം പലപ്പോഴും മറ്റ് രൂപങ്ങളിലാണ് രംഗത്തെത്താറുമുള്ളതെന്ന് വിശദമാക്കിയത് ക്യാമ്പംഗങ്ങളെ വിസ്മയിപ്പിച്ചു.
പ്രസംഗം, കഥപറച്ചിൽ കഥാപ്രസംഗം, മോണോ ആക്ട് നാടകം തുടങ്ങിയവയിൽ പാലിക്കേണ്ട തിരഞ്ഞെടുപ്പു രീതികളെപ്പറ്റിയും ശബ്ദക്രമീകരണവും അവതരണത്തിലെ അംഗവിന്യാസങ്ങളും എങ്ങനെ എന്നും തിരഞ്ഞെടുപ്പു മുതൽ അവതരണം വരെ കലാപരിപാടികളിൽ അവശ്യം അനുവർത്തിക്കേണ്ട കാര്യങ്ങളെന്തൊക്കെയെന്നും ഭക്ഷണ രീതിയെപ്പോലും ക്രമീകരിക്കേണ്ടതെങ്ങനെ എന്നും ഏത് കലാരൂപമാണെങ്കിലും മനസ്സർപ്പിച്ച് പ്രവർത്തിക്കുമ്പോൾ സ്വാഭാവികമായും അത് പൂർണ്ണയിലെത്തുമെന്നും പിരിമുറുക്കങ്ങളിൽ നിന്നും (Stress) മോചനം ലഭിക്കുന്നു എന്നും ഉദാഹരണങ്ങൾ സഹിതവും ചോദ്യോത്തര രീതിയിലും അവതരിപ്പിച്ചു വ്യക്തത വരുത്തിയത് പങ്കെടുത്തവർക്ക് അവരവർക്കിഷ്ടമുള്ള കലകളോടുള്ള പ്രതിബദ്ധതയും ആത്മാർത്ഥതയും വർദ്ധിപ്പിക്കുന്നതായിരുന്നു.
അതേസമയം പരിശീലന ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും വളരെ ആസ്വാദ്യകരമായ അനുഭവമായിരുന്നു എന്ന് പങ്കെടുത്തവർ പ്രതികരിച്ചു. ആദ്യാവസാനം സശ്രദ്ധം സാകൂതം ഓരോരുത്തരും ക്യാമ്പിൽ മുഴുകി ഇരുന്നത് ക്യാമ്പിന്റെ അർത്ഥപൂർണ്ണത വെളിവാക്കുന്നതായിരുന്നു. കലാരംഗത്തെ പ്രഗത്ഭരായ വിനയൻ കളത്തൂർ സംഗീത രാജീവ് എന്നിവരാണ്. ശില്പശാല നയിച്ചത്. കമ്മറ്റി അംഗങ്ങളായ ജയനാരായണൻ, വിനോദ് കുമാർ, ഉണ്ണികൃഷ്ണൻ, അശോക് കുമാർ, രതീഷ് ബാബു, മിനി നായർ തുടങ്ങിയവർ പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കി. മേഖലാ സെക്രട്ടറി അനിൽപ്രകാശ് സ്വാഗതവും കൺവീനർ രമ എസ് നാഥ് നന്ദിയും രേഖപ്പെടുത്തി.