/kalakaumudi/media/media_files/2025/12/25/fgjkkm-2025-12-25-14-41-26.jpg)
നവിമുംബൈ :നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ അതിന്റെ ആദ്യ ദിന യാത്രക്കാരിൽ മലയാളികളും ഇടംപിടിച്ചത് ശ്രദ്ധേയമായി.
ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിൽ പുതിയ അധ്യായം തുറക്കുന്ന ഈ നിമിഷം, പല മലയാളികൾക്കും ഒരു സാധാരണ യാത്രക്കപ്പുറം അഭിമാനകരമായ അനുഭവമായി മാറുകയാണ്.
/filters:format(webp)/kalakaumudi/media/media_files/2025/12/25/mdndnn-2025-12-25-14-44-54.jpg)
മുംബൈയും പരിസരപ്രദേശങ്ങളും ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികൾക്ക് നവിമുംബൈ വിമാനത്താവളം ദീർഘകാലമായി കാത്തിരുന്ന സൗകര്യമാണ്. ആദ്യ ദിനം തന്നെ വിമാനത്തിൽ കയറിയ മലയാളികൾ ഈ ചരിത്ര മുഹൂർത്തത്തിന്റെ സാക്ഷികളായി.
/filters:format(webp)/kalakaumudi/media/media_files/2025/12/25/jdjdjdj-2025-12-25-14-45-17.jpg)
പ്രവർത്തനം ആരംഭിച്ച ആദ്യ ദിനം തന്നെ വഴിയാത്രക്കാർ പറന്നുയരുന്ന വിമാനങ്ങൾ കൗതുകത്തോടെ നോക്കിയും ചിത്രങ്ങളെടുത്തും രസിക്കുകയാണ്.
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം 2025 ഡിസംബർ 25 ന് ആദ്യത്തെ വാണിജ്യ വിമാനത്തിന്റെ വരവോടെയാണ് അതിന്റെ എയർസൈഡ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.
/filters:format(webp)/kalakaumudi/media/media_files/2025/12/25/kdjdkdkm-2025-12-25-14-45-38.jpg)
ബെംഗളൂരുവിൽ നിന്നുള്ള ഉദ്ഘാടന വരവ്, ഇൻഡിഗോ ഫ്ലൈറ്റ് 6E460, 08:00 മണിക്ക് ലാൻഡ് ചെയ്തപ്പോൾ പരമ്പരാഗത വാട്ടർ സല്യൂട്ട് നൽകി സ്വാഗതം ചെയ്തത് കൗതുകമുളവാക്കി.
/filters:format(webp)/kalakaumudi/media/media_files/2025/12/25/ndnsnsn-2025-12-25-14-48-13.jpg)
ഇതിനെത്തുടർന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്താവളത്തിന്റെ ആദ്യ പുറപ്പെടൽ ഇൻഡിഗോ ഫ്ലൈറ്റ് 6E882, 08:40 മണിക്ക് പറന്നുയർന്നു.
അടുത്തുള്ള ഉയർന്ന പ്രദേശങ്ങളിൽ വിമാനങ്ങൾ പറന്നുയരുന്നുത് കാണാൻ തദ്ദേശവാസികൾ കൂടി ചേരുന്ന കാഴ്ച്ചയും നവി മുംബൈ ഉപനഗരത്തെ ഉത്സവത്തിമിർപ്പിലാക്കി.
"നവി മുംബൈ വിമാനത്താവളം പ്രവർത്തനോദ്ഘാടനം ചെയ്യപ്പെടുന്ന ദിവസം തന്നെ യാത്ര ചെയ്യണമെന്ന മോഹമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്," ഇരുപതുകാരിയായ മീര രാജീവ് പറഞ്ഞു.
ഉച്ചയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ യാത്ര ചെയ്യുന്ന മീര അതിരാവിലെ വിമാനത്താവളത്തിലെത്തി ഉത്സവങ്ങളിൽ പങ്കു ചേരുകയായിരുന്നു.
/filters:format(webp)/kalakaumudi/media/media_files/2025/12/25/hfjjk-2025-12-25-15-23-43.jpg)
"അച്ഛൻ്റെ സുഹൃദ്സദസ്സുകളിൽ നിന്ന് കേട്ട എയർബസ്സിൻ്റേയും ബോയിംഗിൻ്റേയും ചെറു വിമാനങ്ങളുടേയും കഥകൾ കേട്ടാണ് സിവിൽ വ്യോമയാന രംഗത്തിൽ താത്പര്യം ജനിച്ചത്. നവി മുംബൈ വിമാനത്താവളത്തിൻ്റെ എല്ലാ നിർമ്മാണ ഘട്ടങ്ങളും ശ്രദ്ധിച്ചതോടെ താത്പര്യം കൂടി," സീവുഡ്സിലെ താമസക്കാരിയായ മീര പറഞ്ഞു.
