/kalakaumudi/media/media_files/2025/10/26/jdnsnsn-2025-10-26-12-09-58.jpg)
നര്‍ത്തകനും ചലച്ചിത്ര അഭിനേതാവുമാണ് ഡോ.ആര്‍.എല്‍.വി. രാമകൃഷ്ണന്‍. 2001-ല്‍ എം ജി യൂണിവേഴ്‌സിറ്റി കലാപ്രതിഭയായിരുന്നു. മോഹിനിയാട്ടത്തില്‍ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും നേടിയിട്ടുള്ള രാമകൃഷ്ണന്‍ എം ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ എം എ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. ആര്‍ എല്‍ വി കോളേജില്‍ മൂന്ന് വര്‍ഷകാലം ഗസ്റ്റ് അധ്യാപകനുമായിരുന്നു. അതോടൊപ്പം കാലടി സംസ്‌കൃത സര്‍വകലാശാലയിലും 12 വര്‍ഷത്തോളം മോഹിനിയാട്ടം വിഭാഗം ഗസ്റ്റ് ലക്ചറര്‍ ആയി പ്രവര്‍ത്തിച്ചു. കേരള കലാമണ്ഡലത്തില്‍ നിന്നും പെര്‍ഫോമിംഗ് ആര്‍ട്ട്‌സില്‍ എംഫിലും പിഎച്ച്ഡി യും ലഭിച്ചു. തുടര്‍ന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്ന് ഭരതനാട്യത്തിലും എം എ രണ്ടാം റാങ്കോടെ വിജയിച്ചു. 2021-ലെ കേരള സംഗീത നാടക അവാര്‍ഡ് ജേതാവാണ്. 2022-ല്‍ കേരള ക്ഷേത്ര കല അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 2022-ല്‍ തന്നെ സീനിയര്‍ ഫെല്ലോഷിപ്പും മോഹിനിയാട്ടത്തില്‍ ലഭിച്ചിരുന്നു. കലാഭവന്‍ മണിയുടെ സഹോദരനായ രാമകൃഷ്ണന്‍ നിലവില്‍ കേരള കലാമണ്ഡലം ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. ക്വട്ടേഷന്‍, തീറ്റ റപ്പായി, മസനഗുഡി മന്നാഡിയാര്‍ സ്പീക്കിംഗ്, പുഴ മുതല്‍ പുഴ വരെ, ചാലക്കുടികാരന്‍ ചങ്ങാതി തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങള്‍. ഈ ചിത്രത്തിലും തീറ്റ റപ്പായി എന്ന ചിത്രത്തിലും ഗാനം ആലപിച്ചിട്ടുണ്ട്. കൂടാതെ നിരവധി ആല്‍ബങ്ങളിലും അഭിനയിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്.
പുതിയ ചുമതല
/filters:format(webp)/kalakaumudi/media/media_files/2025/10/26/ndndndn-2025-10-26-12-21-48.jpg)
കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചത് വലിയ അഭിമാനവും സന്തോഷവുമുള്ള കാര്യമാണ്. ഒരു മാറ്റത്തിന്റെ പ്രതിനിധിയാകാന്‍ എന്നതില്‍ വലിയ സന്തോഷമുണ്ട്. എന്നെ പോലെ വളര്‍ന്നുവരുന്ന കലാകാരന്‍മാര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഇതൊക്കെ.
നൃത്തത്തില്‍ ജാതീയത
/filters:format(webp)/kalakaumudi/media/media_files/2025/10/26/nrnrnen-2025-10-26-12-22-35.jpg)
ഒരു പരിധിവരെ ഉണ്ടെന്ന് തന്നെയാണ് വിശ്വാസം. എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്. പ്രത്യേകിച്ചും പുരുഷ നര്‍ത്തകര്‍ ഇല്ലാ എന്നുതന്നെ പറയാം. എല്ലാം പഠിച്ചിട്ടും എങ്ങും എത്താന്‍ പറ്റാത്തവരുണ്ട് ഈ വിഭാഗത്തില്‍. അല്ലെങ്കില്‍ അവസരം ലഭിക്കുന്നില്ല. നന്നായി പരിശ്രമിച്ചു കൊണ്ടേ ഇരിക്കുക. അത് ചിലപ്പോള്‍ അവസ്ഥകളെ മാറ്റിയേക്കാം.
