/kalakaumudi/media/media_files/2026/01/07/jxjkkkmm-2026-01-07-21-59-21.jpg)
നവിമുംബൈ : ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ സാഹിത്യ സദസ്സായ അക്ഷരസന്ധ്യയുടെ 11-ാം വാർഷികാഘോഷങ്ങൾക്ക് സമകാലിക മലയാള നോവൽ സാഹിത്യത്തിലെ ശ്രദ്ധേയയായ എഴുത്തുകാരി ആർ. രാജശ്രീ മഹാനഗരത്തിലെത്തുന്നു.
ജനുവരി 11-ന് വൈകിട്ട് ആറിന് നെരൂൾ സമാജം ഹാളിൽ നടക്കുന്ന വാർഷികാഘോഷങ്ങൾ രാജശ്രീ ഉദ്ഘാടനം ചെയ്യും.
ഇതാദ്യമായാണ് പ്രശസ്ത നോവലിസ്റ്റ് മുംബൈയിൽ എത്തുന്നത് എന്ന പ്രത്യേകതയും പരിപാടിക്കുണ്ട്. ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’, ‘ആത്രേയകം’ എന്നീ നോവലുകളിലൂടെ ശബ്ദമില്ലാത്ത നിലവിളികളാൽ വായനക്കാരെ അസ്വസ്ഥരാക്കിയ പ്രതിഭയാണ് ആർ. രാജശ്രീ.
‘കാലം, ദേശം, എഴുത്ത്’ എന്ന വിഷയത്തെ ആസ്പദമാക്കി എഴുത്തുകാരി പ്രഭാഷണം നടത്തും. ഇതോടൊപ്പം മുഖാമുഖം, നോവൽചർച്ച, മറുകുറി, കഥാഖ്യാനങ്ങൾ തുടങ്ങിയ സാഹിത്യ പരിപാടികളും അരങ്ങേറും.
എഴുത്തുകാരി, അധ്യാപിക, കോളമിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയായ രാജശ്രീ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.
ഫേസ്ബുക്കിലൂടെ പരമ്പരയായി പുറത്തുവന്ന ആദ്യ നോവൽ പിന്നീട് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടുകയും നിരവധി പതിപ്പുകൾ പിന്നിട്ട് സാഹിത്യലോകത്ത് ശ്രദ്ധ നേടുകയും ചെയ്തു.
ഗ്രാമീണ ജീവിതത്തിന്റെ ആർജ്ജവവും നാട്ടുഭാഷകളുടെ സൂക്ഷ്മ അവതരണവും കൊണ്ടാണ് കൃതികൾ ശ്രദ്ധേയമായത്.
2021-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ’യും, മഹാഭാരതത്തിലെ അജ്ഞാതകഥകളിലൂടെ മനുഷ്യബന്ധങ്ങളെ അന്വേഷിക്കുന്ന ‘ആത്രേയക’വും വായനാലോകത്ത് വലിയ അംഗീകാരം നേടിയ കൃതികളാണ്.
‘നായികാനിർമ്മിതി: വഴിയും പൊരുളും’, ‘അപസർപ്പകാഖ്യാനങ്ങൾ – ഭാവനയും രാഷ്ട്രീയവും’ എന്നിവയാണ് മറ്റ് പ്രധാന കൃതികൾ.
നിലവിൽ ഗൃഹലക്ഷ്മി മാഗസിനിൽ ‘ഇന്ത്യൻ മണവാട്ടിമാർക്ക് ഒരു കൈപ്പുസ്തകം’ എന്ന കോളവും രാജശ്രീ എഴുതിവരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
