എൽടിടി അറ്റകുറ്റപ്പണി: നേത്രാവതി പൻവേലിലേക്ക്; സമയം–ചിലവ്–അദ്ധ്വാനം കൂട്ടി മുംബൈ മലയാളികളുടെ കേരള യാത്ര ദുരിതത്തിൽ

കേരളത്തിലേക്കുള്ള പ്രതിദിന ട്രെയിനായ നേത്രാവതി എക്സ്പ്രസ് ഒരു മാസം പൻവേൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു സർവീസ് നടത്തുന്നത് മുംബൈ, താനെ, പാൽഘർ ജില്ലകളിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടും വിലപ്പെട്ട സമയനഷ്ടവും ഉണ്ടാക്കും.അടിസ്ഥാന സൗകര്യങ്ങൾ പര്യാപ്തമല്ലാത്ത പൻവേൽ സ്റ്റേഷനിൽ ഈ ക്രമീകരണം യാത്രികർക്കു കൂടുതൽ പ്രയാസവും അസൗകര്യവും സൃഷ്ടിക്കും. യാത്രക്കാരുടെ യഥാർത്ഥ ബുദ്ധിമുട്ടുകൾ പരിഗണിച്ച് റെയിൽവേ അധികൃതർ ഈ തീരുമാനം പുനഃപരിശോധിക്കണം.” കൊങ്കൺ യാത്രാവേദി" പത്ര കുറിപ്പിലൂടെ അറിയിച്ചു.

author-image
Honey V G
New Update
mgjm

മുംബൈ :മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിൻ യാത്ര ഒരുമാസത്തേക്ക് കടുത്ത ദുരിതത്തിലേക്ക് നീങ്ങുന്നു.

ലോക്മാന്യ തിലക് ടെർമിനസിൽ (എൽടിടി) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നേത്രാവതി എക്‌സ്പ്രസ്, മത്സ്യഗന്ധ എക്‌സ്പ്രസ് എന്നീ പ്രധാന ദീർഘദൂര ട്രെയിനുകളുടെ സർവീസ് പൻവേൽ സ്റ്റേഷനിലേക്കും തിരിച്ചുമാക്കി മാറ്റിയതോടെ, ആയിരക്കണക്കിന് മലയാളി യാത്രക്കാർ അപ്രതീക്ഷിത ബുദ്ധിമുട്ടിലായി.

മധ്യ റെയിൽവേയുടെ അറിയിപ്പനുസരിച്ച്, തിരുവനന്തപുരം–എൽടിടി നേത്രാവതി എക്‌സ്പ്രസ് (16346), മംഗളൂരു സെൻട്രൽ–എൽടിടി മത്സ്യഗന്ധ എക്‌സ്പ്രസ് (12620) എന്നീ ട്രെയിനുകൾ ജനുവരി 29 വരെ പൻവേലിൽ സർവീസ് അവസാനിപ്പിക്കും.

അതേസമയം, എൽടിടി–തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345) ജനുവരി 2 മുതൽ 31 വരെയും, എൽടിടി–മംഗളൂരു സെൻട്രൽ മത്സ്യഗന്ധ എക്‌സ്പ്രസ് (12619) ഇന്ന് മുതൽ ജനുവരി 31 വരെയും പൻവേലിൽ നിന്നാണ് സർവീസ് നടത്തുക.

പശ്ചിമമേഖലകളിൽ നിന്നുള്ള യാത്രക്കാർ കുർളയിൽ എത്തിയാണു നേത്രാവതി എക്‌സ്പ്രസിൽ കയറാറുള്ളത്. എന്നാൽ സിഎസ്എംടി, കല്യാൺ, അംബർനാഥ്, ദിവ, താനെ മേഖലകളിലെ യാത്രക്കാർ മിക്കവരും താനെയിൽനിന്നാണ് ട്രെയിൻ പിടിച്ചിരുന്നത്.

