/kalakaumudi/media/media_files/2025/10/07/mmdmdmd-2025-10-07-09-05-12.jpg)
മുംബൈയിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്ന സാബു ഡാനിയേൽ(59) അന്തരിച്ചു.
ഹരിപ്പാട് സ്വദേശിയാണ്. ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
മുംബൈയിലെ പൊതുവേദികളിൽ സജീവമായിരുന്ന ഡാനിയൽ നവി മുംബൈ മുനിസിപ്പൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ചെയർമാനായും കോർപ്പറേറ്ററായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
സാബു ഡാനിയലിന്റെ വിയോഗ വാർത്ത അറിഞ്ഞ് നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.
"മുംബൈയിൽ വന്ന കാലം മുതൽ അടുത്തിടപെഴകി യിട്ടുണ്ട്. കോൺഗ്രസ് പാർട്ടിക്കും മുംബൈ നവിമുംബൈ യിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിനും അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ് " മുതിർന്ന കോൺഗ്രസ് നേതാവും എ ഐ സി സി ജോയിന്റ് സെക്രട്ടറിയുമായ മാത്യു ആന്റണി അനുശോചിച്ചു.
ഭാര്യയും രണ്ടു ആൺമക്കളും അടങ്ങുന്നതാണ് കുടുംബം. ബേലാപ്പൂരിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഇന്ന് രാവിലെ 2:30 ന് അന്ത്യം സംഭവിച്ചത്.
സാബു ഡാനിയൽ നിലവിൽ കൈരളി ആർട്സ് കൾച്ചറൽ & വെൽഫെയർ അസോസിയേഷൻ സി ബി ഡി യുടെ പ്രസിഡന്റ് ആണ്. "ഞങ്ങൾ ഒരുമിച്ച് കൈരളിയിൽ പ്രവർത്തിക്കുന്നു. കുടുംബ സുഹൃത്തു കൂടിയാണ്.മലയാളി സമൂഹത്തിന് വലിയ നഷ്ട്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. എന്ത് പ്രശ്നം ആർക്കുണ്ടെങ്കിലും അദ്ദേഹമതിന് പരിഹാരം കാണുമായിരുന്നു.അഭിമാനം, മനസ്സിന് ബലം, ഒക്കെ ആയിരുന്നു.ഒരു കാലത്ത് ഞങ്ങൾ ഒന്നിച്ചു താമസിച്ചിട്ടുണ്ട്. ഇപ്പോൾ ശൂന്യത അനുഭവിക്കുന്നു. ഉൾകൊള്ളാൻ കഴിയുന്നില്ല". സാമൂഹ്യ പ്രവർത്തകനും കൈരളി ട്രഷററുമായ ജി കോമളൻ അനുശോചിച്ചു.
"അദ്ദേഹത്തിന്റെ വിയോഗം മലയാളി സമൂഹത്തിന് കനത്ത നഷ്ടമാണ്. ഏത് കാര്യങ്ങൾക്കും ഇടപെട്ടിരുന്ന വ്യക്തിയാണ്, നാനാ ജാതി മത ഭാഷ വിഭാഗത്തിലെ ജനങ്ങൾക്കു വേണ്ടി നില നിന്നിരുന്നു.ആത്മാവിന് നിത്യ ശാന്തി നേരുന്നു".കൈരളി സെക്രട്ടറി ഇ രാമദാസൻ പ്രതികരിച്ചു.
അന്ത്യ കർമ്മങ്ങൾ ഒക്ടോബർ 9 ന് നടക്കുമെന്നും അന്നേ ദിവസം ഭൗതിക ശരീരം കൈരളിയിൽ പൊതു ദർശനത്തിന് വെക്കുമെന്നും കൈരളി സമാജം ഭാരവാഹികൾ അറിയിച്ചു.