/kalakaumudi/media/media_files/2025/07/12/rooparevathi-2025-07-12-16-15-59.jpg)
ആരാധകർ ആവശ്യപ്പെട്ട പാട്ടുകൾക്ക് ലൈവായി വയലിൻ വായിച്ചാണ് രൂപ രേവതി ആസ്വാദകരെ പലപ്പോഴും വിസ്മയിപ്പിക്കാറുള്ളത്. വയലിനില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുവാനും തന്റേതായ ഇടം കണ്ടെത്താനും ഇതിനോടകം രൂപക്ക് കഴിഞ്ഞു എന്നതാണ് ഈ കലാകാരിയുടെ പ്രത്യേകത.
ഫ്യൂഷനുകളായും കവര്‍ സോങ്ങുകളിലൂടെയും ലക്ഷ കണക്കിന് ആരാധകരെ സൃഷ്ടിക്കാന്‍ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. ഒരിക്കൽ സംഗീത റിയാലിറ്റി ഷോയിലെ ടൈറ്റിൽ വിന്നറായ രൂപ രേവതി, മാടമ്പിയിലെ 'എന്റെ ശാരികേ' എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗായികയായത്. പിന്നീടിങ്ങോട്ട് വിവിധ ഭാഷകളിലായി 400 ലധികം സിനിമകളുടെ പശ്ചാത്തല സംഗീത വിഭാഗത്തിൽ രൂപ പ്രവർത്തിച്ചിട്ടുണ്ട്.
മലയാളം,തമിഴ്, തെലുങ്ക്, ഹിന്ദി ഇൻഡസ്ട്രികളിൽ റീ റെക്കോർഡിംഗിൽ വയലിൻ വായിക്കുന്ന രൂപ സംഗീത കച്ചേരികളിലും ജുഗൽബന്ധികളിലും ഫ്യൂഷൻ മ്യൂസിക്കിലും വയലിനിൽ ഇന്ദ്രജാലം ഒരുക്കുന്ന പെർഫോർമറാണ്. എറണാകുളത്ത് ജനിച്ച രൂപ രേവതി 5 വയസ്സ് മുതൽ ശ്രീ മാലിനി ഹരിഹരൻ, ശ്രീ താമരക്കാട് ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ ശിക്ഷണത്തിൽ കർണ്ണാടിക് സംഗീതം അഭ്യസിക്കുവാൻ തുടങ്ങിയിരുന്നു.
വിവിധ രാജ്യങ്ങളിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത് വയലിൻ മാന്ത്രികതയാൽ സംഗീതാസ്വാദകരെ അനിർവചനീയമായ അനുഭൂതിയാണ് സദസ്സിന് വയലിൻ തന്ത്രികളിലൂടെ ഈ കലാകാരി സമ്മാനിക്കാറുള്ളത്. ഈയിടെ മുംബൈയിലൊരു സ്വകാര്യ ചടങ്ങിനത്തിയ രൂപ രേവതി നഗരത്തിലും വലിയൊരു ആരാധകരെ സൃഷ്ടി ച്ചാണ് മടങ്ങിയത്.
കൃതിമത്വം അല്ലാത്ത വിനയവും ലാളിത്യവുമുള്ള രൂപ രേവതി തന്റെ പുതിയ വിശേഷങ്ങൾ കലാകൗമുദിയുമായി പങ്ക് വെക്കുന്നു
സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത് എവിടെ നിന്നായിരുന്നു?
വയലിനിൽ ശ്രീ സുനിൽ ഭാസ്കർ, വോക്കലിൽ ശ്രീ മണി ടീച്ചറും ആയിരുന്നു ആദ്യം പഠിച്ചത്.
അവതരിപ്പിക്കുന്ന സംഗീത നിശകളില്‍ പാടുകയും,വയലിൻ വായിക്കുകയും ചെയ്യും.അതിൽ കൂടുതലും സന്തോഷം പകരുന്നത് ഏതാണ്?
