മുംബൈ ലോക്കൽ ട്രെയിനുകളിൽ നിരക്ക് വർധനവില്ലാതെ തന്നെ പൂർണ്ണമായും എസി കോച്ചുകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

അതേസമയം പുതിയ എസി കോച്ചുകൾ പഴയ ട്രെയിനുകളിൽ പുനർനിർമ്മിക്കില്ലെന്നും വാതിലുകളും മെച്ചപ്പെട്ട സവിശേഷതകളും ഉള്ള പുതിയവ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. “ഏറ്റവും പ്രധാനമായി, നിരക്ക് വർദ്ധനവ് ഉണ്ടാകില്ല. ടിക്കറ്റ് വിലയിൽ ഒരു രൂപ പോലും വർദ്ധനവ് ഉണ്ടാകില്ല,” അദ്ദേഹം സ്ഥിരീകരിച്ചു.

author-image
Honey V G
New Update
hejekfkfkfn

മുംബൈ:മുംബൈയിലെ ലോക്കൽ ട്രെയിൻ യാത്രികർക്ക് ഒരു സന്തോഷ വാർത്തയാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചത്.

റെയിൽവേ സംവിധാനത്തിൽ ഒരു വലിയ മാറ്റം വരാൻ പോകുന്നതായി അദ്ദേഹം രണ്ടു ദിവസം മുമ്പ് ഒരു സൂചന നൽകിയിരുന്നു,

എല്ലാ ലോക്കൽ ട്രെയിനുകളും മെട്രോ ട്രെയിനുകളെപ്പോലെ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത (എസി) കോച്ചുകളായി ഉടൻ മാറുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. അതും യാത്രാ നിരക്കിൽ വർദ്ധനവ് വരുത്താതെയാണ്‌ ഈ മാറ്റം എന്നത് ഏറെ ശ്രദ്ധേയം.

നിയമസഭയിൽ സംസാരിക്കവെ മുംബൈയിലെ ലോക്കൽ ട്രെയിനുകൾ നവീകരിക്കേണ്ടതിന്റെ ആവശ്യകത ഫഡ്‌നാവിസ് ഊന്നിപ്പറഞ്ഞു.

“സമീപകാലത്ത് സബർബൻ ട്രെയിനിൽ ഒരു അപകടം ഉണ്ടായി. ഈ ട്രെയിനുകളിൽ വാതിലുകളിൽ നിന്ന് വീണ് മരണം സംഭവിക്കുന്നത് പതിവാണ്.വളരെ മോശം അവസ്ഥയിൽ യാത്ര ചെയ്യാൻ ജനങ്ങൾ നിർബന്ധിതരാകുന്നു,” അദ്ദേഹം പറഞ്ഞു.

“ഇതിനു വിപരീതമായി, മെട്രോ ട്രെയിനുകൾ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തതും ഓട്ടോമാറ്റിക് വാതിലുകൾ കൊണ്ട് സജ്ജീകരിച്ചതുമാണ്.ഇത് സുഖകരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നു. മുംബൈ സബർബൻ ശൃംഖലയ്ക്കും ഇത് അർഹിക്കുന്നു.” സബർബൻ റൂട്ടുകളിൽ മെട്രോ ശൈലിയിലുള്ള എസി കോച്ചുകൾ നൽകണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് മുമ്പ് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേർത്തു.

“ഈ നവീകരണത്തെ പിന്തുണയ്ക്കാൻ ഞങ്ങൾ പ്രധാനമന്ത്രി മോദിയോടും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടും അഭ്യർത്ഥിച്ചിരുന്നു.ഒരു നല്ല തീരുമാനം എടുത്തിട്ടുണ്ടെന്നും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്താൻ റെയിൽവേ മന്ത്രി ഉടൻ മുംബൈ സന്ദർശിക്കുമെന്നും നിങ്ങളെ ഈ വിവരം അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും.”അദ്ദേഹം പറഞ്ഞു.

അതേസമയം പുതിയ എസി കോച്ചുകൾ പഴയ ട്രെയിനുകളിൽ പുനർനിർമ്മിക്കില്ലെന്നും വാതിലുകളും മെച്ചപ്പെട്ട സവിശേഷതകളും ഉള്ള പുതിയവ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. “ഏറ്റവും പ്രധാനമായി, നിരക്ക് വർദ്ധനവ് ഉണ്ടാകില്ല. ടിക്കറ്റ് വിലയിൽ ഒരു രൂപ പോലും വർദ്ധനവ് ഉണ്ടാകില്ല,” അദ്ദേഹം സ്ഥിരീകരിച്ചു.