/filters:format(webp)/kalakaumudi/media/media_files/2025/10/26/jrjendn-2025-10-26-12-23-06.jpg)
ദളിത് വിഭാഗം ക്ലാസിക് കലകളില്‍
ദളിത് വിഭാഗങ്ങള്‍ക്ക് അവസരം കുറവാണ് ലഭിക്കുന്നത്. മാറ്റി നിര്‍ത്തുന്നുണ്ടോ എന്നു തന്നെ സംശയിക്കുന്നു. യോഗ്യത ഉണ്ടായിട്ടും പഠിക്കാനോ മറ്റോ ഉള്ള അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നുതന്നെ വിശ്വസിക്കുന്നു. എന്നാല്‍, യോഗ്യത ഇല്ലാത്തവരായ ചിലര്‍ക്ക് ഒരുപാട് അവസരം ലഭിക്കുന്നുമുണ്ട്. എന്നെ പോലെയുള്ളവര്‍ പഠിച്ച് കയറി വന്നവരാണ്. പക്ഷേ, ഇപ്പോള്‍ എനിക്ക് വേദികള്‍ കിട്ടി തുടങ്ങി. അതും 2018-ന് ശേഷം മാത്രം. പഠനം ആണ് മുഖ്യ ലക്ഷ്യം. അതില്‍ ശ്രദ്ധ കൊടുക്കുക. മോഹിനിയാട്ടം ചെയ്യുമ്പോള്‍ അക്കാദമിക് പശ്ചാത്തലം ഉണ്ടാക്കി എടുത്തു എന്നാണ് വലിയ നേട്ടം. നിരന്തരമായ പ്രയത്‌നം മൂലമാണത് സാധിച്ചത്. പുതിയ പശ്ചാത്തലം നിര്‍മ്മിക്കുക. അടിസ്ഥാനപരമായി കല ഒരു മാധ്യമമാണ്. അങ്ങനെ ചാലകം ആയി നില്‍ക്കുക. നിരന്തരം നമ്മള്‍ പ്രയത്‌നിക്കുക, മാറ്റം വരും. പിന്നെ എല്ലാ കലകളുടെയും അടിസ്ഥാനം ദളിത് വിഭാഗം തന്നെയാണ്. കലയെ കൂടുതല്‍ ജനകീയമാക്കാന്‍ അവരെ കൂടുതല്‍ ഉള്‍പ്പെടുത്തണം. ഈ വിഭാഗത്തിലെ അര്‍ഹതപ്പെട്ടവര്‍ക്ക് സ്ഥാനം കൊടുക്കണം.
/filters:format(webp)/kalakaumudi/media/media_files/2025/10/26/mdndndn-2025-10-26-12-23-36.jpg)
പ്രതിസന്ധി ഘട്ടങ്ങളില്‍
എല്ലാ വിഭാഗം ജനങ്ങളും കൂടെ നിന്നു. നാനാഭാഗത്തു നിന്നും ലഭിച്ച പിന്തുണ വളരെയധികം സന്തോഷം ഉളവാക്കുന്നു. അതിലിപ്പോള്‍ അവര്‍ണ്ണനോ സവര്‍ണ്ണനോ എന്നൊന്നും ഇല്ലാ. എല്ലാവരുടെയും, ഗുരുക്കന്മാരുടെയും അനുഗ്രഹത്താല്‍ തന്നെയാണ് പ്രൊഫസര്‍ ഒക്കെ ആകാന്‍ കഴിഞ്ഞതും. പലരുടെയും സ്‌നേഹം ലഭിച്ചു.
മോഹിനിയാട്ടത്തെ കുറിച്ച്
/filters:format(webp)/kalakaumudi/media/media_files/2025/10/26/ndndne-2025-10-26-12-25-27.jpg)
സ്ത്രീകള്‍ക്ക് മാത്രമാണ് മോഹിനിയാട്ടം എന്ന് ആരും പറഞ്ഞു വച്ചിട്ടില്ല. വിഷ്ണു രൂപം മാറിയ മോഹിനിയെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പുരുഷന്‍ സ്ത്രീവേഷത്തില്‍ അവതരിപ്പിക്കുന്നതാകണം. എന്നാല്‍, പണ്ട് ഉണ്ടായിരുന്നത് പോലെ പുരുഷന്മാരെ ആകര്‍ഷിക്കാനുള്ള ആട്ടമല്ല മോഹിനിയാട്ടം. ആ ചിന്താഗതി തെറ്റാണ്. ഇപ്പോള്‍ പഴയ മോഹിനിയാട്ടത്തിന്റെ എല്ലാ ഘടനകളും വള്ളത്തോള്‍ മാറ്റിയിരുന്നു. ഇത്തരത്തിലുള്ള ഒരു നൃത്തം വേണ്ട എന്നു പറഞ്ഞ് തിരുവിതാംകൂര്‍ ഭരണകാലത്ത് സേതുലക്ഷ്മിഭായ് ഈ നൃത്തത്തെ നിരോധിച്ചിരുന്നു. പിന്നീട് വള്ളത്തോളാണ് ഈ രീതി മാറ്റിയത്.