ഈ യാത്രക്കാർ ഇനി ലോക്കൽ ട്രെയിനിലോ ടാക്സിയിലോ ദൂരമേറിയ പൻവേൽ സ്റ്റേഷനിലെത്തേണ്ട അവസ്ഥയിലാണ്. ഇത് യാത്രാസമയം വർധിപ്പിക്കുകയും അധിക ചെലവ് ചുമത്തുകയും ചെയ്യുന്നു. പൻവേലിലേക്ക് ടാക്സിയിൽ പോകാൻ കുറഞ്ഞത് ആയിരം രൂപയെങ്കിലും അധിക ചെലവ് വരും. ലഗേജും കുട്ടികളും വയോധികരുമടങ്ങുന്ന കുടുംബങ്ങൾക്ക് തിരക്കേറിയ ലോക്കൽ ട്രെയിനുകളിൽ പൻവേലിലെത്തുക വലിയ വെല്ലുവിളിയാണ്.

കൊങ്കൺ പാത വഴി കേരളത്തിലേക്കുള്ള ഏക പ്രതിദിന ട്രെയിനാണ് നേത്രാവതി എക്‌സ്പ്രസ്. ഈ ട്രെയിനിനെ ആശ്രയിച്ചാണ് മുംബൈയിലെ ആയിരക്കണക്കിന് മലയാളികളുടെ കേരള യാത്ര.

റെയിൽവേയുടെ തീരുമാനത്തിനെതിരെ മുംബൈയിലെ മലയാളി സംഘടനകൾ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ യാത്രാ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടൽ നടത്തുന്ന "കൊങ്കൺ യാത്ര വേദി "യും റെയിൽവെ നടപ്പാക്കിയ ഈ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

"കേരളത്തിലേക്കുള്ള പ്രതിദിന ട്രെയിനായ നേത്രാവതി എക്സ്പ്രസ് ഒരു മാസത്തേക്കെങ്കിലും പൻവേൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു സർവീസ് നടത്തുന്നത് മുംബൈ, താനെ, പാൽഘർ ജില്ലകളിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടും വിലപ്പെട്ട സമയനഷ്ടവും ഉണ്ടാക്കും. അടിസ്ഥാന സൗകര്യങ്ങൾ പര്യാപ്തമല്ലാത്ത പൻവേൽ സ്റ്റേഷനിൽ ഈ ക്രമീകരണം യാത്രികർക്കു കൂടുതൽ പ്രയാസവും അസൗകര്യവും സൃഷ്ടിക്കും. യാത്രക്കാരുടെ യഥാർത്ഥ ബുദ്ധിമുട്ടുകൾ പരിഗണിച്ച് റെയിൽവേ അധികൃതർ ഈ തീരുമാനം പുനഃപരിശോധിക്കണം.”ടീം കൊങ്കൺ യാത്രാവേദി ഇറക്കിയ പത്ര കുറിപ്പിൽ അറിയിച്ചു.

അതേസമയം ട്രെയിൻ പൻവേലിൽ നിന്നും സർവീസ് നടത്തുന്നത് മൂലം ഇതെങ്ങനെ മുംബൈക്കാരുടെ ട്രെയിൻ എന്ന് പറയാനാകുമെന്ന് കടത്തനാടൻ കുടുബ കൂട്ടായ്മ എന്ന സംഘടനയുടെ സെക്രട്ടറി ആയ പ്രകാശൻ പി പി ചോദിച്ചു. "ഇതുമൂലം സെൻട്രൽ–വെസ്റ്റേൺ ഹാർബർ ലൈനുകളിൽ ലഗേജുകളോടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സമയം, ചിലവ്, അദ്ധ്വാനം എല്ലാം കൂട്ടുന്നു. അങ്ങനെയെങ്കിൽ, “ഇത് മുംബൈക്കാർക്കുള്ള ട്രെയിനുകളാണ്” എന്ന വാദത്തിന് എന്ത് അർത്ഥമാണുള്ളത്"?വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷൻ മെമ്പർ കൂടിയായ അദ്ദേഹം ചോദിക്കുന്നു.

