/kalakaumudi/media/media_files/2025/08/26/jdkdkdm-2025-08-26-09-10-15.jpg)
മുംബൈ:ഓഗസ്റ്റ് മൂന്നിന് നടത്തിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പി.ജി. 2025ഫലം പ്രസിദ്ധീകരിച്ചു. ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്സുകളിലേക്ക് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് നടത്തുന്ന പ്രവേശന പരീക്ഷയാണ് നീറ്റ് പി.ജി.
ഈ വർഷത്തെ നീറ്റ് പിജി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്കും മഹാരാഷ്ട്രയിൽ നിന്നു ഒന്നാം റാങ്കും നേടി മലയാളികൾക്ക് അഭിമാനമായിരിക്കുകയാണ് ഡോക്ടർ ആദർശ് പ്രവീൺ കുമാർ(23)
കല്യാൺ ഈസ്റ്റ് സെന്റ് മേരിസ് ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉല്ലാസ് നഗർ സി ഏച് എമിലായിരുന്നു ഏച് എസ് സി.തുടർന്ന് എംബിബിഎസ് പഠനം കെ ഈ എം ലുമാണ് ചെയ്തത്. ചെറുപ്പം മുതലേ ഡോക്ടർ ആവുക എന്നതായിരുന്നു സ്വപ്നം. എംബിബിഎസ് പഠനം ചെറുപ്പത്തിൽ സ്വപ്നമായിരുന്നില്ലെങ്കിലും പ്ലസ് ടുവിന് ശേഷമാണ് ആദർശ് ഈ രംഗത്തേക്ക് തിരിയുന്നത്. ഈ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കിയ ആദർശ് 3 വർഷത്തെ എം ഡി കോഴ്സിനുള്ള തയ്യാറെടുപ്പിലേക്ക് കടക്കുകയാണ്. കല്യാൺ ഈസ്റ്റിൽ താമസിച്ചു വരുന്ന ആദർശ് കെ ഈ എം ആശുപത്രിയിൽ തന്നെ യാണ് പ്രാക്ടീസ് ചെയ്യുന്നതും.
നല്ലൊരു ജോലി വേണം, അത് സാമൂഹിക പ്രതിബദ്ധതയുള്ളതാവണം അങ്ങനെയാണ് ഡോക്ർ ജോലിയോട് ഇഷ്‌ടം തോന്നിയതും നീറ്റ് പി ജി പരീക്ഷയ്ക്ക് വേണ്ടി പരിശ്രമിക്കുന്നതും. നീറ്റ് പി ജി പരീക്ഷയിൽ മഹാരാഷ്ട്രയിൽ നിന്ന് ഒന്നാമതെത്തിയ ആദർശ് പറഞ്ഞു.
തയ്യാറെടുപ്പ്
ഹോസ്റ്റലിൽ നിന്നായിരുന്നു പഠനം. ഒരുവർഷം പൂർണമായും പഠനത്തിനായി നീക്കി വെച്ചു. പത്താം ക്ലാസ്സിൽ എത്തിയപ്പോഴാണ് ഡോക്ടറാവണമെന്ന് ആഗ്രഹം വരുന്നത്. നല്ലൊരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കണമെന്ന് ആദ്യമേ ഉള്ള ആഗ്രഹമാണ്. നമ്മൾ തിരഞ്ഞെടുക്കുന്ന ജോലി കൊണ്ട് ചുറ്റുമുള്ളവർക്ക് കൂടി ഉപകാരപ്പെടണം എന്ന ചിന്തയാണ് ഡോക്ടർ എന്ന പ്രൊഫഷനിലേക്ക് എത്തിച്ചത്.
റിവിഷൻ എന്ന മന്ത്രം
ബയോ കെമിസ്ട്രിയായിരുന്നു ബുദ്ധിമുട്ടിച്ചത്. വീണ്ടും വീണ്ടും വായിച്ച് പഠിക്കലായിരുന്നു അതിന് ഞാൻ കണ്ട വഴി. കൃത്യമായി റിവിഷൻ ചെയ്യാൻ ഒരിക്കലും മറക്കില്ല. എത്ര പഠിച്ചാലും റിവിഷൻ ചെയ്തില്ലെങ്കിൽ എല്ലാം കൈവിട്ട് പോവുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ദിവസേന 12 മണിക്കൂർ പഠിക്കുമായിരുന്നു. ഒരുകാരണവശാലും ഇത് കുറയില്ല.
ഇഷ്ടപ്പെട്ട് പഠിക്കുക
സമ്മർദ്ദത്തെ തോൽപ്പിക്കാൻ ഞാൻ കണ്ടെത്തിയ വഴി ഇഷ്‌ടപ്പെട്ട് പഠിക്കുക എന്നതാണ്. സമ്മർദ്ദം വരാതെ പരമാവധി നോക്കും. അധികം ടെൻഷൻ ഞാൻ തലയിൽവെച്ചിട്ടില്ല. കഴിവിന്റെ പരമാവധി പഠിക്കുക, വിട്ടുവീഴ്ച്ചയില്ലാതെ ഇത് ചെയ്താൽ ഫലം പിന്നാലെ വരുമെന്നായിരുന്നു എന്റെ വിശ്വാസം.
കുടുംബം
കണ്ണൂർ തലശ്ശേരി സ്വദേശിയായ കല്യാൺ നിവാസിയായ അച്ഛൻ പ്രവീൺ കുമാറും അമ്മ സുനിത പ്രവീണും തനിക്ക് വേണ്ട എല്ലാ പിന്തുണയും തന്നിരുന്നതായി ആദർശ് പറയുന്നു. എന്റെ എല്ലാം ആഗ്രഹത്തിനും ഒപ്പം നിൽക്കുന്ന കുടുംബമാണ് ശക്തി. നീറ്റ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ അവർ എല്ലാ പിന്തുണയും നൽകി ഒപ്പം നിർത്തി.
സ്വപ്നം
നല്ലൊരു ഡോക്ടർ ആകണം.സമൂഹത്തിന് വെളിച്ച മാകണം.അതാണ് ആഗ്രഹം
ഓഗസ്റ്റ് മൂന്നിന് 301 നഗരങ്ങളിലായി 1,052 ടെസ്റ്റ് സെന്ററുകളിൽ നടത്തിയ പരീക്ഷയിൽ 2.42 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. പരമാവധി മാർക്ക് ആയ 800 ഇൽ 695 മാർക്ക് നേടിയാണ് ആദർശ് മഹാരാഷ്ട്രക്കും മലയാളികൾക്കും അഭിമാനമായത്.