വോട്ടർപട്ടികയിൽ തിരിമറിക്കെതിര മുംബൈയിൽ പ്രതിപക്ഷത്തിന്റെ കൂറ്റൻ റാലി

അതേസമയം, തൻ്റെ പേര് പോലും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമം നടന്നതായി ഉദ്ധവ് താക്കറെ ആരോപിച്ചു

author-image
Honey V G
New Update
ndnndnn

മുംബൈ : മഹാരാഷ്ട്രയിൽ വ്യാപകമായി വോട്ടർപട്ടികയിൽ തിരിമറി നടന്നതായി ആരോപിച്ച് മുംബൈയിൽ പ്രതിപക്ഷത്തിന്റെ കൂറ്റൻ റാലി നടന്നു. വോട്ട് പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകളും വോട്ട് മോഷണവും ആരോപിച്ച് ശനിയാഴ്ച്ച മുംബൈയിൽ പ്രമുഖ പ്രതിപക്ഷ പാർട്ടികളെല്ലാം അണിനിരന്ന പടുകൂറ്റൻ റാലി. 'സത്യാച മോർച്ച'യിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

ndnddnn

എൻ.സി.പി (എസ്.പി) തലവൻ ശരദ് പവാർ, ശിവസേന (യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ, മഹാരാഷ്ട്ര നവനിർമ്മാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെ എന്നിവർ ഒരുമിച്ച് റാലിക്ക് നേതൃത്വം നൽകി എന്നതാണ് ഈ പ്രക്ഷോഭത്തിലെ ഏറ്റവും വലിയ പ്രത്യേകത.

മുംബൈ തെക്കൻ ഭാഗത്തുള്ള ഫാഷൻ സ്ട്രീറ്റിൽനിന്ന് ഉച്ചകഴിഞ്ഞ് ആരംഭിച്ച ‘സത്യച്ചാ മോർച്ച' (സത്യത്തിനായുള്ള മാർച്ച്) ഒരു കിലോമീറ്റർ അകലെയുള്ള ബിഎംസി ആസ്ഥാനത്താണ് അവസാനിച്ചത്. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി മേധാവി ശരദ് പവാർ, എംഎൻഎസ് നേതാവ് രാജ് താക്കറെ, കോൺഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് തുടങ്ങിയവർ പങ്കെടുത്തു.

മഹാ വികാസ് അഘാഡി (എം.വി.എ) സഖ്യത്തിലെ കോൺഗ്രസ്, എൻ.സി.പി. (എസ്.പി), ശിവസേന (യു.ബി.ടി) പാർട്ടികൾക്കൊപ്പം രാജ് താക്കറെയുടെ എം.എൻ.എസും ചേർന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകളും തെറ്റായ നീക്കം ചെയ്യലുകളും ഉൾപ്പെടെ വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും, ഒരു കോടിയോളം കള്ളവോട്ടർമാർ ഉണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

വോട്ടർ പട്ടിക ഉടൻ ശുദ്ധീകരിക്കാതെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ നടത്തരുതെന്ന് റാലിയിൽ നേതാക്കൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. റാലിയെ അഭിസംബോധന ചെയ്ത രാജ് താക്കറെ, ഇരട്ട വോട്ടർമാരെ കണ്ടെത്തിയാൽ പോലീസിൽ ഏൽപ്പിക്കാനും പ്രവർത്തകരോട് ആഹ്വാനം ചെയ്തു. അതേസമയം, തൻ്റെ പേര് പോലും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമം നടന്നതായി ഉദ്ധവ് താക്കറെ ആരോപിച്ചു.

ഒന്നിലധികം എൻട്രികൾ, തെറ്റായ ഇല്ലാതാക്കലുകൾ, കൂട്ടിച്ചേർക്കലുകൾ തുടങ്ങിയ വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഉയർത്തിക്കാട്ടുന്നതിനായാണ് മാർച്ച് നടത്തിയത്. കോൺഗ്രസ് നേതാക്കളായ നസീം ഖാൻ, സതേജ് പാട്ടീൽ, ഭായ് ജഗ്താപ്, എൻസിപി എംപി സുപ്രിയ സുലെ എന്നിവരും ആയിരക്കണക്കിന് പ്രവർത്തകർക്കൊപ്പം നടന്നു. രാജ് താക്കറെയും അനുയായികളും പാർട്ടി സഹപ്രവർത്തകനുമായ ബാല നന്ദഗോങ്കറും ദാദർ സ്റ്റേഷനിൽ ട്രെയിനിൽ കയറി ചർച്ച്ഗേറ്റിലേത്തിയാണ് റാലിയുടെ ഭാഗമായത്. 'വോട്ട് കൊള്ള' നടത്തിയവർക്ക് നീതി നിഷേധിക്കില്ലെന്ന് ഉറപ്പുവരുത്താൻ ഈ പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഈ അപൂർവ ഐക്യം സംസ്ഥാന ഭരണകക്ഷിയായ ബി.ജെ.പി- ശിവസേന (ഷിൻഡെ)- എൻ.സി.പി (അജിത് പവാർ) സഖ്യത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.