രണ്ടും ഒരുപോലെയാണ് എനിക്ക്.എന്നെ സംബന്ധിച്ച് 'സംഗീതം'എന്നതാണ് വിഷയം.ഏതായാലും ആൽമാർത്ഥതയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു.അതും പൂർണ്ണ തൃപ്തിയോടെ.
ഗായിക എന്നതിലുപരി വയലിൻ പെർഫോം ചെയ്യാനല്ലേ കൂടുതൽ പേരും ക്ഷണിക്കാറുള്ളത്?
രണ്ടും അവതരിപ്പിക്കാൻ ആവശ്യപ്പെടാറുണ്ട്.ഗാനമായാലും വയലിൻ ആയാലും ആവശ്യം അനുസരിച്ച് അവതരിപ്പിക്കാറുണ്ട്.
വയലിനിസ്റ്റ് ബാല ഭാസ്ക്കറുമായുള്ള അനുഭവം?
അക്കാലത്തു അദ്ദേഹത്തിന്റെ പരിപാടികളിൽ ഗായികയായി പോയിട്ടുണ്ട്.അന്ന് പല നിർദേശങ്ങളും ഉപദേശങ്ങളും തന്നിട്ടുണ്ട്.അത് ഗുണകരവും ആയിട്ടുണ്ട്.എന്‍റെ പല സംശയങ്ങളെല്ലാം അദ്ദേഹം തീർത്തു തന്നിട്ടുണ്ട്.ഒരുപാട് നല്ല ഓർമ്മകളുണ്ട് അദ്ദേഹത്തെ കുറിച്ച്. അതുല്യ കലാകാരൻ ആയിരുന്നു.
എ എം കീരവാണി സാറിന്റെ കീഴിൽ പ്രവർത്തിച്ചിട്ടുണ്ടല്ലോ അതിനെ കുറിച്ച്?
ജീവിതത്തിൽ ഞാൻ പരിചയപ്പെട്ടതിൽ ഏറ്റവും വിനീതനായ ഒരു മനുഷ്യൻ എന്ന് വേണമെങ്കിൽ പറയാം. എല്ലാ വിഭാഗം ജനങ്ങളെയും ഒരേപോലെ കാണുന്നു എന്നതാണ് ഏറ്റവും വലിയ അദ്ദേഹത്തിന്റെ പ്രത്യേകത.ഒരു വലിപ്പ ചെറുപ്പവും ഇല്ലാതെയാണ് ഓരോ വ്യക്തിയെയും അദ്ദേഹം കാണുന്നത്. സത്യം പറഞ്ഞാൽ അതെന്നെ അത്ഭുതപെടുത്തി.ഇത്രയും പ്രശസ്തനായ ഒരാൾ എന്നോട് പോലും എത്ര വിനയത്തോടെ യാണ് എന്നോട് പെരുമാറിയത് എന്നത് എനിക്ക് ഇന്നും ആശ്ചര്യമാണ്.സ്നേഹ നിധിയായ ലാളിത്യം തുളുമ്പുന്ന ഒരു പ്രതിഭ. മോൾക്ക് അവളുടെ ഒരു പിറന്നാൾ ദിനത്തിൽ ഒരു ഗാനം ആലപിക്കാൻ അവസരം കൊടുത്തത് എല്ലാം മനോഹരമായ ഓർമമ്മകളാണ്.
പൊതുവെ വയലിനിസ്റ്റ്കളിൽ കൂടുതൽ പേരും പുരുഷന്‍മാരാണ്. ഒരു സ്ത്രീ വയലിൻ വായിക്കുന്നതിൽ കൗതുകമുണ്ട് എന്ന് തോന്നിയിട്ടുണ്ടോ?
ശരിക്കും പറഞ്ഞാൽ കേരളത്തിൽ ഒരുപാട് നല്ല കഴിവുള്ള പെൺകുട്ടികളായ വയലിനിസ്റ്റുകൾ ഉണ്ട്.പലരെയും എനിക്ക് അടുത്ത് നേരിട്ടറിയാം.ഒരു കാലത്ത് പെൺകുട്ടികൾ ലൈവ് ആയി പെർഫോം ചെയ്യുന്ന കുട്ടികൾ കുറവായിരുന്നു.പക്ഷെ ഇന്നതല്ല സ്ഥിതി.പിന്നെ സ്ത്രീകൾ വയലിൻ വായിക്കുന്നത് കാണികളിൽ കൗതുകം ഉളവാക്കിയെന്നത് ശരിയാണ്.അതെന്നെ സഹായിച്ചിട്ടുമുണ്ട്.
