/kalakaumudi/media/media_files/2025/08/09/mmekssmn-2025-08-09-07-16-25.jpg)
മുംബൈ:മുംബൈയിലെ ആരേ കോളനിയിലാണ് നാല് ദിവസം മുമ്പ് 39 കാരനായ ഭരത് ലക്ഷ്മൺ അഹീറ ഭാര്യയുടെ കാമുകന്റെയും സുഹൃത്തിന്റെയും മർദ്ദനത്തെ തുടർന്ന് ആശുപത്രിയിൽ ആകുന്നതും കൊല്ലപ്പെടുന്നതും.
പ്രൊഫഷണൽ മേക്കപ്പ് ആർട്ടിസ്റ്റുകൂടിയായ ഭരത് ലക്ഷ്മൺ അഹീറെയെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതിന് ഭാര്യ രാജശ്രീ അഹീരെയെ(35)പോലീസ് അറസ്റ്റ് ചെയ്തു.
രാജശ്രീയുടെ കാമുകൻ ചന്ദ്രശേഖർ പടയാച്ചിയും കൂട്ടാളിയായ രംഗയും ഇപ്പോൾ ഒളിവിലാണ്. കൊലപാതകത്തിന് പിന്നിലെ കാരണം രാജശ്രീയുടെ ചന്ദ്രശേഖറുമായുള്ള വിവാഹേതര ബന്ധമാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം മുതൽ ഇരുവരും തമ്മിൽ ഇതേചൊല്ലി വഴക്ക് നടന്നിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്.
ആഗസ്റ്റ് 1 നാണ് ആരേ കോളനിയിലെ 31-ാം നമ്പർ യൂണിറ്റിലെ ഏക്താനഗറിലെ ഒരു പൊതു ടോയ്‌ലറ്റിന് സമീപം ഭരതിനെ കാമുകനും സുഹൃത്തും ചേർന്ന് അതി ക്രൂരമായി മർദിച്ചത്.
ആക്രമണം കണ്ടിട്ടും രാജശ്രീ ഇടപെട്ടില്ലെന്നും ആരുടേയും, സഹായം തേടിയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ തദ്ദേശ വാസികൾ സ്ഥലത്ത് തടിച്ചുകൂടിയതോടെ അക്രമികൾ രണ്ടുപേരും ഓടി രക്ഷപ്പെട്ടു.
ഭർത്താവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുപകരം രാജശ്രീ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും പോലിസ് കണ്ടെത്തി.എന്നാൽ ചികിത്സയൊന്നും നൽകാത്തതിനെ തുടർന്ന് പിതാവിന്റെ അവസ്ഥ വഷളാകുന്നത് കണ്ട 13 വയസ്സുള്ള മൂത്ത മകളാണ് ബന്ധുക്കളെ വിവരമറിയിച്ചത്.
ആശുപത്രിയിൽ നിന്നും ഭരതിൽ നിന്ന് രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലിസ് രാജശ്രീ യെ വിശദമായി ചോദ്യം ചെയ്യുകയും ദമ്പതികളുടെ മൂത്ത മകളുമായി സംസാരിക്കുകയും ചെയ്തു. കേസിൽ നിർണായക വഴിത്തിരിവായി മൂത്ത മകളുടെ മൊഴി മാറി.
ചോദ്യം ചെയ്യലിൽ, മകൾ എന്താണ് സംഭവിച്ചതെന്ന് മകൾ വിവരിച്ചു. ആക്രമണം നടക്കുമ്പോൾ തന്റെ അമ്മ നിശബ്ദമായി അവിടെ നിന്നിരുന്നുവെന്നും, ഇടപെടാൻ ശ്രമിച്ചില്ലെന്നും, പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിൽ പരാജയപ്പെട്ടുവെന്നും പറഞ്ഞു.എന്നാൽ ഓഗസ്റ്റ് 5 ന് ചികിത്സയ്ക്കിടെ ഭരത് മരണമടഞ്ഞു. തുടർന്ന് പോലീസ് രാജശ്രീയെ അറസ്റ്റ് ചെയ്തു,
അതേസമയം ഒളിവിൽ പോയ രണ്ട് പ്രതികളായ ചന്ദ്രശേഖറിനും രംഗയ്ക്കും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.