"ഒരു പ്രദേശത്തിന് ചിറക് മുളയ്ക്കുന്ന കാഴ്ച്ച കൗതുകമുണ്ടാക്കുന്നതാണ്. അച്ഛനോട് ആദ്യ ദിവസം തന്നെ യാത്ര ചെയ്യണമെന്ന് പറഞ്ഞ മോഹം സാധിച്ചു തരുകയായിരുന്നു, "
/filters:format(webp)/kalakaumudi/media/media_files/2025/12/25/nsnsnznms-2025-12-25-14-48-52.jpg)
പൂനെയിലെ മഹാരാഷ്ട്ര ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിൽ ഡോക്ടർ ഇൻ ഫാർമസി രണ്ടാം വർഷ വിദ്യാർത്ഥിനിയായ മീര പറഞ്ഞു.
വിമാനത്താവളത്തിൻ്റെ പ്രവർത്തനോദ്ഘാടനത്തിന് ചേരാൻ വേണ്ടി പൂനെയിൽ നിന്ന് വരുകയായിരുന്നു മീര.
കൂറ്റൻ റിബ്ബണുകൾ തനിയെ നൃത്തം ചെയ്യുന്ന കൈനറ്റിക് ഡിജിറ്റൽ ആർട്ടും ഭീമൻ കണ്ണാടിയും ലൈവ് ഓർക്കസ്ട്രയുമൊക്കെ നടന്ന് ആസ്വദിച്ചാണ് മീര ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറിയത്.
ബാലാരിഷ്ടതകളോടു കൂടിയുള്ള ഒരു വിമാനത്താവളത്തിൻ്റെ ആദ്യ ദിനം എന്നത് ജീവിതത്തിൽ വല്ലപ്പോഴും മാത്രം കൈ വരുന്ന അവസരമാണ്. ഇത് നിർമിച്ച ബി വി കെ ശർമ്മയെന്ന എയർപ്പോർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിനെ കണ്ടതു കൂടിയായപ്പോൾ ഇന്നത്തെ ദിവസം ധന്യമായി, " മീര കൂട്ടി ചേർത്തു.
ആദ്യ ദിനമായതിൻ്റെ ധാരളം ആശയക്കുഴപ്പങ്ങൾ വിമാനത്താവളത്തിലെത്തുന്നതിനായി ഉണ്ടായിരുന്നു എന്ന് രാജീവ് നായർ പറഞ്ഞു. "വിമാനം പുറപ്പെടുന്ന ടെർമിനൽ ഇപ്പോഴും ലോക്കൽ ഡ്രൈവർ മാക്കറിയാത്തത് വലിയ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇനിയും ജോലികൾ ഈ വിമാനത്താവളത്തിൽ ബാക്കിയാണ്," സീവുഡ്സ് മലയാളി സമാജത്തിൻ്റെ സെക്രട്ടറി കൂടിയായ രാജീവ് നായർ പറഞ്ഞു.
റീട്ടേൽ സ്റ്റോറുകൾ മുഴുവനായി പ്രവർത്തനക്ഷമമായി വരുന്നേയുള്ളൂ എന്ന് രാജീവ് നായർ പറഞ്ഞു.
ബാംഗ്ലൂരിൽ ജീവിക്കുന്ന സഞ്ജന പ്രമോദ് അഹമ്മദ്ദാബാദിൽ നിന്ന് സ്റ്റാർ എയർ പിടിച്ചാണ് നവി മുംബൈ വിമാനത്താവളത്തിൽ ബുധനാഴ്ച്ച ഇറങ്ങിയത്.
"നവി മുംബൈ വിമാത്താവളത്തിൽ ഇറങ്ങുന്ന സ്റ്റാർ എയറിൻ്റെ ആദ്യ യാത്രക്കാരായത് കൊണ്ട് ഒരു സമ്മാനപ്പൊതി ലഘുഭക്ഷണവും തന്നാണ് സ്വീകരിച്ചത്," സഞ്ജന പറഞ്ഞു. "നവി മുംബൈ വിമാനത്താവളം വലിപ്പത്തിൽ എന്നെ വിസ്മയിപ്പിച്ചു. ധാരാളം സ്ഥലവും സൗകര്യവുമുള്ളത് തോന്നിച്ചു. ബാഗ്ഗേജ് കൃത്യസമയത്ത് തന്നെ എത്തി. ധാരാളം പേർ സഹായിക്കാനുണ്ടായിരുന്നു, " സഞ്ജന കൂട്ടിച്ചേർത്തു.