വയലിൻ എന്നത് എന്താണ് രൂപ രേവതിക്ക്?
വയലിൻ എന്നുള്ളതല്ല, സംഗീതം എന്റെ ജീവ ശ്വാസമാണ്. സംഗീതം എനിക്ക് ശ്വാസം പോലെയായിട്ടുള്ള ഒരു കാര്യമാണ്. അതില്ലാതെ ഒരു ജീവിതമില്ല.
ഈ യാത്രയിൽ മറക്കാനാവാത്ത അനുഭവം?
എസ് പി ബി സാറിന്റെ കൂടെ യുള്ള ഒരു പരിപാടി യിലെ അനുഭവങ്ങൾ മനസ്സിൽ എന്നും നിലനിൽക്കും. ഒരിക്കൽ അദ്ദേഹത്തിന്റെയൊരു സംഗീത പരിപാടിയിൽ എനിക്ക് പാട്ട് പാടാനായി അവസരം ലഭിച്ചു.അവിടെ പോയി ഗാനമെല്ലാം ആലപിച്ചതിന് ശേഷം അദ്ദേഹം വേദിയിൽ പറയുന്നു, "രൂപ വയലിൻ നന്നായി വായിക്കുമെന്നറിയാം,ഇനി രൂപയുടെ വയലിൻ നമുക്ക് കേൾക്കാം". സത്യം പറഞ്ഞാൽ അതെനിക്ക് ലഭിച്ച ഓസ്ക്കാറായി ഞാൻ കാണുന്നു. പിന്നെ ഒരിക്കൽ മകളുടെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഒരു സമ്മാനം ലഭിച്ചത്, എല്ലാം മനസ്സിൽ ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങളാണ് എനിക്ക്.
പിന്നെ ചിത്ര ചേച്ചി അവരുടെ സപ്പോർട്ട് ഇന്നുവരെയും എനിക്കുണ്ടായിട്ടുണ്ട്.12 വർഷങ്ങളായി ചിത്ര ചേച്ചിയോടൊപ്പം സജീവമായി ഞാൻ പ്രവർത്തിക്കുന്നുണ്ട്.ഒരുപാട് സ്നേഹമാണ്. ചിത്ര ചേച്ചിയുടെ സംഗീത പരിപാടികളിൽ പലപ്പോഴും എന്‍റെ ഒരു വയലിൻ പെർഫോമൻസ് ചേച്ചി ഉറപ്പുവരുത്താറുണ്ട്.സ്വരമാധുര്യം കൊണ്ടും വിനയം കൊണ്ടും ചിത്ര ചേച്ചിയെ പോലൊരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.ജീവിതത്തിലുടനീളം എനിക്ക് എല്ലാവിധ പിന്തുണയും നൽകിയത് ചിത്ര ചേച്ചി തന്നിട്ടുണ്ട്. 2007 ൽ ഒരു റിയാലിറ്റി ഷോയിൽ ഏകദേശം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഒരു ദിവസം എനിക്കൊരു ഫോൺ കോൾ വന്നു. സംസാരിച്ചു തുടങ്ങിയപ്പോൾ മറുവശത്തു നിന്നും എന്നോടു പറഞ്ഞു ഞാൻ ചിത്രയാണ് സംസാരിക്കുന്നതെന്ന്. ചിത്ര ചേച്ചിയുടെ കോൾ യാതൊരു വിധത്തിലും പ്രതീക്ഷിക്കുന്നില്ലല്ലോ. അതുകൊണ്ടു തന്നെ ഞാൻ ചോദിച്ചു ഏത് ചിത്രയാണെന്ന്. അപ്പോൾ എന്നോടു പറഞ്ഞു, കെ.എസ്.ചിത്രയാണെന്ന്. ആ സമയത്ത് ഷോക്കടിച്ച് ബോധം പോയി നിലത്തു വീണ അവസ്ഥയിലായിരുന്നു ഞാൻ.