മുംബൈയിലെ പ്രശസ്തമായ ദാദർ കബൂതർഖാന അടച്ചുപൂട്ടി:പ്രാവുകളുടെ കാഷ്ഠം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് സർക്കാർ

അതേസമയം ദാദർ കബുതർഖാനയുടെ "അവസാന കാഴ്ച" പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

author-image
Honey V G
New Update
aqkeofnvkgk

മുംബൈ: ദാദറിലെ പ്രശസ്തമായ കബുതർഖാന (പ്രാവുകൾക്ക് ഭക്ഷണം നൽകുന്ന ഇടം) സ്ഥിരമായി അടച്ചുപൂട്ടാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനം.

പൊതുജനാരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സർക്കാരിന്റെ ഉത്തരവുകൾ പ്രകാരം ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നഗരത്തിലുടനീളമുള്ള 51 ഔദ്യോഗിക കബുതർ ഖാനകളും നിർത്തലാക്കും.

പ്രാവുകളുടെ കാഷ്ഠമടക്കമുള്ള അവശിഷ്ടങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് കബൂത്തര്‍ ഖാനകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്.

മുംബൈ നഗരത്തില്‍ ആകെ 51 ഓളം കബൂത്തര്‍ ഖാനകള്‍ ഉണ്ടെന്നാണ് കണക്ക്. ഒരു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് ഇവ അടിയന്തരമായി അടച്ച് പൂട്ടാനാണ് തീരുമാനം.

akeogkgkhh

കഴിഞ്ഞ ദിവസം മഹാരാഷ്ട ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍വെച്ച് ശിവസേന എം.എല്‍.സിയായ മനീഷ് കായണ്ടെ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന കബൂത്തര്‍ ഖാനകളിലെ തൂവലുകളും വിസര്‍ജ്യവസ്തുക്കളും പ്രദേശവാസികളില്‍ ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്നു എന്നായിരുന്നു എം.എല്‍.സി ഉയര്‍ത്തിക്കാണിച്ചത്. 

സഭയിലെ തന്നെ മറ്റൊരു അംഗവും ബി.ജെ.പി നേതാവുമായ ചിത്ര വാങ്ങും ഇത്തരത്തില്‍ പ്രാവുകളുടെ കാഷ്ഠം കാരണം തന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി. പ്രാവിന്റെ കാഷ്ഠം നിരന്തരം ഭക്ഷണത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് തന്റെ അമ്മായി മരിച്ചതെന്നാണ് അവർ പറഞ്ഞത്.

പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിരുപദ്രവകരമോ ആത്മീയമോ ആണെന്ന് തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ ഇത് വലിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാണ് യാഥാര്‍ത്ഥ്യം,’ മഹാരാഷ്ട്ര മന്ത്രി ഉദയ് സമന്ത് പറഞ്ഞു.

മുമ്പും സമാനമായ രീതിയില്‍ കബൂത്തര്‍ ഖാനകള്‍ അടച്ച് പൂട്ടിയിരുന്നെങ്കിലും പലതും വീണ്ടും പുനരാരംഭിക്കുകയായിരുന്നു.

അതേസമയം ദർ കബുതർഖാനയുടെ "അവസാന കാഴ്ച" പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്