NMIA യിൽ ഷെഡ്യൂൾ ചെയ്ത പാസഞ്ചർ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഇന്ത്യയുടെ സിവിൽ വ്യോമയാന മേഖലയ്ക്ക് ഒരു പ്രധാന നാഴികക്കല്ലാണ് എന്ന് കരുതപ്പെടുന്നു.
ടെർമിനൽ പരിസരങ്ങളിലൂടെ തുള്ളിച്ചാടി നടക്കുന്ന സ്റ്റാഫുകളെ കാണുന്നതും രസകരമായ കാഴ്ച്ചയായിരുന്നു. നിരവധി പേർക്കാണ് ഈ വിമാനത്താവളം ജോലിയൊരുക്കുന്നത്.
"ഇത് ആദ്യ ജോലിയാണ്. ഉൽവെയിൽ വാടകയ്ക്കാണ് താമസം. വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഒരു പാട് പ്രതീക്ഷകളാണ്,'' കോഴിക്കോട്ടു കാരിയ അനുസമായ അരവിന്ദ് പറഞ്ഞു. മറ്റൊരു കോഴിക്കോട്ടുകാരിയായ സോന സി കെ, തൃശ്ശൂർകാരിയ അയന അജിത്, പാലക്കാട്ട് കാരിയ ഹൃദ്യ സി സി എന്നിവർ രാമേശ്വരം കാരനായ ജിതിൻ എ സിൻ്റെ ഒപ്പം ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.
കേരളത്തിലേക്ക് സർവീസ് ആരംഭിച്ചാൽ യാത്രകൾ കൂടുതൽ സുഗമമാകുമെന്ന പ്രതീക്ഷയും യാത്രക്കാരിൽ വ്യക്തമാണ്.
“ചത്രപതി ശിവജി വിമാനത്താവളത്തിലെ തിരക്ക് എപ്പോഴും ബുദ്ധിമുട്ടായിരുന്നു. നവിമുംബൈ വിമാനത്താവളം ആരംഭിച്ചതോടെ സമയം ലാഭിക്കാനാകും. ആദ്യ ദിനം തന്നെ യാത്ര ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമെന്ന് തോന്നുന്നു".ഡൽഹിയിലേക്കുള്ള ഒരു യാത്രക്കാരി പറഞ്ഞു.
മുംബൈയെ പല കാര്യത്തിലും ആശ്രയിക്കുന്ന മലയാളികൾക്കും പുതിയ വിമാനത്താവളം വലിയ മാറ്റം സൃഷ്ടിക്കുമെന്നാണ് പൊതുവായ വിലയിരുത്തൽ. ജീവിതത്തിലാദ്യമായി വിമാനത്തിൽ പറക്കുന്നവരും നവി മുംബൈ വിമാനത്താവളത്തിൻ്റെ പ്രവർത്തനോദ്ഘാടനത്തിൽ എത്തി എന്നതും വിസ്മയകരമായി.
/filters:format(webp)/kalakaumudi/media/media_files/2025/12/25/jdjsjsm-2025-12-25-14-46-48.jpg)
അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ, വിശാലമായ ടെർമിനലുകൾ, സുഗമമായ ചെക്ക്-ഇൻ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയാൽ സമ്പന്നമായ നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം യാത്രാനുഭവം കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കുന്നുവെന്നാണ് ആദ്യ ദിന യാത്രക്കാരുടെ അഭിപ്രായം.
ആദ്യ ദിന യാത്രയിലൂടെ തന്നെ നവിമുംബൈ വിമാനത്താവളം രാജ്യത്തിന്റെ പ്രധാന വ്യോമഗതാഗത കേന്ദ്രങ്ങളിലൊന്നായി ഉയരുമെന്ന പ്രതീക്ഷ ശക്തമാണ്.
ഈ ചരിത്ര മുഹൂർത്തത്തിന്റെ ഭാഗമാകുന്ന മലയാളികൾക്ക്, ഇത് ഒരു യാത്ര മാത്രമല്ല,ഇന്ത്യയുടെ വികസന ചരിത്രത്തിലെ ഒരു അധ്യായത്തിന്റെ സാക്ഷ്യം കൂടിയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