അന്ന് ചേച്ചി എന്നോടു കുറേ സംസാരിച്ചു.റിയാലിറ്റി ഷോയിൽ ഞാൻ പാടുന്നത് കാണാറുണ്ടെന്നും പാട്ട് വളരെ ഇഷ്ടമാണെന്നു പറഞ്ഞു. പാട്ടിലുണ്ടാകുന്ന തെറ്റുകൾ സ്നേഹത്തോടെ പറഞ്ഞു അന്ന് തിരുത്തിത്തന്നതൊക്കെ ഇപ്പോഴും ഓർക്കുന്നു.ചിത്ര പിന്നെ ചേച്ചിയുടെ പരിപാടികളിൽ 30 പാട്ടുകളുണ്ടെങ്കിൽ 15 മത്തെ സെഷൻ ആയിട്ട് വയലിൻ സ്ലോട് തരും. ഇത്രയും വലിയൊരു പ്രതിഭ യായ ചിത്ര ചേച്ചിക്ക് അങ്ങനെ യൊരു ആർട്ടിസ്റ്റിനു വേണ്ടി ചെയ്ത് തരേണ്ട കാര്യമില്ല. പക്ഷെ എന്നിട്ടും നമ്മളെ പോലെയുള്ള കലാ കാരന്മാർക്ക് വേണ്ടി അവരുടെ ഒരു പ്രോഗ്രാമിൽ അവർ ഒരു സ്പേസ് തരുന്നു എന്നുള്ളത് ചേച്ചിയുടെ വലിയൊരു മഹത്വമാണ്.
വേറൊരു സംഭവം നടന്നത് ഒരിക്കൽ മൂകാംബിക ക്ഷേത്രത്തിൽ പോയപ്പോൾ അവിചാരിതമായി യേശുദാസ് സാറിനെ കാണാൻ ഇടയായതാണ്.അദ്ദേഹത്തിന്റെ 60 ആം പിറന്നാളായിരുന്നു അന്ന്.ഞാൻ വയലിൻ വായിക്കുമെന്ന് അറിഞ്ഞ അദ്ദേഹം ഒപ്പം ഇരുത്തി വയലിൻ വായിപ്പിച്ചത് ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല.
രൂപ രേവതി ആൻഡ് ദി ബാൻഡ് എന്ന സ്വന്തം ബാൻഡിനെ കുറിച്ച്?
സുമേഷ് ആനന്ദ് എന്ന കലാകാരനാണ് പ്രധാന കീബോർഡിസ്‌റ്റ്. അദ്ദേഹമൊരു എക്‌സ് നേവിയാണ്. മുൻ പ്രസിഡന്‍റായ എപിജെ അബ്‌ദുൽ കലാമിന്‍റെ മ്യൂസിക് ബാൻഡിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ട്രോംപോൺ എന്നൊരു റെയർ ഇൻസ്‌ട്രുമെന്‍റ് അദ്ദേഹം നന്നായി വായിക്കും.ഈ ഇൻസ്ട്രുമെന്‍റിൽ അദ്ദേഹം ഇന്ത്യയിലെ ഫസ്‌റ്റ് റാങ്ക് ഹോൾഡറാണ്. ജിയോ ജേക്കബ് ആണ് ഡ്രംമ്മർ.ഇദ്ദേഹം എ ആർ റഹ്മാൻ സാറിന്റെ ജയ് ഹോ ടൂറിൽ അംഗമായി രുന്നു.ജോബി പയസ് എന്ന വിഖ്യാത കലാകാരനാണ് ലീഡ് ഗിത്താറിസ്‌റ്റ്. ബേസ് ഗിത്താറിസ്‌റ്റ് ഡെൻസൺ ഫെർണാണ്ടസ് എന്ന കലാകാരനാണ്. കൃഷ്ണ പ്രസാദ് ആണ് മൃദംഗം വായിക്കുന്നത്.വളരെ ചെറുപ്പം ആയ മുടുക്കാനായ ആർട്ടിസ്റ്റ് ആണ്.ഇവരെല്ലാം അവരുടെ മേഖല കളിൽ കഴിവ് തെളിയിച്ചവരാണ്.എല്ലാവരെയും ഒരുമിച്ച് കിട്ടിയത് ഭാഗ്യമായി കാണുന്നു.
