/kalakaumudi/media/media_files/2026/01/10/menenen-2026-01-10-18-34-41.jpg)
താനെ : താനെ നഗരസഭാ തിരഞ്ഞെടുപ്പിൽ വാർഡ് നമ്പർ 16–Dയിൽ നിന്ന് മഹാരാഷ്ട്ര നവനിർമാണ സേനയുടെ (എംഎൻഎസ്) സ്ഥാനാർഥിയായി രശ്മി രാജഹംസ് സാവന്ത് രംഗത്തെത്തിയതോടെ പ്രാദേശിക രാഷ്ട്രീയത്തിൽ പുതിയ ഉണർവാണ് സൃഷ്ടിച്ചിരിക്കുന്നത്.
വർഷങ്ങളായി സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിച്ചിട്ടുള്ള രശ്മി സാവന്ത്, വിശ്വാസ്യതയും ജനപിന്തുണയും നേടിയ വ്യക്തിത്വമായി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു. രാഷ്ട്രീയത്തേക്കാൾ മനുഷ്യനായി ജനങ്ങൾക്കൊപ്പം നിൽക്കുന്ന സമീപനമാണ് അവരെ വ്യത്യസ്തയാക്കുന്നത്.
എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെയും താനെ–പാൽഘർ ജില്ലാ നേതാവ് അവിനാശ് ജാദവും നൽകിയ ഉറച്ച പിന്തുണ തനിക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവുമാണെന്ന് രശ്മി സാവന്ത് വ്യക്തമാക്കുന്നു.
പാർട്ടി നേതൃത്വത്തിന്റെ വിശ്വാസം ജനങ്ങളുടെ വിശ്വാസമാക്കി മാറ്റാനുള്ള ദൃഢനിശ്ചയത്തോടെയാണ് അവർ ജനവിധി തേടുന്നത്.
വാർഡിനെ അലട്ടുന്ന അനധികൃത കയ്യേറ്റങ്ങൾ, മാലിന്യ സംസ്‌കരണത്തിലെ വീഴ്ചകൾ, കുടിവെള്ള ക്ഷാമം, മഴക്കാലത്തെ വെള്ളക്കെട്ട്, ആരോഗ്യ സേവനങ്ങളിലെ അപര്യാപ്തത എന്നിവയ്ക്ക് ശാശ്വത പരിഹാരമാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് രശ്മി സാവന്ത് പറയുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പരിഹാരമില്ലാതെ തുടരുന്ന ഈ പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പദ്ധതികളും കാര്യക്ഷമമായ നടപ്പാക്കലുമാണ് ആവശ്യമായതെന്നും, ‘സ്മാർട്ട് സിറ്റി’ എന്ന പേരിൽ നടക്കുന്ന വികസനങ്ങൾ യാഥാർത്ഥ്യത്തിൽ സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അവർ തുറന്നടിച്ച് പറയുന്നു.
സാമൂഹ്യ രംഗത്ത് നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് രശ്മി സാവന്ത് ജനഹൃദയങ്ങളിൽ ഇടം നേടിയിരിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് എല്ലാ നിലയിലും ഉറച്ച പിന്തുണയുമായി ഭർത്താവ് രാജഹൻസ് സാവന്തും ഒപ്പമുണ്ട്.ഇരുവരും ചേർന്ന് കഴിഞ്ഞ നിരവധി വർഷമായി പ്രദേശത്ത് വിദ്യാഭ്യാസ ക്ലാസ്സുകൾ നടത്തിവരുന്നു എന്നത് തന്നെ അവരുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ശക്തമായ തെളിവാണ്.
നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം, കഴിഞ്ഞ എട്ട് വർഷമായി നിർധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും ഫീസ് ഇളവുകളും നൽകിയും, ഓരോ വർഷവും നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള മാർഗനിർദേശവും കൗൺസലിംഗും സംഘടിപ്പിച്ചുമാണ് അവർ വിദ്യാഭ്യാസ രംഗത്ത് മാതൃകയായത്.
വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ, സാംസ്‌കാരിക–സാമൂഹിക പരിപാടികൾ, യുവജനങ്ങളെ സമൂഹസേവനത്തിലേക്ക് ആകർഷിക്കുന്ന പദ്ധതികൾ എന്നിവയിലൂടെയും രശ്മി സാവന്ത് സജീവ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
സ്വന്തം പ്രദേശത്തെ ഒരു സാധാരണ സ്ത്രീയെ തന്നെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കണമെന്ന ആത്മാർത്ഥമായ ആഹ്വാനത്തോടെയാണ് അവർ ജനങ്ങളെ സമീപിക്കുന്നത്.എഞ്ചിൻ ചിഹ്നത്തിലാണ് രശ്മി മത്സരിക്കുന്നത്.
താനെ ശ്രീനഗരിൽ പ്രവർത്തിക്കുന്ന വിസ്‌ഡം ക്ലാസ്സസ് മുഖേന ഭർത്താവ് രാജഹൻസ് സാവന്തിനൊപ്പം രശ്മി സാവന്ത് വർഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് നിർണായക പങ്കാണ് വഹിക്കുന്നത്.
വിദ്യാഭ്യാസമാണ് സമൂഹമാറ്റത്തിന്റെ അടിത്തറ എന്ന അചഞ്ചലമായ വിശ്വാസത്തിലാണ് ഇരുവരുടെയും പ്രവർത്തനം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ പഠനവും അക്കാദമിക് പിന്തുണയും നൽകുന്ന പദ്ധതികൾക്ക് അവർ മുൻകൈ എടുത്തിട്ടുണ്ട്. വിജയിച്ചാൽ പ്രദേശത്ത് ഒരു ഡിജിറ്റൽ ലൈബ്രറി ആരംഭിക്കണമെന്ന സ്വപ്നവും രശ്മി തുറന്നുപറയുന്നു —
വിദ്യാഭ്യാസം എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകണമെന്ന ലക്ഷ്യത്തോടെ. കഴിഞ്ഞ നിരവധി വർഷമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ സൗജന്യമായി പഠിപ്പിച്ചുവരുന്ന രശ്മി സാവന്ത്, സൗമ്യതയും ഭവ്യതയും നിറഞ്ഞ പെരുമാറ്റത്തിലൂടെ ഇതിനോടകം തന്നെ ജനങ്ങളുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.
എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണുന്ന സമീപനമാണ് അവരെ സമൂഹത്തിൽ വേറിട്ടുനിർത്തുന്നത്. വർഷങ്ങളായുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ പ്രദേശത്തെ കുടുംബങ്ങളോടും യുവതി–യുവാക്കളോടും മുതിർന്ന പൗരന്മാരോടും ശക്തമായ ബന്ധമാണ് അവർക്കുണ്ടായിരിക്കുന്നത്. തന്റെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വിവിധ സാമൂഹിക വിഭാഗങ്ങളിലെ ജനങ്ങളും നൽകുന്ന ഈ വിശാലമായ പിന്തുണയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് രശ്മി സാവന്ത് ആത്മവിശ്വാസത്തോടെ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
