നാസിക് – കൊങ്കൺ – തിരുവനന്തപുരം വഴി രാമേശ്വരത്തേക്ക് ട്രെയിൻ : നിർദ്ദേശം ചർച്ചയായി

തുടർ നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുമെന്നും, ഈ പദ്ധതി വിജയകരമാക്കുന്നതിനായി നാസിക് മലയാളി കൾച്ചറൽ അസോസിയേഷനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മേയർ ഉറപ്പ് നൽകിയതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു

author-image
Honey V G
New Update
msmmsmsm

 നാസിക് : അയോധ്യയിൽ നിന്ന് നാസിക് – കൊങ്കൺ – തിരുവനന്തപുരം വഴി രാമേശ്വരത്തേക്ക് ഒരു പുതിയ ട്രെയിൻ സർവീസ് ( ശ്രീരാമ സർക്ക്യൂട്ട് ട്രെയിൻ ) ആരംഭിക്കുന്നതിനുള്ള നിർദ്ദേശം ചർച്ച ചെയ്യുന്നതിനായി നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (NMCA) ഭാരവാഹികൾ തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കൂടിക്കാഴ്ച നടത്തി.

NMCA ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗദൻ, ജോയിന്റ് സെക്രട്ടറി കെ. സദാശിവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് എത്തി മേയറുമായി വിശദമായ ചർച്ച നടത്തിയത്.

ഈ പദ്ധതിക്ക് പൂർണ്ണ പിന്തുണ അറിയിച്ച മേയർ വി.വി. രാജേഷ്, തുടർ നടപടികളിൽ നിർണായക പങ്ക് വഹിക്കാൻ തയ്യാറാണെന്ന് ഉറപ്പ് നൽകി. പ്രധാനപ്പെട്ട ക്ഷേത്ര നഗരങ്ങളായ അയോധ്യയും രാമേശ്വരവും, കൂടാതെ അടുത്ത വർഷം മഹാരാഷ്ട്രയിലെ നാസിക്കിൽ നടക്കാനിരിക്കുന്ന മഹാകുംഭമേളയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിൽ ഈ പദ്ധതി ഒരു സുപ്രധാന ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു.

തുടർ നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുമെന്നും, ഈ പദ്ധതി വിജയകരമാക്കുന്നതിനായി നാസിക് മലയാളി കൾച്ചറൽ അസോസിയേഷനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മേയർ ഉറപ്പ് നൽകിയതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

ഈ ട്രെയിൻ സർവീസ് അനുവദിച്ച് ലഭിക്കുന്നതിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, ബി.ജെ.പി കേരള സംസ്ഥാന ഘടകം അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരുടെ പിന്തുണയും സഹകരണവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.