മിരാ–ഭയന്തർ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: മലയാളി പ്രതീക്ഷയായി ഷീജ മാത്യു; ശിവസേനയ്ക്ക് ആത്മവിശ്വാസം

മഹാരാഷ്ട്ര സർക്കാരിന്റെ സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കുമായി നടപ്പിലാക്കിയ ‘ലാഡലി ബഹൻ യോജന’ ഉൾപ്പെടെയുള്ള വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾ വാർഡിൽ നൂറുകണക്കിന് പേരുണ്ടെന്നതും വലിയ പിന്തുണയായി മാറുന്നുവെന്ന് ഷീജ വ്യക്തമാക്കി

author-image
Honey V G
New Update
ndndndn

മുംബൈ : മിരാ–ഭയന്തർ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശിവസേന (ഷിൻഡെ വിഭാഗം) സ്ഥാനാർഥിയായി ഷീജ മാത്യു രംഗത്തെത്തിയതോടെ രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്.

നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ഒരാഴ്ച പിന്നിടുമ്പോൾ തന്നെ വാർഡിൽ നിന്നുള്ള ശക്തമായ ജനപിന്തുണയും സജീവമായ സഹകരണവും വിജയത്തിലേക്കുള്ള ഉറച്ച സൂചനകളാണെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു.

പ്രത്യേകിച്ച് മലയാളി വോട്ടുകൾ നിർണായകമാകുമെന്ന കണക്കുകൂട്ടലിലാണ് ശിവസേന. കോവിഡ് മഹാമാരിക്കാലത്ത് ഷീജ മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും സമൂഹം തിരിച്ചറിഞ്ഞതാണെന്നും, ഇതെല്ലാം കണക്കിലെടുത്താണ് മന്ത്രി പ്രതാപ് സർനായിക് സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ടതെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

ദുരിതകാലത്ത് ഭക്ഷണവിതരണം, സഹായപ്രവർത്തനങ്ങൾ, പൊതുജനങ്ങളോടുള്ള അടുത്ത ഇടപെടൽ എന്നിവ ഷീജയെ ജനപ്രിയയാക്കിയ ഘടകങ്ങളായി മാറിയതായാണ് വിലയിരുത്തൽ.

ndnxnn

എന്നാൽ മിരാ–ഭയന്തർ രാഷ്ട്രീയത്തിൽ ഇത്തരമൊരു നിയോഗം തേടിയെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഷീജ മാത്യു പറഞ്ഞു.

nsnsnsn

അതേസമയം പ്രചാരണ രംഗത്ത് എവിടെയെത്തിയാലും വലിയ ജനക്കൂട്ടമാണ് സ്വീകരിക്കുന്നതെന്ന് ശിവസേന (ഷിൻഡെ വിഭാഗം) നേതാക്കൾ അവകാശപ്പെട്ടു. മഹാരാഷ്ട്ര സർക്കാരിന്റെ സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കുമായി നടപ്പിലാക്കിയ ‘ലാഡലി ബഹൻ യോജന’ ഉൾപ്പെടെയുള്ള വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾ വാർഡിൽ നൂറുകണക്കിന് പേരുണ്ടെന്നതും വലിയ പിന്തുണയായി മാറുന്നുവെന്ന് ഷീജ വ്യക്തമാക്കി.

മലയാളം മിഷൻ പ്രവർത്തക കൂടിയായ ഷീജ മാത്യു, വാർഡ്‌ നമ്പർ 19 ഇൽ നിന്നാണ് മത്സരിക്കുന്നത്.

ജനങ്ങളുമായി പുലർത്തുന്ന വ്യക്തിപരമായ ബന്ധവും സേവന മനോഭാവവുമാണ് തന്റെ പ്രധാന ശക്തിയെന്നും, ജനങ്ങളെ സേവിക്കാൻ അവസരം ലഭിച്ചാൽ വാർഡിന്റെ വികസനത്തിന് മുഴുവൻ സമയം മാറ്റിവെക്കുമെന്നും ആത്മവിശ്വാസത്തോടെ പറഞ്ഞു.