വള്ളത്തോള്‍ കൊണ്ടുവന്ന മാറ്റം
/filters:format(webp)/kalakaumudi/media/media_files/2025/10/26/mdndn-2025-10-26-12-25-56.jpg)
മഹാകവി വള്ളത്തോള്‍ മോഹിനിയാട്ടത്തെ മൊത്തം മാറ്റിമറിക്കുന്ന മാറ്റങ്ങളാണ് അന്ന് കൊണ്ടുവന്നത്. മോഹിനിയാട്ടം അധഃപതിക്കാന്‍ തുടങ്ങിയത് തന്നെ സ്ത്രീ ശരീരത്തില്‍ നൃത്തത്തെ കണ്ടതുകൊണ്ടാണ്. സ്ത്രീ ശരീരത്തിലെ ലാവണ്യങ്ങളെ ആസ്വദിച്ചുകൊണ്ട്, സ്ത്രീ ശരീരത്തെ ചൂഷണം ചെയ്തുകൊണ്ടാണ് മോഹിനിയാട്ടവും മോഹിനിയാട്ട കലാകാരികളും അധ:പതിച്ചത്. 1930-കളിലാണ് നവോത്ഥാനം എന്ന നിലയില്‍ നമ്മുടെ മഹാകവി വള്ളത്തോള്‍ കേരളീയ കലയായ മോഹിനിയാട്ടത്തെ പുനരുജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേരള കലാമണ്ഡലം സ്ഥാപിച്ചത്. അദ്ദേഹം ആദ്യം ചെയ്തത് അതിലെ അശ്ലീലതകളെ പാടെ തുടച്ചു മാറ്റി എന്നതാണ്. അതിലെ അതുവരെ ഉണ്ടായിരുന്ന സങ്കേതങ്ങളെ മുഴുവനായും ഒഴിവാക്കി പുതിയൊരു സങ്കേതം അദ്ദേഹം രൂപീകരിക്കുകയാണ് ചെയ്തത്. എന്നിട്ട് അദ്ദേഹം പറഞ്ഞത്, ഇനി മുതല്‍ മോഹിനിയാട്ടം അല്ലെന്നും 'കേരള നൃത്തം' എന്ന പേരില്‍ അറിയപ്പെടുമെന്നുമാണ്. ഇത് ലീല നമ്പൂതിരി എഴുതിയ 'കേരള കലാമണ്ഡലം ചരിത്ര' പുസ്തകത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷമാണ് മോഹിനിയാട്ടത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നത്.
