/kalakaumudi/media/media_files/2025/06/28/sealaskdofkk-2025-06-28-12-02-14.jpg)
നവിമുംബൈ:നവി മുംബൈയിലെ ജൂയ് നഗറിലാണ് കഴിഞ്ഞ മൂന്ന് വർഷമായി അനാഥനായി ദുരിതാവസ്ഥയിൽ കഴിയുകയായിരുന്ന 55 കാരനായ അനൂപ് കുമാർ നായർക്ക് സീൽ ആശ്രമം തുണയായത്.
അനൂപിന്റെ ഇപ്പോഴത്തെ മോശം അവസ്ഥയെ കുറിച്ച് അനൂപ് താമസിക്കുന്ന ഹൗസിങ് സോസൈറ്റി ചെയർമാൻ എൻ ബി കെ എസിൽ ഫോൺ ചെയ്തതിനെ തുടർന്നാണ് ഈ വിവരം പുറത്ത് അറിയുന്നത്.തുടർന്ന് സമാജം ഭാരവാഹികളായ കെ ടി നായരും കെ എ കുറുപ്പും ജൂയ് നഗർ നിവാസിയും എൻ ബി കെ എസ് മെമ്പറുമായ ഗോപകുമാർ കുറുപ്പിനെ ബന്ധപെടുകയായിരുന്നു.പിന്നീട് സീൽ ആശ്രമത്തിൽ വിവരം അറിയിക്കുകയും അവരെത്തി സീൽ ആശ്രമത്തിലേക്ക് അനൂപിനെ മാറ്റുകയും ചെയ്തു. പാസ്റ്റർ കെ എം ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള രക്ഷാ പ്രവർത്തന സംഘമെത്തിയാണ് വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് അവശ നിലയിലായിരുന്ന അനൂപിനെ പുറത്തെടുത്തത്.
"വെള്ളമോ ഭക്ഷണമോ പരിചരണമോ ഒന്നുമില്ലാതെയുള്ള അവസ്ഥയിൽ ഫ്ലാറ്റിൽ കണ്ടെത്തിയ ആ അവസ്ഥ വളരെ യധികം വേദനിപ്പിക്കുകയും മനസ്സിന് അസ്വസ്ഥത ഉണ്ടാക്കിയതായും " പാസ്റ്റർ ഫിലിപ്പ് പറഞ്ഞു.
"വീട്ടിൽ വേറെ ഫർണിച്ചർ ഒന്നും തന്നെ ഇല്ലാത്തത്തിനാലാകാം കസേരയിൽ തന്നെയാണ് അനൂപ് ഉറങ്ങിയിരുന്നത് എന്ന് മനസ്സിലാകുന്നു.
അതുകൊണ്ട് തന്നെ ഇത്രയും വർഷം കസേരയിൽ ഇരുന്ന് ഉറങ്ങിയത് കൊണ്ട് കഴുത്തിനു സാരമായ ഒടിവ് വന്നിട്ടുണ്ട്.മാലിന്യക്കൂമ്പാരങ്ങൾക്കും മല മൂത്ര വിസർജനത്തിന് നടുവിലായിരുന്നു ഞങ്ങൾ കാണുമ്പോൾ, പറഞ്ഞറിയിക്കാൻ കഴിയില്ല ആ അവസ്ഥ". പാസ്റ്റർ കൂട്ടിച്ചേർത്തു.
