ദേശീയ കലാ ഉത്സവ വിജയികൾക്ക് പൂനെയിൽ സ്നേഹാദരം

ദേശീയ തലത്തിൽ കേരളത്തിലെ വിദ്യാർത്ഥികൾ നേടിയ ഈ നേട്ടം അഭിമാനകരമാണെന്ന് സംഘാടകർ അറിയിച്ചു.

author-image
Honey V G
New Update
mejejene

പൂനെ:എൻ.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ പൂനെയിൽ സംഘടിപ്പിച്ച ദേശീയ കലാ ഉത്സവ് കലാ മത്സരത്തിൽ വിജയിച്ച കേന്ദ്രീയ വിദ്യാലയ സംഘടനയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കേരളത്തിലെ വിവിധ കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പൂനെയിൽ അനുമോദനം നൽകി.

വേൾഡ് മലയാളി കൗൺസിൽ (WMC), പൂനെ മലയാളി ഫെഡറേഷൻ, ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് ക്രൈം കൺട്രോൾ ഓർഗനൈസേഷൻ (IHRCCO), കൈരളി ചാരിറ്റബിൾ ഫൗണ്ടേഷൻ (KCF) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ചടങ്ങിൽ WMC പ്രസിഡന്റ് കൂടിയായും പൂനെ മലയാളി ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ എം.വി. പരമേശ്വരൻ, KCF, IHRCCO ചീഫ് കോ-ഓർഡിനേറ്റർ രമേഷ് ശിവരാമൻ എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

സംഗീതോപകരണ ഗ്രൂപ്പ് വിഭാഗത്തിൽ വിജയിച്ച പാലക്കാട് കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികളായ ആദ്യത്യനാഥ്,വൈഷ്ണവ്, അവിനേഷ്,ഗണേഷ് എന്നിവർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകി.

അതോടൊപ്പം തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിനികളായ അദ്വൈത, ശ്രേയ പൂജിത, കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ വൈഗ, സാന്ദ്ര എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങളും കൈമാറി.

വിദ്യാർത്ഥികളെ അനുഗമിച്ച കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ സംഗീത അധ്യാപകൻ നാരായണ മാസ്റ്ററെയും, കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക പൂനത്തെയും പൊന്നാട അണിയിച്ച് ആദരിച്ചു.

ദേശീയ തലത്തിൽ കേരളത്തിലെ വിദ്യാർത്ഥികൾ നേടിയ ഈ നേട്ടം അഭിമാനകരമാണെന്ന് സംഘാടകർ അറിയിച്ചു.