സഹാർ മലയാളി സമാജത്തിന് സുവർണ വർഷം; ഫെബ്രുവരി 1ന് കലാസാംസ്‌കാരിക മഹോത്സവം

സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമാജത്തിന്റെ ആദ്യകാല പ്രവർത്തകരെയും മുതിർന്ന അംഗങ്ങളെയും ആദരിക്കുന്ന ചടങ്ങ് നടക്കും. കൂടാതെ എസ്.എസ്.സി / എച്ച്.എസ്.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെരിറ്റ് അവാർഡുകളും വിതരണം ചെയ്യും

author-image
Honey V G
New Update
hfnnmmm

മുംബൈ : സഹാർ മലയാളി സമാജത്തിന്റെ സുവർണ ജൂബിലി ആഘോഷം വിവിധ കലാസാംസ്‌കാരിക പരിപാടികളോടുകൂടി ഫെബ്രുവരി 1-ന് ഞായറാഴ്ച വൈകിട്ട് 4 മുതൽ അന്ധേരി മഹാകാളി കനോസ്സ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുമെന്ന് സമാജം പ്രസിഡന്റ് കെ. എസ്. ചന്ദ്രസേനനും സെക്രട്ടറി പി. കെ. ബാലകൃഷ്ണനും അറിയിച്ചു.

ആഘോഷ സമ്മേളനത്തിന്റെ മുഖ്യാതിഥിയായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുംബൈ റീജിയണൽ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേം പ്രസാദ് പങ്കെടുക്കും.

പ്രമുഖ നാടക പ്രവർത്തകനും ലോക കേരള സഭാംഗവുമായ സുരേന്ദ്രബാബു വിശിഷ്ടാതിഥിയായിരിക്കും.

സഹോദര സംഘടനകളുടെ പ്രതിനിധികൾ ആശംസാപ്രസംഗങ്ങൾ നടത്തും.

സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമാജത്തിന്റെ ആദ്യകാല പ്രവർത്തകരെയും മുതിർന്ന അംഗങ്ങളെയും ആദരിക്കുന്ന ചടങ്ങ് നടക്കും.

കൂടാതെ എസ്.എസ്.സി / എച്ച്.എസ്.സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെരിറ്റ് അവാർഡുകളും വിതരണം ചെയ്യും.

തുടർന്ന് ശ്രുതി ഇവന്റ്സിന്റെ ബാനറിൽ പ്രശസ്ത ഗായകരായ പുഷ്പരാജ് കോഴിക്കോട്, ഷിനോബ് കൊടുവള്ളി എന്നിവരും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത സായാഹ്നം അരങ്ങേറും.

സമാജം കലാവിഭാഗം, മഹിളാവിഭാഗം, മലയാളം മിഷൻ കുട്ടികൾ എന്നിവരുടെ വിവിധ കലാപരിപാടികളും സമ്മാന വിതരണവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9967904739 9820184730