നിലവിൽ സീൽ ആശ്രമത്തിന്റെ പരിചരണത്തിലാണ് അനൂപ്. മുൻ ATS – കസ്റ്റംസ് ജീവനക്കാരിയായ അമ്മ കോവിഡ് കാലത്താണ് മരണപ്പെട്ടത്.മാനസിക രോഗിയായിരുന്ന സഹോദരൻ ആത്മഹത്യ ചെയ്തതോടെയാണ് അനൂപിന്റെ മാനസിക നില തെറ്റിയത് എന്നാണ് ലഭിക്കുന്ന വിവരം. പിതാവ് വി. പി. കുട്ടികൃഷ്ണൻ നായർ (മുൻ ടാറ്റാ പിആർഒ) മൂന്ന് വർഷം മുൻപ് മരിച്ചതിന് ശേഷം അനൂപ് ഫ്ലാറ്റിൽ ഒറ്റപ്പെടുകയായിരുന്നു. അതേസമയം LIC ഏജന്റായ ഒരു സ്ത്രീ അനൂപിനെ ചൂഷണം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.അനൂപിന്റെ അന്ധേരിയിലുള്ള സ്വത്തുക്കൾ വിൽക്കപ്പെട്ടതിൽ ഇവരുടെ പങ്കുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. നെരൂളിലെ ഫ്ലാറ്റും കൈവശപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവെന്നും കേരളത്തിൽ നിന്നും അനൂപിന്റെ വിവരം അറിഞ്ഞെത്തിയ ബന്ധുക്കൾ അറിയിച്ചു.
"ഏറ്റവും വലിയ സാമൂഹിക സൗഹൃദങ്ങൾ പുലർത്തുന്നു എന്നവകാശപ്പെടുന്ന മലയാളി സമൂഹത്തിൽ ഒരു മലയാളി ഒറ്റയ്ക്ക് മൂന്നു നാല് വർഷങ്ങൾ അനാഥനായി ദുരിതം പേറി കഴിഞ്ഞു എന്നത് തന്നെ ഞെട്ടിക്കുന്ന വസ്തുതയാണ്, '' സീവുഡ്സ് നിവാസിയാണ് ഇ കെ സുനിൽ എന്ന സാമൂഹിക പ്രവർത്തകൻ പറയുന്നു.
"ഒരു മലയാളി മറ്റൊരു മലയാളിയെ ചേർത്തു പിടിക്കേണ്ടതുണ്ട്. ഭാഷയുടെ പേരിൽ മറുനാട്ടിൽ ഒന്നായി നിൽക്കുന്ന നമ്മൾ പരസ്പരം തുണയായി കഴിയേണ്ടതു തന്നെയാണ്.മലയാളി സമാജങ്ങളും മറ്റു സാമൂഹിക സംഘടനകളും കൂടുതൽ ഉണർന്നു പ്രവർത്തേക്കണ്ടതും കൂട്ടത്തിലുള്ളവർക്ക് എന്ത് സംഭവിക്കുന്നു എന്നതിൽ ഇനിയും ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു," സാമൂഹിക പ്രവർത്തകൻ കൂടിയായ സുനിൽ പറഞ്ഞു.
അടിസ്ഥാനപരമായി മലയാളി സമാജങ്ങളും സംഘടനകളും നിലകൊള്ളുന്നത് തന്നെ പരസ്പര സഹകരണത്തിനും സാന്ത്വനത്തിനും സ്നേഹാന്വേഷണങ്ങൾക്കുമാണെന്നും സുനിൽ പറഞ്ഞു.
അതേസമയം മലയാളി ജനസാന്ദ്രത ഏറ്റവും കൂടിയ നവി മുംബൈയിലെ ഒരു മലയാളി ചികിത്സയും, ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാതെ 3 വർഷമായി ഒറ്റപ്പെട്ടുപോയ സംഭവം വളയരെയധികം ഞെട്ടലുളവാക്കുന്നതാണെന്ന് ഫെയ്മ ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമായ കെ വൈ സുധീർ പ്രതികരിച്ചു.
പ്രവാസി സമൂഹത്തിനിടയിൽ ഇതേ രീതിയിലുളള ഒറ്റപ്പെടലുകൾ ഇനിയും ഉണ്ടാകാതിരിക്കുവാനും അതിൽ യഥാസമയം ഇടപെടുവാനും പ്രവാസി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും കൂടുതൽ ജാഗരൂകരാകണമെന്നും സുധീർ അഭിപ്രായപെട്ടു.