മുംബൈയുടെ ഗതാഗത–വികസന ചരിത്രത്തിൽ പുതിയ അധ്യായം തുറന്ന് നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം നാളെ രാജ്യത്തിന് സമർപ്പിക്കും

മുംബൈ നഗരത്തിന്റെ വിമാനഗതാഗത ഭാരം കുറയ്ക്കാനും നവിമുംബൈയെ ആഗോള ഭൂപടത്തിൽ ശക്തമായി സ്ഥാപിക്കാനുമുള്ള നിർണായക പദ്ധതിയായാണ് ഈ വിമാനത്താവളം വിലയിരുത്തപ്പെടുന്നത്

author-image
Honey V G
New Update
bbmmmm

നവിമുംബൈ:വർഷങ്ങളായുള്ള കാത്തിരിപ്പിനും നിർമാണ വെല്ലുവിളികൾക്കും ഒടുവിൽ നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (NMIA) ഉദ്ഘാടനം നാളെ നടക്കും.


ഇതുവരെ മുംബൈ നഗരത്തിന്റെ ഏക അന്താരാഷ്ട്ര വിമാനത്താവളമായിരുന്ന ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അമിത തിരക്ക് പരിഹരിക്കുന്നതിൽ നവിമുംബൈ വിമാനത്താവളം നിർണായക പങ്കുവഹിക്കും.

ആദ്യ ദിവസം 30 വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം വിമാനത്താവളത്തിൽ ആദ്യം ഇറങ്ങുന്നത് രാവിലെ 8 മണിക്ക് ബെംഗളൂരുവിൽ നിന്നുള്ള ഇൻഡിഗോയുടെ 6E 460 വിമാനമായിരിക്കും. തുടർന്ന് രാവിലെ 8.40 ന് ഹൈദരാബാദിലേക്കുള്ള ആദ്യ പുറപ്പെടൽ - ഇൻഡിഗോയുടെ 6E 882 വിമാനം.

ഉദ്ഘാടന ദിവസം മറ്റ് മൂന്ന് വിമാനക്കമ്പനികൾ - അകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ്, സ്റ്റാർ എയർ എന്നിവ സർവീസ് നടത്തും.

നവംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ വിമാനത്താവളം, നവി മുംബൈയിൽ നിന്നും അയൽ പ്രദേശങ്ങളായ താനെ, റായ്ഗഡ്, പൂനെ, കൊങ്കൺ മേഖലയുടെ ചില ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് ഗുണകര മാകുമെന്നാണ് പ്രതീക്ഷ. വർഷംതോറും ലക്ഷകണക്കിന് യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് വിമാനത്താവളം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

cvjkmmm

ആധുനിക ടെർമിനലുകൾ, വിശാലമായ റൺവേകൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ, യാത്രക്കാർക്ക് സൗകര്യമൊരുക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് വിമാനത്താവളത്തിന്റെ പ്രധാന സവിശേഷതകൾ. പരിസ്ഥിതി സൗഹൃദ നിർമാണ മാതൃകയും സുസ്ഥിര വികസന ആശയവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതോടെ നവിമുംബൈ, താനെ, റായ്ഗഡ് മേഖലകളിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 

തൊഴിൽ അവസരങ്ങൾ വർധിക്കുക, റിയൽ എസ്റ്റേറ്റ് രംഗത്ത് വളർച്ച, ടൂറിസം–ലോജിസ്റ്റിക്സ് മേഖലകളിലെ മുന്നേറ്റം തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ. റോഡ്, റെയിൽ, മെട്രോ ശൃംഖലകളുമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ഇതിലൂടെ യാത്രക്കാർക്ക് എളുപ്പവും വേഗതയേറിയതുമായ യാത്രാസൗകര്യം ഉറപ്പാക്കാനാകും.

നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതോടെ മുംബൈ ഒരു ഇരട്ട വിമാനത്താവള നഗരമായി മാറുകയും, ഇന്ത്യയുടെ വ്യോമഗതാഗത ശൃംഖലക്ക് പുതിയ ശക്തി ലഭിക്കുകയും ചെയ്യും.