/kalakaumudi/media/media_files/2025/07/02/nachnjiinayh-2025-07-02-13-30-04.jpg)
താനെ:ഡൽഹിയിൽ ജയിലിൽ നാല് ദിവസം മുൻപാണ് മസ്തിഷ്ക രക്തസ്രാവം മൂലം ഐസിസ് ഭീകരൻ സാകിബ് നാച്ചന്റെ മരണം സംഭവിച്ചത്.എന്നാൽ മരണാനന്തര ചടങ്ങിൽ 1,200-ലധികം പേർ പങ്കെടുത്തതാണ് സാക്കിബ് വീണ്ടും വാർത്തയിൽ ഇടം പിടിക്കാൻ ഇപ്പോൾ ഇടയായത്.
താനെ ജില്ലയിലെ സാകിബിന്റെ വസതിയായ പഡ്ഘയിൽ കനത്ത പോലീസ് സുരക്ഷയിൽ മകൻ ഷാമിൽ നാച്ചനും സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ഐസിസ് ഭീകരനും മകനുമായ ഷാമിൽ ഷാമിൽ നിലവിൽ തലോജ ജയിലിലാണ്. പിതാവിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ മകന് അനുമതി ലഭിച്ചതിനെ തുടർന്ന് നവി മുംബൈ പോലീസിന്റെ അകമ്പടിയോടെ ഷാമിലിനെ പഡ്ഘയിലേക്ക് കൊണ്ടുവരിക യായിരുന്നു.
സാകിബിന്റെ മൃതദേഹം ഞായറാഴ്ച രാത്രി ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് എത്തിച്ച ശേഷം താനെ ജില്ലയിലെ പഡ്ഘയിലെ വസതിയിൽ സൂക്ഷിച്ചു, അവിടെ രാത്രി മുഴുവൻ സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. രാവിലെ ചടങ്ങുകൾക്ക് ശേഷം 10 മുതൽ 10.30 വരെ പ്രാദേശിക ശ്മശാനത്തിലാണ് സംസ്കാരം നടന്നത്.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ പഡ്ഘയിൽ ജനിച്ച സാകിബ്, തൊണ്ണൂറുകളുടെ അവസാനമാണ് സിമിയുടെ ഉന്നത നേതൃത്വത്തിലെത്തിയത്. 2001ൽ ദേശവിരുദ്ധ പ്രവൃത്തികളെത്തുടർന്ന് സിമി നിരോധിക്കപ്പെട്ടു. 2002ലും 2003ലും മുംബൈയിൽ നടന്ന സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സാകിബിൻ്റെ പേര് ദേശീയശ്രദ്ധയിൽ വരുന്നത്. 13 പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതോടെ നിയമവിരുദ്ധമായി എകെ56 തോക്കുകൾ കൈയിൽ വച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തി. തുടർന്നു ഭീകരവിരുദ്ധ കോടതി ഇയാളെ 10 വർഷം തടവിനു ശിക്ഷിച്ചു. നല്ലനടപ്പിനെത്തുടർന്ന് 5 മാസം ശിക്ഷായിളവ് ലഭിച്ചതോടെ 2017ൽ ശിക്ഷ പൂർത്തിയാക്കിയിരുന്നു. എന്നാൽ 2023ൽ എൻഐഎ വീണ്ടും അറസ്റ്റു ചെയ്തു. ഡൽഹിയിൽനിന്നും പഡ്ഗയിൽനിന്നും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്.
അതേസമയം ബോറിവ്‌ലിയിലെ നിരവധി കടകൾ ശവസംസ്കാര ചടങ്ങിനിടെ അടച്ചിട്ടിരുന്നതായും റിപ്പോർട്ടുണ്ട്, എന്നിരുന്നാലും പഡ്ഘയിലെ വ്യാപാര സ്ഥാപനങ്ങൾ പതിവുപോലെ തുറന്നിരുന്നു. മുംബൈ-നാസിക് ഹൈവേയിലെ ടോൾ പ്ലാസയിൽ നിന്ന് ശ്മശാനത്തിലേക്കുള്ള വഴിയിൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
അന്ത്യാഞ്ജലി അർപ്പിക്കാൻ ആളുകൾ ശ്മശാനത്തിൽ ഒത്തുകൂടിയതായുംഷാമിൽ നാച്ചനെ ഒരു നോക്ക് കാണാൻ പലരും ശ്രമിച്ചതായും പോലിസ് ഉദ്യോഗ സ്ഥർ അറിയിച്ചു. "ചടങ്ങിൽ ഷാമിലിന് ലഭിച്ച 'ശ്രദ്ധ'യുടെ അടിസ്ഥാനത്തിൽ, സാകിബിന്റെ പിൻഗാമിയായി മകൻ ഉയർന്നുവന്നേക്കാമെന്ന് ഊഹാപോഹവുമുണ്ട്", ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം, ഷാമിൽ കുടുംബാംഗങ്ങളുമായി അൽപ്പനേരം കൂടിക്കാഴ്ച നടത്തി, തുടർന്ന് രാവിലെ 11:35 ഓടെ പോലീസ് ജയിലിലേക്ക് കൊണ്ടുപോയി. മസ്തിഷ്കാഘാതത്തെ തുടർന്ന് ശനിയാഴ്ച ഡൽഹിയിൽ വച്ചാണ് സാകിബ് മരണപെടുന്നത്.