പുതിയ വിശേഷങ്ങൾ?
പുതിയ കുറച്ച് സിനിമകളിൽ റീ റെക്കോർഡിങ് വായിച്ചത് വരാൻ പോകുന്നു.കൂടാതെ രൂപ രേവതി എന്ന യൂട്യൂബ് ചാനലുണ്ട്. അതിൽ പുതിയ പാട്ടുകൾ ഇറങ്ങാൻ ഇരിക്കുന്നു.
ഒഴിവ് സമയങ്ങൾ എങ്ങനെ വിനിയോഗിക്കുന്നു?
സത്യത്തിൽ ഒഴിവ് സമയം ഇപ്പോൾ ഇല്ലാ എന്ന് തന്നെ പറയാം.എന്നിരുന്നാലും പല ഭാഷകളിലുള്ള ഗാനങ്ങൾ കേൾക്കാറുണ്ട്, അതിലെ വരികൾ വായിക്കാൻ ശ്രമിക്കാറുണ്ട്. ഇപ്പോഴും ഞാൻ സംഗീതം പഠിച്ചു കൊണ്ടിരിക്കുന്നു. വയലിനിൽ ഇപ്പോഴത്തെ എന്റെ ഗുരുക്കന്മാരാണ് ശ്രീ കലൈമാമണി എംബാർ കണ്ണൻ സാറും,ശ്രീ ഗണേഷ് രാജഗോപാലൻ സാറും.
എന്താണ് അടുത്ത ലക്ഷ്യം ഇനി, അല്ലെങ്കിൽ ഈ രംഗത്ത് എന്തെങ്കിലും ചെയ്യാനായി പദ്ധതി ഉണ്ടോ?
നല്ലൊരു മ്യൂസിഷ്യൻ ആയി തീരുക എന്ന് മാത്രമേ ലക്ഷ്യമുള്ളൂ. അത് പോളിഷ് ചെയ്ത് കൊണ്ടേ ഇരിക്കുക.അത് മാത്രമാണ് ലക്ഷ്യം. എന്റെ മാതാപിതാക്കൾ എനിക്ക് കുട്ടിക്കാലം മുതൽ ഇതുവരെയും എല്ലാവിധ പിന്തുണയും തന്നിട്ടുണ്ട്.മകൾ സംഗീത രംഗത്തുണ്ട്.ഇപ്പോൾ അതുപോലെ ഞാൻ എന്റെ മകൾക്കും അതേ സപ്പോർട്ട് കൊടുക്കുന്നു.
സംഗീതത്തിന്റെ ലോകത്തേക്ക് പ്രത്യേകിച്ചും പുതിയ തലമുറയിൽ ഉൾപ്പെട്ടവരോട് എന്താണ് പറയാൻ ഉള്ളത്?
തുടർച്ചയായി പഠിച്ചു കൊണ്ടേയിരിക്കുക എന്നതാണ്.പ്രത്യക ശ്രദ്ധ കൊടുത്താൽ മാത്രം പോര, നിരന്തരം പ്രാക്ടീസ് ആവശ്യമാണ്.പ്രയത്നിക്കണം.വർഷങ്ങളോളം പഠിച്ചാൽ തന്നെയേ ഉയർച്ച ഉണ്ടാകൂ. കഴിവുണ്ടെങ്കിൽ തീർച്ചയായും അംഗീകരിക്കപെടും.നമ്മൾ അപ്ഡേറ്റഡ് ആവുക എന്നതും വളരെ പ്രധാനമാണ് എന്ന് ഞാൻ കരുതുന്നു.