/kalakaumudi/media/media_files/2025/07/04/msierocyn-2025-07-04-11-39-51.jpg)
മുംബൈ:നഗര മധ്യത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൌസിൽ തട്ടിപ്പ് നടത്തിയതിനാണ് ആസാം സ്വദേശി അറസ്റ്റിലായത്. രാത്രി കാലങ്ങളിൽ മാനേജർ ആയി ജോലി നോക്കവേ ഹോട്ടലുടമ അറിയാതെ ഉപഭോക്താക്കളിൽ നിന്നും സ്വന്തം ക്യു ആർ കോഡിലൂടെ സ്വന്തം അക്കൗണ്ടിലേക്ക് ആണ് ഇയാൾ പണം വരുത്തിയി രുന്നത്. എന്നാൽ ഹോട്ടലുടമ യ്ക്ക് സംശയം തോന്നി ചോദ്യം ചെയ്തപ്പോൾ പിടിയ്ക്കപെടുമെന്ന് ഉറപ്പായതിനെ തുടർന്ന് ഇയാൾ സ്വദേശമായ ആസാമിലേക്ക് മുങ്ങി. പിന്നീട് പ്രതി മുംബൈയിലെത്തിയപ്പോൾ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹാഫിസ് ഹാശിറുദ്ദീനെ(40) യാണ് ഇന്നലെ വകോള പോലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുർളയിൽ രഹസ്യമായി ജോലി ചെയ്യവേ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് പോലിസ് അറിയിച്ചു. ഇൻസ്‌പെക്ടർ വിശാൽ പലാണ്ടെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയ പിന്തുടർന്ന് പിടികൂടിയത്.
അതേസമയം രണ്ടു ലക്ഷത്തോളം രൂപ തനിക്ക് നഷ്ടപ്പെട്ടതായി മലയാളിയായ ഹോട്ടലുടമ അറിയിച്ചു.
തട്ടിപ്പിൻ്റെ വ്യാപ്തിയും രീതിയും
ഹോട്ടലിൽ റൂം ബുക്ക് ചെയ്യാനായി എത്തുന്ന ഉപഭോക്താക്കൾക്ക് പണം അടയ്ക്കുന്നതിനായി ഔദ്യോഗിക ക്യുആർ കോഡിന് പകരം പ്രതി സ്വന്തം ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ക്യുആർ കോഡുകൾ നൽകി. ഉപഭോക്താക്കൾ പണം അടയ്ക്കുമ്പോൾ അത് സ്ഥാപനത്തിൻ്റെ അക്കൗണ്ടിലേക്ക് എത്തുന്നതിന് പകരം പ്രതിയുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് നേരിട്ട് പോവുകയായിരുന്നു. ബില്ലടക്കാനും മറ്റു പണമിടപാടുകൾക്കും യു.പി.ഐ സേവനങ്ങൾ ആരംഭിച്ചിട്ട് കാലങ്ങളായി. ഇത്തരം സേവനങ്ങൾ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്കവരും. എന്നാൽ യു.പി.ഐ സേവനങ്ങൾ വർധിച്ചതിനൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി. നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് ക്യു.ആർ കോഡുമായി ബന്ധപ്പെട്ടിട്ടുള്ള തട്ടിപ്പുകൾ. വ്യാജമായ ക്യൂ.ആർ കോഡുകളിൽ പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കൾ ഏറെയാണ്.