/filters:format(webp)/kalakaumudi/media/media_files/2025/10/26/nrjrnnm-2025-10-26-12-28-41.jpg)
1932-ല്‍ ആരംഭിച്ച മോഹിനിയാട്ട കളരിയിലൂടെ പല തവണ മുങ്ങിയും താണും 1950 വരെ കഷ്ടിച്ചാണ് മോഹിനിയാട്ടം മുന്നോട്ട് നീങ്ങിയത്. പിന്നീട് ഒരുപാട് വലിയ ഗുരുക്കന്മാര്‍ വന്നു, കലാമണ്ഡലത്തില്‍. കലാമണ്ഡലം പദ്മശ്രീ സീനിയര്‍ സത്യഭാമയുടെ പരിശ്രമമായി ഒരുപാട് മാറ്റങ്ങള്‍ വന്നു അക്കാലത്ത്. അതേപോലെ കല്യാണികുട്ടിയമ്മ മോഹിനിയാട്ടത്തെ വളര്‍ത്തി കൊണ്ടു വന്നതില്‍ നല്ലൊരു പങ്ക് വഹിച്ചു. അങ്ങനെ ശൃംഗാര രസ പ്രധാനമായിരുന്ന മോഹിനിയാട്ടം പിന്നെ ഭക്തി പ്രധാനത്തിലേക്കും വന്നു. അവിടെ നിന്ന് ഇന്ന് എത്തി നില്‍ക്കുമ്പോള്‍, ഒരുപാട് കാഘട്ടത്തിന് ആവശ്യമായുള്ള മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. ഇനിയും മാറണം. മോഹിനിയാട്ടത്തില്‍ ലിംഗവിവേചനം മാറ്റി, പുരുഷന്മാരും രംഗാവതരണം ചെയ്യുന്നുണ്ട്. പണ്ട് കാലങ്ങളില്‍ കണ്ടുകൊണ്ടിരുന്ന മോഹിനിയാട്ടമല്ല, നമ്മള്‍ ഇന്ന് കാണുന്നത്. 1758-1798 കാലങ്ങളില്‍ തിരുവിതാംകൂര്‍ ഭരിച്ച കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെ സദസിലാണ്, നാടകശാലയിലാണ് മോഹിനിയാട്ടം രൂപം കൊള്ളുന്നത്. അവിടെ നിന്ന് ഇതുവരെ എത്തി നില്‍ക്കുമ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. നമ്മുടെ മോഹിനിയാട്ടത്തില്‍ മാത്രമല്ല, ഭാരതത്തിലെ എല്ലാ ക്ലാസിക് കലകളിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. തമിഴ്‌നാടിന്റെ ഭരതനാട്യത്തിലും തുടക്കത്തില്‍ അധഃപതനം സംഭവിച്ചിട്ടുണ്ട്. അവിടെയും നവോത്ഥാന നായകന്‍മാര്‍ ആണ് അതിലെ തെറ്റുകള്‍ തിരുത്തികൊണ്ടു വന്നത്. അവിടെ ഭരതന്റെ നാട്യമായ ഭരതനാട്യം ചെയ്യാന്‍ ലിംഗ വിവേചനം ഒന്നുമില്ല. സ്ത്രീകള്‍ മനോഹരമായി ചെയ്യുന്നു. ഏത് ക്ലാസിക്കല്‍ നൃത്തരൂപമായാലും അതിന്റെ പേര് ഒരു ലിംഗ വിവേചനത്തിലേക്ക് തള്ളി വിടുക എന്നത് ഒരിക്കലും സാധ്യമായ കാര്യമല്ല. ഏത് നൃത്തരൂപമായാലും അതിന്റെ ശൈലിയില്‍ ചെയ്യുക, ഒഡീസി പോലുള്ള കലാരൂപങ്ങളില്‍ വളരെയധികം തൃഭംഗി, അതായത് സ്ത്രീ ശരീരചലനങ്ങള്‍ക്ക് കൂടുതല്‍ ആക്കം ഒരുപക്ഷെ മോഹിനിയാട്ടങ്ങളെക്കാള്‍ കൂടുതല്‍ ഒഡീസ്സി നൃത്തത്തില്‍ ചെയ്യുന്നുണ്ട്. അവിടെയും വലിയ ഗുരുക്കന്മാര്‍ ഉണ്ടായിരുന്നു. അവരതിനെ അനുകരിക്കുക അല്ലെങ്കില്‍ അനുവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ഒരു കഥാപാത്രം സ്ത്രീ ആയാലും പുരുഷന്‍ ആയാലും അതിനെ അനുവര്‍ത്തിക്കുക ആണ് ചെയ്യുന്നത്. അനുകരണമാണ് കല. അപ്പോള്‍ അങ്ങനെ നിലനില്‍ക്കേ ഏത് തരത്തിലുള്ള കഥാപാത്രങ്ങളെയും അനുകരിക്കലാണ് നര്‍ത്തകന്മാര്‍ ചെയ്യുന്നത്. അതിന് മോഹിനി എന്ന പേര് ഒരിക്കലും ഒരു തടസ്സമല്ല. ചില പാരമ്പര്യവാദികളുടെ വിവരമില്ലായ്മ ആയിരിക്കാം അവരെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്നത് എന്ന് തന്നെ പറയാം. അതുകൊണ്ടാണ് അവര്‍ അങ്ങനെ സങ്കല്പിക്കുന്നത്.