'ദുഃഖകരമായ വസ്തുതയെന്ന് പറയേണ്ടത്, കഴിഞ്ഞ കുറെ വർഷങ്ങളായി നിശ്ചിത ഇടവേളകളിൽ റെയിൽവേ ഇത്തരത്തിലുള്ള തീരുമാനങ്ങൾ ആവർത്തിച്ച് നടപ്പാക്കുന്നുവെന്നതാണ്.യാത്രക്കാരുടെ പ്രായോഗിക ബുദ്ധിമുട്ടുകളോ അവരുടെ ദിനചര്യയിലെ യാഥാർത്ഥ്യങ്ങളോ കണക്കിലെടുക്കാതെയാണ് ഇത്തരം മാറ്റങ്ങൾ നടപ്പാക്കപ്പെടുന്നത്". പ്രകാശൻ കൂട്ടിച്ചേർത്തു.

എത്രയും വേഗം നിലവിലെ അവസ്ഥ പുനഃസ്ഥാപിച്ച് ഈ ട്രെയിനുകൾ കുർളയിൽ നിന്നുതന്നെ പുറപ്പെടുന്ന സ്ഥിരം സംവിധാനം റെയിൽവേ ഒരുക്കണമെന്നും സാംസ്കാരിക പ്രവർത്തകൻ കൂടിയായ പ്രകാശൻ പറഞ്ഞു.

എന്നാൽ പലപ്പോഴും ട്രെയിൻ സ്റ്റേഷൻ മാറ്റിയ വിവരം പല യാത്രികരും അറിയാറില്ലെന്ന് മത്സ്യഗന്ധ ട്രെയിനിലെ സ്ഥിരം യാത്രികനായ ശ്രീധർ പൂജാരി പറഞ്ഞു. "ഇടയ്ക്കിടെ റെയിൽവെ ഇങ്ങനെ ചെയ്യുന്നത് യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.ഏറ്റവും വലിയൊരു പ്രശ്നം പലപ്പോഴും ചില യാത്രക്കാർ ആ ദിവസം മാത്രമാണ് ഈ വിവരം അറിയുന്നത് എന്നാണ്.സ്റ്റേഷൻ മാറ്റിയത് അവസാന ഘട്ടത്തിൽ അറിയുന്നത് മൂലം ആകെപ്പാടെ അങ്കലാപ്പ് ആണ് പലർക്കും ഉണ്ടാകുന്നത്.കൂടാതെ എല്ലാ വർഷവും ഈ ട്രെയിനുകൾ മാത്രം പൻവേലിലേക്ക് മാറ്റുന്നത് എന്ത് കൊണ്ടാണെന്നും അറിയില്ല".നഗരത്തിലെ ഒരു മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയും ഖാർ റോഡ് നിവാസിയുമായ ശ്രീധർ പൂജാരി പ്രതികരിച്ചു.

പക്ഷെ ഈ മാറ്റം വലിയ ദുരിതമാണ് സമ്മാനിക്കുകയെന്നും ഒരിക്കൽ ഇതിന് താൻ ഇര ആയിട്ടുണ്ടെന്നും സി എസ് എം ടി ക്കടുത്ത് ഇലക്ട്രോണിക്ക് കടയിൽ സെയിൽസ് മാൻ ആയി ജോലി ചെയ്യുന്ന ഷെരീഫ് പറഞ്ഞു. "കഴിഞ്ഞ വർഷം ഇതുപോലെ പൻവേലിൽ നിന്ന് നേത്രാവതി ട്രെയിൻ സർവീസ് നടത്തിയപ്പോൾ നാട്ടിൽ പോകാനുള്ള ടിക്കറ്റ് ഉണ്ടായിരുന്നു.അന്ന് ഞായറാഴ്ച്ച ആയിരുന്നു,പൻവേൽ പോകാനായി 
സി എസ് ടി യിൽ ചെന്നപ്പോൾ ലോക്കൽ ട്രെയിൻ ഇല്ലാ, മെഗാ ബ്ലോക്ക്‌ ദിനം. പിന്നെ ടാക്സി വിളിച്ചു, വെറും 20 രൂപയ്ക്ക് എത്തേണ്ട സ്ഥലത്ത് ഞങ്ങളുടെ അടുത്ത് നിന്നും 2000 രൂപ വേടിച്ചു "കണ്ണൂർ സ്വദേശിയായ ഷെരീഫ് കൂട്ടിച്ചേർത്തു.