മണിച്ചേട്ടന്റെ വിയോഗം പിന്നീടുള്ള വര്‍ഷങ്ങള്‍
/filters:format(webp)/kalakaumudi/media/media_files/2025/10/26/jrndndn-2025-10-26-12-26-33.jpg)
ചേട്ടന്റെ വിയോഗം കഴിഞ്ഞ് 9 വര്‍ഷമായിട്ടും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. വലിയ ഒരു ശക്തിയെയാണ് നഷ്ടപ്പെട്ടത്. അടിമുടി തകര്‍ത്തു. എല്ലാം ഇന്നലെ കഴിഞ്ഞ പോലെയാണ്. ഒരുപാട് പേര്‍ ചവിട്ടി തേക്കാന്‍ നോക്കി, ഒരുപാട് മാനസിക വിഷമങ്ങള്‍ പലരും സൃഷ്ടിച്ചു. വിദ്യാഭ്യാസം കൊണ്ട് നേടാന്‍ പറ്റുന്നത് മാക്‌സിമം ആ ഒരു തീക്കനലില്‍ നിന്ന് കൊണ്ട് തന്നെ ചെയ്യാന്‍ കഴിഞ്ഞു. അതുകൊണ്ട് സമൂഹം അംഗീകരിക്കുന്ന ഒരു ഘട്ടത്തിലേക്ക് ഇന്ന് എത്തി. അതൊക്കെ ചേട്ടന്റെ അനുഗ്രഹം മാത്രമായി ഞാന്‍ കാണുന്നു. കാരണം എന്നെ വിദ്യാഭ്യാസമുള്ള ഒരാളാക്കി മാറ്റാന്‍ ചേട്ടന്‍ ഒരുപാട് ശ്രമിച്ചിരുന്നു, ആഗ്രഹിച്ചിരുന്നു. അദ്ദേഹം എന്നില്‍ അര്‍പ്പിച്ച വിശ്വാസം എനിക്ക് നിറവേറ്റാന്‍ കഴിഞ്ഞു എന്നാണ് ഞാന്‍ കരുതുന്നത്.
മണിച്ചേട്ടന്‍ ആത്മാവ് എല്ലാം കാണുന്നുണ്ട്
/filters:format(webp)/kalakaumudi/media/media_files/2025/10/26/mrnrn-2025-10-26-12-26-59.jpg)
ഭാരതത്തിലെ തന്നെ കലാ പൈതൃകമായ കലാമണ്ഡലത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പദവി ലഭിച്ചത് വലിയൊരു നേട്ടമായി ഞാന്‍ കാണുന്നു. അദ്ദേഹം ഇതെല്ലാം കാണുന്നുണ്ട്, ഒരുപാട് സന്തോഷിച്ചിക്കുന്നുണ്ടാകും ഉറപ്പാണ്. ഒരിക്കല്‍ അദ്ദേഹവുമൊന്നിച്ചുള്ള ഒരു വേദിയില്‍ എന്നെ നിര്‍ത്തികൊണ്ട് പറഞ്ഞിട്ടുണ്ട്, ഞാന്‍ ഇല്ലെങ്കിലും നീ വലിയ നിലയില്‍ എത്തുമെന്നത്. അദ്ദേഹം അന്ന് മരണം മുന്നില്‍ കണ്ടിരുന്നോ എന്ന് പോലും ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. ഒരുപാട് വലിയ നിലയിലൊന്നും എത്തിയില്ലെങ്കിലും കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസര്‍ ആകാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല, അത് അദ്ദേഹത്തിന്റെ അനുഗ്രഹം തന്നെയാണ് എന്ന് കരുതുന്നു, വിശ്വസിക്കുന്നു.
വളര്‍ന്ന് വരുന്ന കലാകാരന്‍മാരോട്
/filters:format(webp)/kalakaumudi/media/media_files/2025/10/26/chkkmm-2025-10-26-12-27-26.jpg)
കലയെ ഒരു ജീവിത സപര്യയായി കൊണ്ടുപോവുക. കല ആനന്ദം തരുന്ന ഒന്നാണ്. അതില്‍ മദമത്സരാദികള്‍ കുത്തിനിറയ്ക്കാതെ മാനവികതയ്ക്ക്, തുല്യതയ്ക്ക് സമഭാവനയ്ക്കായി കലയെ ഉപയോഗിക്കണം. കലാകാരന്മാര്‍ സമൂഹത്തിന്റെ വാക്താക്കള്‍ കൂടിയാണ്. സമൂഹത്തിന് നല്‍കേണ്ട നല്ല പാഠങ്ങള്‍ തങ്ങളില്‍ നിക്ഷ്പിതമായ കലയിലൂടെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് കലാകാരന്മാര്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
